മാധ്യമപ്രവര്‍ത്തകര്‍ക്ക് പഠിതാവിന്റെ മനസുണ്ടാകണം- മീഡിയ അക്കാദമി ചെയര്‍മാന്‍
എന്നും പഠിതാവിന്റെ മനസുളളവര്‍ക്കേ മാധ്യമപ്രവര്‍ത്തനം വിജയകരമായി നടത്താനാവൂ എന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി. രാഷ്ട്രീയമടക്കമുളള ചരിത്രങ്ങളെയും സാങ്കേതിക പുരോഗതിയെയും കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ മനസിലാക്കിയിരിക്കണം. കേരള മീഡിയാ അക്കാദമിയും ഇടുക്കി പ്രസ് ക്ലബും സംയുക്തമായി നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുളള ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു സെര്‍ജി ആന്റണി.
ജനാധിപത്യത്തിന്റെ അടിസ്ഥാനശില ഉറപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് ശ്രദ്ധേയ പങ്കുണ്ട്. അതിന് മാധ്യമപ്രവര്‍ത്തകരെ പര്യാപ്തരാക്കുകയാണ് മീഡിയ അക്കാദമി നിരന്തര പഠന പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ എല്ലാ വിഭാഗങ്ങള്‍ക്കുമായി അക്കാദമി പരിശീലന പരിപാടികള്‍ നടത്തിവരുന്നതായും ചെയര്‍മാന്‍ പറഞ്ഞു.
പ്രസ് ക്ലബ് ഹാളില്‍ നടന്ന ശില്‍പശാലയില്‍ പ്രസിഡന്റ് ഹാരീസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ച് പി.സുജാതന്‍(തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗ്), ജോര്‍ജ് പുളിക്കന്‍(കേരള നിയമസഭാ ചരിത്രം), ജിജോ ജോണ്‍ പുത്തേഴത്ത്(കോടതിയും മാധ്യമങ്ങളും) എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മീഡിയ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം ചെറുകര സണ്ണി ലൂക്കോസ് സ്വാഗതവും പ്രസ് ക്ലബ് സെക്രട്ടറി വിനോദ് കണ്ണോളി നന്ദിയും പറഞ്ഞു. മീഡിയ അക്കാദമിയിലെ ഷൈനസ് മര്‍ക്കോസ്, ബിജു എം.ജി എന്നിവര്‍ ശില്‍പശാലക്ക് നേതൃത്വം നല്‍കി.