ഒരുമിച്ച് അധ്യയനം നടത്തുമ്പോള്‍ ഗുരുവും ശിഷ്യനും ഒന്നാകുന്നു – ഡോ. ലീലാവതി

അധ്യയനം ശരിയായ അര്‍ത്ഥത്തില്‍ നിര്‍വഹിക്കപ്പെടുമ്പോള്‍ ഗുരുവും ശിഷ്യനും ഒന്നാകുന്നു എന്ന് പ്രമുഖ സാഹിത്യകാരിയും അധ്യാപികയുമായ ഡോ. എം. ലീലാവതി പറഞ്ഞു. അവസാന ശ്വാസം വരെ അധ്യാപകന്‍ വിദ്യാര്‍ത്ഥിയാകുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്ന് പുതിയ പാഠങ്ങള്‍ പഠിക്കുന്നു. ‘നാം ഒരുമിച്ച് പഠിച്ചത് തേജോമയമായിരിക്കട്ടെ” എന്ന പ്രാര്‍ത്ഥനയാണ് വേണ്ടതെന്ന് തൈത്തരീയ ഉപനിഷത്തിലെ ‘ഓം സഹനാവവതു’ എന്നു തുടങ്ങുന്ന ശ്ലോകം അധ്യാപകദിന സന്ദേശമായി ഉദ്ധരിച്ചുകൊണ്ട് ടീച്ചര്‍ പറഞ്ഞു. കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടി.വി. ജേര്‍ണലിസം കോഴ്‌സുകളുടെ 2016-17 ബാച്ചിന്റെ പ്രവേശന ചടങ്ങില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ടീച്ചര്‍. അക്ഷരദീപം തെളിച്ചുകൊണ്ട് പുതിയ ബാച്ചുകളുടെ ഉദ്ഘാടനവും ലീലാവതി ടീച്ചര്‍ നിര്‍വഹിച്ചു.
വിജ്ഞാനപ്രപഞ്ചം അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യയുടെ ലോകത്ത് വികസനം മാത്രമേയുള്ളൂ. സ്‌പെഷ്യലൈസേഷന് സാധ്യത നിരവധിയാണ്. ഏതു ശാഖയിലാണോ താത്പര്യം അത് വികസിപ്പിക്കണം. നേടേണ്ട ലോകം വികസിക്കുമ്പോഴും സമയത്തിന്റെ തോതില്‍ മാറ്റമില്ല. സമയം ഫലപ്രദമായി വിനിയോഗിക്കണമെന്നും അങ്ങനെയുള്ളവര്‍ക്ക് കിട്ടാനുള്ളത് വലിയൊരു ലോകമാണെന്നും ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു. പ്രവര്‍ത്തനരംഗത്തേക്കുള്ള പ്രവേശനം ഇച്ഛാനുസൃതമാകണമെന്നില്ല. കിട്ടുന്നത് സ്വീകരിക്കാനുള്ള മനസ്സാണ് വേണ്ടത്. ഇഷ്ടജന പ്രീതിക്കായി അസത്യം പറയരുത്. പത്രധര്‍മ്മവും മാനുഷികധര്‍മ്മവും രണ്ടല്ലെന്നും കഷ്ടപ്പെടുന്നവരോടും പീഡിതരോടും കരുണ വേണമെന്നും ടീച്ചര്‍ എടുത്തു പറഞ്ഞു. യന്ത്രങ്ങല്‍ വന്നാലും ഭാഷയുടെ പ്രാധാന്യം കുറയില്ല. സന്ദര്‍ത്തിന് അനുസരിച്ച് വാക്ക് എടുത്ത് ഉപയോഗിക്കാനുള്ള പ്രത്യുത്പന്നമതിത്വമാണ് ഭാഷയിലെ പ്രയോഗ വൈദഗ്ധ്യത്തിന് അടിസ്ഥാനമെന്ന് ടീച്ചര്‍ അഭിപ്രായപ്പെട്ടു.
അധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തെപ്പറ്റിയും പഠിപ്പിക്കുന്ന രീതികളെപ്പറ്റിയും വ്യത്യസ്തമായ അഭിപ്രായങ്ങളുള്ള കാലഘട്ടമാണിത്. വിജ്ഞാനം പാഠപുസ്തകങ്ങളില്‍ മാത്രമല്ല, അറിവ് ലഭിക്കാനുള്ള അവസരം ചുറ്റിലുമുണ്ട്. പക്ഷെ ഗുരുമുഖത്ത് നിന്ന് ലഭിക്കുന്ന അറിവിന് മൂല്യം കൂടുതലുണ്ടെന്ന് അധ്യക്ഷപ്രസംഗത്തില്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു.
ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം. രാമചന്ദ്രന്‍ സ്വാഗതവും അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ് നന്ദിയും പറഞ്ഞു. പുതിയ ബാച്ചിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഫാക്കല്‍റ്റി അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.