പാട്ടിന്റെ ആത്മാവ് അതിലെ വരികള്‍ – ജെറി അമല്‍ദേവ്
പാട്ടിന്റെ ആത്മാവ് അതിലെ വരികള്‍ തന്നെയാണെന്നും വാക്കുകള്‍ അവസാനിക്കുന്നിടത്താണു സംഗീതം ആരംഭിക്കുന്നതെന്നും പ്രശസ്ത ചലച്ചിത്രസംഗീതസംവിധായകന്‍ ജെറി അമല്‍ദേവ് പറഞ്ഞു.
കേരള മീഡിയ അക്കാദമിയിലെ സ്‌കോളര്‍ ഇന്‍ കാമ്പസ് പരിപാടിയില്‍ ‘ആശയവിനിമയത്തിന് സംഗീതം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാധ്യമവിദ്യാര്‍ത്ഥികള്‍ രൂപം നല്‍കിയ മ്യൂസിക് ക്ലബ്ബിന്റെ ഉദ്ഘാടനം ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലെ ‘ആയിരം കണ്ണുമായ്’ എന്ന ഗാനം ആലപിച്ചുകൊണ്ട് അദ്ദേഹം നിര്‍വഹിച്ചു.
സിനിമാസംഗീതം ചെയ്യുമ്പോള്‍ സംഗീതസംവിധായകനും ഗാനരചയിതാവും തമ്മിലുള്ള ഐക്യം പ്രധാനമാണെന്ന് പി. ഭാസ്‌കരന്‍ മാഷിന്റെയും ബിച്ചു തിരുമലയുടെയും ഒപ്പം ഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോളുണ്ടായ അനുഭവങ്ങള്‍ അനുസ്മരിച്ചുകൊണ്ട് ജെറി അമല്‍ദേവ് അഭിപ്രായപ്പെട്ടു.
ആധുനികകാലത്ത് സാങ്കേതികവിദ്യയുടെ കടന്നുകയറ്റം പാട്ടുകളെ വികലമാക്കുന്നു. സിന്തസൈസര്‍ ഉപയോഗിച്ചുകൊണ്ടുള്ള പുതിയ ഇന്ത്യന്‍ സംഗീതം ശരിയായ ദിശയിലാണെന്നു പറയാനാവില്ല. നമ്മുടെ സംഗീത സംസ്‌കാരത്തെ വ്രണപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് ഇപ്പോള്‍ പലയിടത്തും നടക്കുന്നത്.
ക്ലാസിക്കല്‍ സംഗീതം അടിസ്ഥാനമാക്കിയുളള ജനകീയസംഗീതം രൂപപ്പെടുത്തുന്ന കാര്യത്തില്‍ വലിയ പ്രതീക്ഷ വയ്‌ക്കേണ്ടതില്ല. പക്ഷേ, നാടന്‍പാട്ടിന് ഇക്കാര്യത്തില്‍ പലതും ചെയ്യാനാകും.
സംഗീതം എന്നത് ആശയവിനിമയത്തിന് ഏറെ സാധ്യതയുള്ള ഒന്നാണെന്നും രോഗ ചികിത്സ ഉള്‍പ്പെടെ ഒട്ടേറെ മേഖലകളില്‍ അതിനുള്ള പ്രാധാന്യം ശാസ്ത്രജ്ഞന്മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പരിപാടിയുടെ അധ്യക്ഷനായിരുന്ന അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി പറഞ്ഞു.
ജെറി അമല്‍ദേവിന്റെ ജീവിതം അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും സംഗീതപരിപാടികളും ഇതോടനുബന്ധിച്ച് നടന്നു. ആല്‍ബം തയ്യാറാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അക്കാദമിയുടെ സമ്മാനം ജെറി അമല്‍ദേവ് നല്‍കി.
സീനിയര്‍ ഫാക്കല്‍റ്റി അംഗം ഡോ. മൈക്കിള്‍ പുത്തന്‍തറ വിശിഷ്ടാതിഥിയെ സദസ്സിനു പരിചയപ്പെടുത്തി.
അക്കാദമി അസി. സെക്രട്ടറി കെ.ആര്‍. പ്രമോദ് കുമാര്‍, ജേര്‍ണലിസം വിഭാഗം അധ്യാപിക കെ. ഹേമലത എന്നിവര്‍ ആശംസ നേര്‍ന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എം. രാമചന്ദ്രന്‍ സ്വാഗതവും ടി.വി. ജേര്‍ണലിസം അധ്യാപകന്‍ കെ. അജിത് നന്ദിയും പറഞ്ഞു.