പ്രവചനങ്ങളും പരസ്യങ്ങളും മാധ്യമപ്രവര്‍ത്തനം സങ്കീര്‍ണ്ണമാക്കുന്നു – ശില്‍പശാല
തെരഞ്ഞെടുപ്പുഫലത്തെ മുന്‍കൂര്‍ സ്വാധീനിക്കാന്‍ മുന്നണികളും ഏജന്‍സികളും നടത്തുന്ന പ്രവചനങ്ങളിലും പരസ്യങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ സ്വാധീനിക്കപ്പെടരുതെന്ന് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധതലങ്ങള്‍ എന്ന ശില്‍പശാല അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ വഴി പ്രചാരണമികവു നേടുകയും അതുവഴി വോട്ടര്‍മാര്‍ക്കിടയില്‍ ഇല്ലാത്ത പ്രതിഛായ ഉണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യുകയും ചെയ്യുന്നവരുടെ തന്ത്രങ്ങള്‍ കരുതിയിരിക്കണം. മാധ്യമ പ്രഭയിലൂടെ അധികാരം നേടിയെടുക്കുന്ന ആധുനിക പ്രവണത കേരളത്തിലും പരീക്ഷിച്ചു തുടങ്ങിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍’ിങ്ങ് സങ്കീര്‍ണ്ണത നിറഞ്ഞതായും ശില്‍പശാലയില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച പ്രമുഖര്‍ വിശദമാക്കി.
തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിനിറങ്ങുന്നവര്‍ക്ക് സാമൂഹ്യ വ്യവസ്ഥിതികളെപ്പറ്റി നല്ല ധാരണയുണ്ടാകണം. വര്‍ഗീതയും ജാതിയും മതവും അടിസ്ഥാനപ്പെടുത്തിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയംപോലും നടക്കുന്നത്. സമൂഹത്തെ അറിയാതെ ഉപരിപ്ലവമായി മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നവരായി മാധ്യമപ്രവര്‍ത്തകര്‍ മാറരുത്. സമൂഹത്തിന്റെ ‘പള്‍സ്’ അറിയുകയെന്നതാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം. ‘തെരഞ്ഞെടുപ്പ് പ്രചാരണം പരസ്യ ഏജന്‍സികള്‍ എറ്റെടുത്തതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത’. പുതിയതരം ഉപഭോഗവസ്തു എന്ന രീതിയിലാണ് മുന്നണികളും രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളെ മുന്നോട്ടു വയ്ക്കുന്നതും വിഷയങ്ങള്‍ അവതരിപ്പിക്കുന്നതും- ശില്‍പശാലയില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.
കേരള മീഡിയ അക്കാദമിയില്‍ മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ സെമിനാര്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോണി ലൂക്കോസ് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി.രാജന്‍, അക്കാദമി സെക്രട്ടറി എ.എ. ഹക്കിം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം. രാമചന്ദ്രന്‍, ലക്ചറര്‍മാരായ കെ. ഹേമലത, കെ. അജിത് എന്നിവര്‍ സംസാരിച്ചു. ആന്റണി ജോണ്‍, അഡ്വ. ജയശങ്കര്‍, രവി കുറ്റിക്കാട്, റോമി മാത്യു എന്നിവര്‍ വിവിധ ക്ലാസുകള്‍ നയിച്ചു.