മാധ്യമങ്ങള്‍ സെന്‍സേഷണലിസം വിട്ട് സെന്‍സിറ്റൈസേഷന്റെ പാത സ്വീകരിക്കണം ഡോ. ഷീന ഷുക്കൂര്‍
വാര്‍ത്തകളിലൂടെ ജനങ്ങളെ ബോധവത്കരിക്കുകയും വിവരങ്ങള്‍ സംവേദനക്ഷമമാക്കുകയുമാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടതെന്നും അവ സെന്‍സേഷണലിസം വിട്ട് സെന്‍സിറ്റൈസേഷന്റെ പാത സ്വീകരിക്കണമെന്നും മഹാത്മാഗാന്ധി സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ പറഞ്ഞു. കൊച്ചിയില്‍ കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന മാധ്യമവിദഗ്ധരുടെ സംവാദമായ പെഡ്‌ജേണ്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
അനുവാചകരെ അമ്പരപ്പിക്കുന്നതാകരുത് വാര്‍ത്തകള്‍. ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍, ആരെയും ചോദ്യം ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഇതു ദുരുപയോഗം ചെയ്യുന്ന അവസ്ഥ ഇന്ന് വര്‍ധിച്ചുവരികയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവദിച്ചിട്ടുളള സ്വതന്ത്ര്യം സമൂഹത്തിനു പ്രയോജനപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയണം.
വാര്‍ത്തകള്‍ക്കു വേണ്ടിയുള്ള മത്സരം മുറുകിയതോടെ മാധ്യമങ്ങള്‍ക്കെതിരെ ആരോപണങ്ങളും ശക്തമാകുകയാണ്. മാധ്യമപ്രവര്‍ത്തകരെ ജനങ്ങള്‍ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകരുത്. മാധ്യമങ്ങള്‍ ദൈനംദിന അജണ്ടകള്‍ സൃഷ്ടിക്കുന്ന അവസ്ഥയാണിന്നുള്ളത്. സമൂഹത്തിനു ഗുണകരമായ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകരെ വാര്‍ത്തെടുക്കാന്‍ മാധ്യമപഠനമേഖലയിലെ അധ്യാപകര്‍ക്കു കഴിയണമെന്ന് ഡോ. ഷീന ഷുക്കൂര്‍ പറഞ്ഞു.
കേരള മീഡിയ അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി എ.എ. ഹക്കിം, കേരള പത്രപ്രവര്‍ത്തകയൂണിയന്‍ സെക്രട്ടറി കെ.ഡി. ഹരികുമാര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം. രാമചന്ദ്രന്‍, അസിസ്റ്റന്റ് സെക്രട്ടറി കെ.ആര്‍. പ്രമോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
മാധ്യമവിദ്യാഭ്യാസ മേഖലയിലുണ്ടാകേണ്ട അനിവാര്യമായ മാറ്റങ്ങളെക്കുറിച്ച് ക്യാമ്പില്‍ ചര്‍ച്ചകള്‍ നടന്നു. ഡോ. സുഭാഷ് കെ., ഡോ. എം.എസ്. ഹരികുമാര്‍, മുന്‍ എം.പി. ഡോ. സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു.
മാധ്യമപഠനമേഖലയിലെ വിദഗ്ധരും കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ജേര്‍ണലിസം അധ്യാപകരുമാണ് മൂന്നു ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കുന്നത്.