ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മീഡിയ അക്കാദമികളുടെ കൂട്ടായ്മയ്ക്ക് പദ്ധതി
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മീഡിയ അക്കാദമികളുടെ കോണ്‍ഫെഡറേഷന്‍ രൂപീകരിക്കാന്‍ പദ്ധതി തയ്യാറാക്കുമെന്ന് കര്‍ണാടക മീഡിയ അക്കാദമി ചെയര്‍മാന്‍ എം.എ.പൊന്നപ്പ പറഞ്ഞു. പ്രവര്‍ത്തനമേഖലയിലെ സഹകരണവും അഭിവൃദ്ധിയും ഉറപ്പാക്കാനാണ് ഇത്. കൊച്ചിയില്‍ കേരള – കര്‍ണാടക മീഡിയ അക്കാദമികളുടെ സംയുക്തയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവര്‍ത്തനം മൂല്യാധിഷ്ഠിതമാണെന്നും മൂല്യങ്ങള്‍ സംരക്ഷിക്കാതെ ഈ മേഖലയിലുള്ളവര്‍ക്ക് നിലനില്‍പ്പില്ലെന്നും പൊന്നപ്പ അഭിപ്രായപ്പെട്ടു. മാധ്യമവിദ്യാര്‍ത്ഥികള്‍ ആധുനിക സാങ്കേതികവിദ്യയില്‍ പ്രാവീണ്യം നേടണം. സ്‌പോര്‍ട്‌സ്, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ അവഗാഹം നേടാന്‍ ശ്രമിക്കണം. ഇന്ത്യയിലെ പത്രങ്ങള്‍ നിലനില്‍പ്പിനെപ്പറ്റി ആശങ്കപ്പെടേണ്ടതില്ല. കര്‍ണ്ണാടകത്തില്‍ മഹാത്മാഗാന്ധിയുടെ പേരില്‍ മാധ്യമസര്‍വകലാശാല ആരംഭിക്കുന്നത് സംബന്ധിച്ച് ഗൗരവപൂര്‍ണമായ ആലോചന നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേരള മീഡിയ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ സെര്‍ജി ആന്റണി അധ്യക്ഷത വഹിച്ചു. കേരള അക്കാദമി മുന്‍ ചെയര്‍മാന്‍ വി.പി.രാമചന്ദ്രന്‍, ഭരണസമിതിയംഗം ഇ.പി.ഷാജുദ്ദീന്‍, ഇ.ടി.വി. കറസ്‌പോണ്ടന്റ് ചെന്ന ബാസവണ്ണ, എന്നിവര്‍ ആശംസ നേര്‍ന്നു. കേരള മീഡിയ അക്കാദമി സെക്രട്ടറി എ.എ.ഹക്കിം സ്വാഗതവും കര്‍ണ്ണാടക മീഡിയ അക്കാദമി സെക്രട്ടറി എസ്. ശങ്കരപ്പ നന്ദിയും പറഞ്ഞു.
സാംസാകാരിക-അക്കാദമിക ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള മീഡിയ അക്കാദമി സന്ദര്‍ശിച്ച കര്‍ണാടക മീഡിയ അക്കാദമി മാധ്യമ- ഉദ്യോഗസ്ഥസംഘത്തിന് ഊഷ്മളസ്വീകരണം നല്‍കി.
‘മലയാള പത്രപ്രവര്‍ത്തനത്തിന്റെ നാഴികക്കല്ലുകള്‍’ എന്ന വിഷയത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം.രാമചന്ദ്രന്‍ പ്രസന്റേഷന്‍ നടത്തി. കേരള മീഡിയ അക്കാദമിയുടെ ചരിത്രം രേഖപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദര്‍ശനവും ഇതോടനുബന്ധിച്ച് ഉണ്ടായിരുന്നു.