മാധ്യമവിചാരണ വേണ്ട; ചര്‍ച്ചമതി: ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍

New1
മാധ്യമങ്ങളില്‍ ജനങ്ങളെ വിചാരണ ചെയ്യുന്ന രീതി നന്നല്ലെന്നും ചര്‍ച്ചാശൈലിയാണ് അഭികാമ്യമെന്നും ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍. കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ 2014-15 ബാച്ചിന്റെ സന്നദ് ദാനവും സ്‌കോളര്‍ ഇന്‍ കാമ്പസ് പ്രഭാഷണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ശമ്പള കമ്മീഷന്‍ ചെയര്‍മാന്‍. മാധ്യമചര്‍ച്ചകള്‍ സമൂഹനന്മ ലക്ഷ്യമാക്കിയുള്ളതാകണം. ചാനല്‍ ചര്‍ച്ചകള്‍ ജനങ്ങളെ ടി.വിക്ക് മുന്നില്‍ പിടിച്ചിരുത്താന്‍ വേണ്ടിയാകരുത്. വിവാദങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുമ്പോള്‍ സത്യം ബലികഴിക്കപ്പെടുകയാണ് – അദ്ദേഹം പറഞ്ഞു. മാധ്യമവിചാരണയുടെ ഇരകള്‍ ഏറെയുണ്ട്. തരം താഴ്ന്ന പരാമര്‍ശങ്ങളില്‍, വേട്ടയാടലുകളില്‍ ബലിയാടുകളായവര്‍ നിരവധിയാണ്. വിവാദങ്ങള്‍ക്ക് വേണ്ടിയുള്ള ഗൂഡാലോചനയുടെ ഇരകളാകുന്നവര്‍ക്ക് നിയമപരിരക്ഷയില്ല. മാധ്യമചര്‍ച്ചകള്‍ ജുഡീഷ്യറിയെയും ജനങ്ങളെയും വഴിതെറ്റിക്കുന്നതാകരുത്.

ഉത്തരവാദിത്വമില്ലാത്ത സ്വാതന്ത്ര്യമാണ് ഇന്നത്തെ മാധ്യമങ്ങള്‍ക്കുള്ളത്. പല മാധ്യമങ്ങള്‍ക്കും വിവാദങ്ങള്‍ മാത്രമാണ് വേണ്ടത്. പല കേസുകളിലും കോടതിയില്‍ വിചാരണ നടക്കുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങള്‍ വിധിപറയുന്ന അവസ്ഥയാണുള്ളത്. ഇത് ശരിയല്ല. ഇരുതല മൂര്‍ച്ചയുള്ള കത്തിയായി മാധ്യമവ്യവസായം മാറിക്കഴിഞ്ഞു.
അതേസമയം മാധ്യമ നന്മയ്ക്കും അതിരുകളില്ല എന്ന് അദ്ദേഹം പറഞ്ഞു. അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍, ദുരന്തമേഖലകളില്‍ സഹായമെത്തിക്കാന്‍, ദുരിത മനുഭവിക്കുന്ന സഹജീവികളെ സഹായിക്കാന്‍ എല്ലാം മാധ്യമങ്ങള്‍ മുന്നിട്ട്് നില്‍ക്കുന്നുണ്ട്.

മാധ്യമങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് ഇന്ത്യയില്‍ കേസെടുക്കുന്നത് അപൂര്‍വ്വമാണ്. മാധ്യമങ്ങളും വിചാരണ നേരിടുന്ന കാലമാണ്. ഇത് മനസിലാക്കി വിശ്വാസ്യത വീണ്ടെടുക്കുകയാണ് വേണ്ടത്. മാധ്യമങ്ങള്‍ വന്‍വ്യവസായമായി മാറിയതോടെ വാര്‍ത്തകള്‍ പോലും സ്‌പോസര്‍ ചെയ്യപ്പെടുന്ന അവസ്ഥയാണ്. പണമില്ലാതെ മുമ്പോട്ട് പോകാനാവില്ല എന്ന അവസ്ഥയുണ്ടെങ്കിലും വിശ്വാസ്യത ബലികഴിക്കപ്പെടരുത്. മത്സരത്തിനിടയില്‍ മാധ്യമധര്‍മ്മവും വിശ്വാസ്യതയും മറന്നുപോകുന്നത് പുതുതലമുറ മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.

കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി അധ്യക്ഷത വഹിച്ചു. ഡോ. എം.ലീലാവതി ഭദ്രദീപം തെളിയിച്ചു. അക്കാദമി സെക്രട്ടറി എ.എ.ഹക്കിം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം.രാമചന്ദ്രന്‍, അസി.സെക്ര’റി കെ.ആര്‍.പ്രമോദ്കുമാര്‍, അധ്യാപകരായ കെ.ഹേമലത, കെ.അജിത്, എം.ജി.ബിജു, എ.കനകലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

ഒന്നാം റാങ്കുകാരായ രതീഷ് വി.ടി, നിമിഷ എം.എന്‍, മിഥുന്‍ എസ് എന്നിവര്‍ കേരള മീഡിയ അക്കാദമി കാഷ് അവാര്‍ഡിനും രണ്ടാം റാങ്കുകാരായ കാര്‍ത്തിക ബി.പി, അവനീത് വിഷ്ണു എസ്, കാര്‍ത്തിക് ടി.എം. എന്നിവര്‍ എം.എന്‍.ശിവരാമന്‍ നായര്‍ മെമ്മോറിയല്‍ കാഷ് അവാര്‍ഡിനും അര്‍ഹരായി. പി.എസ്.ജോ മെമ്മോറിയല്‍ കാഷ് അവാര്‍ഡ് മൂന്നാം റാങ്കുകാരായ അമല്‍ കെ.ആര്‍, അഖില്‍ എം.കെ, അഖിലശ്രീ ജെ എന്നിവര്‍ക്ക് സമ്മാനിച്ചു. രതീഷ് വി.ടി, മിഥുന്‍ ജോസ് എന്നിവര്‍ക്ക് ഡോ.സി.പി.മേനോന്‍ സ്മാരക കാഷ് അവാര്‍ഡും കാര്‍ത്തിക ബി.പി ക്ക് കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് സ്മാരക കാഷ് അവാര്‍ഡും സമ്മാനിച്ചു. മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ടി.കെ.ജി. നായര്‍ സ്മാരക കാഷ് അവാര്‍ഡിന് നൊമിനിറ്റ ജോസ്, ശ്രീഷ്മ വി.എം, നിഥിന്‍ദാസ് ടി.വി. എന്നിവര്‍ അര്‍ഹരായി. 2014-15 ബാച്ചിലെ ജേര്‍ണലിസം ആന്റ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിംഗ്, ടി.വി.ജേര്‍ണലിസം, വീഡിയോ എഡിറ്റിംഗ് കോഴ്‌സുകളിലെ 106 വിദ്യാര്‍ത്ഥികളാണ് സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങിയത്.