You are here:

Muhammed Koya C. H

ജനഹൃദയങ്ങളില്‍ ജീവിച്ച കര്‍മ്മധീരനായ രാഷ്ട്രീയ നേതാവും ഉജ്ജ്വല വാഗ്മിയും ഉള്‍കാഴ്ചയുള്ള പത്രപ്രവര്‍ത്തകനുമായിരുന്നു സി.എച്ച്. മുഹമ്മദ്‌കോയ. കോഴിക്കോട് ജില്ലയിലെ അന്തോളി ഗ്രാമത്തില്‍ ആലി മുസ്ല്യാരുടെയും മറിയോമ്മയുടേയും സീമന്ത പുത്രനായി 1927 ജൂലൈ 15 ന് ജനിച്ചു.
പാച്ചന്‍ മാസ്റ്റര്‍ നടത്തിയ കൊണ്ടൂര്‍ എയിഡഡ് എലിമെന്ററി സ്‌കൂളിലും വേളൂര്‍ മാപ്പിള എലിമെന്ററി സ്‌കൂളിലും കൊയിലാണ്ടി ബോര്‍ഡ് ഹൈസ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോഴിക്കോട് സാമൂതിരി കോളേജില്‍ 1943 ല്‍ ഇന്റര്‍ മീഡിയറ്റിന് ചേര്‍ന്നു. അക്കാലത്ത് തലശ്ശേരിയില്‍നിന്നും പ്രതിവാര പത്രമായി പ്രസിദ്ധീകരിച്ച ചന്ദ്രികയിലും ന്യൂ ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിച്ച ഡോണിലും മദിരാശിയില്‍ നിന്നും പ്രസിദ്ധീകരിച്ച ഡെക്കാന്‍ ടൈംസിലും കുറിപ്പുകളെഴുതി. എം.കെ. അത്തോളി എന്ന തൂലികാ നാമത്തിലും തൂലിക ചലിപ്പിച്ചു. സാമൂതിരി കോളേജിലെ ഏറ്റവും ശ്രദ്ധേയനായ വിദ്യാര്‍ത്ഥിയായിരുന്നു സി.എച്ച്.
1949 ലായിരുന്നു കാര്‍മോട്ടില്‍ അബൂബക്കര്‍ഹാജിയുടെ പുത്രി ആമിനയെ വിവാഹം ചെയ്തത്. സി.എച്ച്. -ആമിന ദമ്പതികള്‍ക്ക് ആദ്യ പ്രസവത്തിലെ നാല് മക്കളും മരിച്ചുപോയി. പിന്നീട് ഉണ്ടായ മക്കളില്‍ ഏക മകനാണ് 1962 ആഗസ്റ്റ് മാസത്തില്‍ ജനിച്ച മുനീര്‍. 1957 ല്‍ ജനിച്ച ഹൗസ്യയും 1965 ല്‍ ജനിച്ച ഫരീദയുമാണ് മുനീറിന്റെ സഹോദരിമാര്‍.     
1946 ല്‍ ചന്ദ്രിക പത്രാധിപ സമിതിയില്‍ അംഗമായ സി.എച്ച്. 1949 ല്‍ പത്രാധിപരായി. 1961 ല്‍ അഞ്ചുമാസക്കാലം കേരള നിയമസഭാ സ്പീക്കറായി. സ്പീക്കര്‍ സ്ഥാനത്തുനിന്ന് രാജി വച്ചു തിരിച്ചുവപ്പോള്‍ ചന്ദ്രികയുടെ ചീഫ് എഡിറ്റര്‍ പദവി ഏറ്റെടുത്തു.
അമ്പതുകളുടെ ആദ്യംമുതല്‍ മലബാര്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റായി സി.എച്ച്. പ്രവര്‍ത്തിച്ചു. സി.പി. ശ്രീധരനായിരുു സെക്രട്ടറി. പിന്നീട് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് സംഘടന രൂപപ്പെട്ടപ്പോള്‍ എന്‍.വി. കൃഷ്ണവാര്യര്‍ പ്രസിഡന്റും സി.എച്ച്. വൈസ് പ്രസിഡന്റുമായി ഇക്കാലങ്ങളില്‍ മാതൃഭൂമിയിലും മറ്റു പ്രസിദ്ധീകരണങ്ങളിലും ചരിത്രലേഖനങ്ങളും വിമര്‍ശനങ്ങളും പുസ്തക നിരൂപണങ്ങളും സാഹിത്യ ലേഖനങ്ങളും എഴുതി. പത്ര പ്രവര്‍ത്തക യൂണിയന്‍ സമ്മേളനങ്ങളില്‍ പ്രതിനിധികള്‍ക്ക് ആവേശമായിരുന്നു സി.എച്ച്. ഉള്‍ക്കൊള്ളാവുന്ന പരിഷ്‌കാരങ്ങളെ സി.എച്ച്. പ്രോത്സാഹിപ്പിച്ചു. പുതിയ തലമുറയ്ക്ക് പ്രചോദനവും പ്രോത്സാഹനവും നല്‍കി. പത്രാധിപന്മാരുടേയയും പത്രപ്രവര്‍ത്തകരുടേയും കാര്യം ചര്‍ച്ച ചെയ്യുമ്പോഴൊക്കെ മന്ത്രിയായ സി.എച്ച്. പത്രപ്രവര്‍ത്തകനായും പത്രാധിപരായും മാറുമായിരുന്നു. പത്രപ്രവര്‍ത്തനം പഠിക്കാനും പയറ്റാനുമായി നിരവധിപേരെ സി.എച്ച്. ചന്ദ്രികയില്‍ കൊണ്ടുവന്നു. തെരഞ്ഞെടുപ്പു കേസ്സില്‍ സി.എച്ച്. നെതിരെ വിധി പ്രസ്താവിച്ചുകൊണ്ട് ഹൈക്കോടതി ജഡ്ജി പരാമര്‍ശിച്ചത് കോയ എന്നുപറഞ്ഞാല്‍ ചന്ദ്രികയും ചന്ദ്രിക എന്നുപറഞ്ഞാല്‍ കോയയും ആണൊയിരുന്നു. പിന്നീട് സുപ്രീംകോടതി വിധി തള്ളിക്കളഞ്ഞുവെങ്കിലും ചന്ദ്രികയും സി.എച്ചും തമ്മിലുള്ള ബന്ധം ജഡ്ജിയുടെ പരാമര്‍ശത്തില്‍ അടയാളപ്പെട്ടുകിടന്നു.
സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പ്രഗത്ഭനായ സുഹൃത്തായിരുന്നു സി.എച്ച്. പല സമ്മേളനങ്ങളിലും അദ്ദേഹം അദ്ധ്യക്ഷം വഹിച്ചിട്ടുണ്ട്. ഗ്രന്ഥശാല പ്രസ്ഥാനത്തിന് അദ്ദേഹത്തിന്റെ പരിരക്ഷഒരിക്കലും മറക്കാനാവില്ല. കേരള ഹിസ്റ്ററി അസോസിയേഷനും അതിന്റെ ചരിത്ര നിര്‍മ്മാണപദ്ധതിയും വിജയിപ്പിച്ചത് സി.എച്ചിന്റെ താല്പര്യമാണ്. കേരള സാഹിത്യ അക്കാദമിയുടെ വളര്‍ച്ചയ്ക്ക് വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ കനത്ത സംഭാവനകളര്‍പ്പിച്ച ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ യാത്രാവിവരണരംഗത്ത് സി.എച്ച്. നല്‍കിയ സംഭാവന സഞ്ചാര സാഹിത്യത്തിന് മുതല്‍കൂട്ടായി. സഞ്ചാര സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാടിനെ പാര്‍ട്ടി സഹായത്തോടെ പാര്‍ലിമെന്റിലേക്കയച്ചപ്പോള്‍ പാരിതോഷികമായി ആവശ്യപ്പെട്ടത് ചന്ദ്രിക ആഴ്ചപ്പതിപ്പിലേക്ക് പാര്‍ലിമെന്റ് പശ്ചാത്തലമാക്കി ഒരു നോവലാണ്. (നോര്‍ത്ത് അവന്യു എന്ന നോവല്‍ രൂപപ്പെട്ടത് അങ്ങിനെയാണ്). എഴുത്തുകാരോടും കലാകാരന്മാരോടും വിദ്യാഭ്യാസ പ്രവര്‍ത്തകരോടും പത്രപ്രവര്‍ത്തകരോടും അദ്ദേഹത്തിന് അപാരമായ ആദരവായിരുന്നു. ചിത്രരചനയില്‍ തല്പരനായ സി.എച്ച്. ചിത്രകലയേയും കാര്‍ട്ടൂണുകളേയും കാര്‍ട്ടൂണിസ്റ്റുകളേയും അതിരറ്റ് ബഹുമാനിച്ചു. പത്രപ്രവര്‍ത്തനം സര്‍ഗ്ഗാത്മകമായ സാഹിത്യരചനയ്ക്കുള്ള കഴിവിനെ കെടുത്തുന്നുവെന്ന ധാരണ തിരുത്തിയത് സി.എച്ചാണ്. ഒരു നല്ല പത്രാധിപനും നല്ല സാഹിത്യകാരനും അദ്ദേഹത്തില്‍ സമഞ്ചസമായി സമ്മേളിച്ചു. ഇരുപത്തിയെട്ടാമത്തെ വയസ്സിലാണ് സി.എച്ചിന്റെ ആദ്യ പുസ്തകം പുറത്തിറങ്ങിയത്. 1955 ല്‍ പ്രസിദ്ധീകരിച്ച ലിയാഖത്ത് അലീഖാന്‍. 1960 ല്‍ ഹജ്ജ് യാത്രയേക്കുറിച്ച് എന്റെ ഹജ്ജ് യാത്ര എന്ന ഗ്രന്ഥവും പുറത്തിറക്കി. കേരള നിയമസഭ സമാജികനായിരിക്കെ 1962 ല്‍ നിയമസഭാ ചട്ടങ്ങള്‍ എന്ന ഗ്രന്ഥമെഴുതി. 1965 ലാണ് ഞാന്‍ കണ്ട മലേഷ്യ എന്ന യാത്രാവിവരണഗ്രന്ഥം എഴുതിയത്. 1961 ല്‍ കൊ-ലണ്ടന്‍ കെയ്‌റോ എന്ന യാത്രാ വിവരണ ഗ്രന്ഥത്തിന്റെ ആദ്യപതിപ്പിറങ്ങി. 1973 ല്‍ ശ്രീലങ്കയില്‍ അഞ്ചുദിവസവും 1974 ല്‍ സൊവ്യറ്റ് യൂണ്യനില്‍ എന്ന പുസ്തകവും 1977 ല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ എന്ന പുസ്തകവും പുറത്തിറങ്ങി. സി.എച്ചിന്റെ യാത്രാവിവരണഗ്രന്ഥങ്ങളെ അപഗ്രഥിച്ച് പത്രപ്രവര്‍ത്തകനായ റഹ്മാന്‍ തായലങ്ങാടി സഞ്ചാര സാഹിത്യകാരനായ സി.എച്ച്. എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1982 ല്‍ ലിബിയന്‍ യാത്രയെക്കുറിച്ച് ലിബിയന്‍ ജമാഹിരിയയല്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെ മുസ്ലീം ഭരണകാലം കഥകളിലൂടെ എന്ന ഗ്രന്ഥവും 1982 ലാണ് പുറത്തിറങ്ങിയത്.

 

Previous:
Next: