മാധ്യമ മേഖലയിലെ തൊഴില്‍പ്രതിസന്ധി പരിഹരിക്കാന്‍ കൂട്ടായ ശ്രമം വേണം: മന്ത്രി കെ.സി. ജോസഫ്

group media awardമാധ്യമ ലോകത്തെ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ കൂട്ടായ ശ്രമം വേണമെ് പിആര്‍ഡി മന്ത്രി കെ.സി. ജോസഫ്. കേരള മീഡിയ അക്കാദമിയുടെ 2014ലെ മാധ്യമ അവാര്‍ഡ് വിതരണം കോട്ടയം പ്രസ് ക്ലബില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വേജ് ബോര്‍ഡ് നിയമങ്ങള്‍ പാലിക്കാതെ മാധ്യമ പ്രവര്‍ത്തകരെ കരാര്‍ അടിസ്ഥാനത്തില്‍ ദീര്‍ഘകാലം ജോലി ചെയ്യിക്കുന്നത് അരക്ഷിതാവസ്ഥയും പ്രതിസന്ധിയും സൃഷ്ടിക്കുമെന്ന് സമീപകാല സംഭവങ്ങള്‍ ഉദാഹരിച്ച് അദ്ദേഹം വ്യക്തമാക്കി. കോടതി റിപ്പോര്‍ട്ടിങ് പോലുള്ള ഗൗരവമായ വാര്‍ത്തകള്‍ പോലും ഭാവനയ്ക്ക് അനുസരിച്ച് ചില മാധ്യമങ്ങളെങ്കിലും വളച്ചൊടിക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ വളര്‍ച്ചയ്ക്ക് വിമര്‍ശനം അനിവാര്യമാണ്. എന്നാല്‍ അത് വസ്തുനിഷ്ഠവും സത്യസന്ധവുമായിരിക്കണം. അജണ്ടകള്‍ മുന്‍കൂട്ടി തീരുമാനിക്കപ്പെടുമ്പോള്‍ ഇല്ലാതാകുന്നത് മാധ്യമ ധര്‍മ്മമാണ്- അദ്ദേഹം പറഞ്ഞു.

നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനം ജനമനസ്സുകളില്‍ എന്നും നിലനില്‍ക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വനം-ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പറഞ്ഞു. തിരുത്താനോ തിരിച്ചെടുക്കാനോ കഴിയാത്ത ബ്രേക്കിങ് ന്യൂസുകളുടെ കാലത്ത് വാര്‍ത്തകള്‍ സത്യസന്ധമല്ലെങ്കില്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ വിശ്വാസ്യതയെ തന്നെ സമൂഹം ചോദ്യം ചെയ്യും. പഴയ തലമുറയിലെ മാധ്യമ പ്രവര്‍ത്തകരുടെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ പുതിയ തലമുറ ശ്രമിക്കണം -അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണി എംപി മുഖ്യാതിഥിയായിരുന്നു.

മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തനത്തിന് ‘ഞങ്ങള്‍ക്കും ആ ശങ്ക’ എന്ന പരമ്പര റിപ്പോര്‍ട്ട്് ചെയ്ത ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ പി.ആര്‍. പ്രവീണയും ‘നമുക്ക് ഇങ്ങനെയെന്നാും ആകാതിരിക്കാം’ എന്ന അടിക്കുറിപ്പോടെ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ചിത്രത്തിന് സീനിയര്‍ ഫോട്ടോഗ്രാഫര്‍ ബിജു വര്‍ഗീസും മീഡിയ അക്കാദമി അവാര്‍ഡ് ഏറ്റുവാങ്ങി. മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് ‘വാര്‍ദ്ധക്യം ഭാരമാകുമ്പോള്‍’ എന്ന മുഖപ്രസംഗത്തിന്് ചന്ദ്രിക സീനിയര്‍ സബ് എഡിറ്റര്‍ എ.പി. ഇസ്മായിലും മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് ‘സെക്രട്ടേറിയറ്റ് വളരുന്നു, ഭരണം തളരുന്നു’ എന്ന ലേഖന പരമ്പരയ്ക്ക് മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എസ്.എന്‍. ജയപ്രകാശും ഏറ്റുവാങ്ങി. ദീപിക ചീഫ് റിപ്പോര്‍ട്ടര്‍ ജോസ് വേങ്ങത്തടം ‘ആകാശം തൊട്ട സ്വപ്നം’ എന്ന ഫീച്ചറിന് മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍. എന്‍. സത്യവ്രതന്‍ അവാര്‍ഡും മംഗളം ചവറ ലേഖകന്‍ വി. സുരേന്ദ്രന്‍ പിള്ള ‘കെഎംഎംഎല്‍ കമ്പനിയും വിഷം ശ്വസിക്കാന്‍ വിധിക്കപ്പെട്ടവരും’ എന്ന പരമ്പരയ്ക്ക് മികച്ച പ്രാദേശിക ലേഖകനുള്ള ഡോ. മൂര്‍ക്കൂര്‍ നാരായണന്‍ അവാര്‍ഡും സ്വീകരിച്ചു. മീഡിയ അക്കാദമി സെക്രട്ടറി എ.എ. ഹക്കിം അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. അവാര്‍ഡ് ജേതാക്കളെ പ്രതിനിധീകരിച്ച് എസ്.എന്‍. ജയപ്രകാശ് സംസാരിച്ചു.

ഉദ്ഘാടനത്തിനു മുന്നോടിയായി നടന്ന മത്തായി മാഞ്ഞൂരാന്‍- എന്‍.എന്‍. സത്യവ്രതന്‍ അനുസ്മരണ സെമിനാറില്‍ മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോളും മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബും പ്രഭാഷണം നടത്തി. മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി അധ്യക്ഷത വഹിച്ചു. കേരള ശബ്ദം പ്രത്യേക ലേഖകന്‍ ചെറുകര സണ്ണി ലൂക്കോസ്, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് എസ്. മനോജ്, സെക്രട്ടറി ഷാലു മാത്യു, മീഡിയ അക്കാദമി അസി. സെക്രട്ടറി കെ.ആര്‍. പ്രമോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.