അക്കാദമിയില്‍ കേരളപ്പിറവി ആഘോഷം: വികസനവേഗം കൂട്ടാന്‍ നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍
ജനപങ്കാളിത്തത്തോടെ പദ്ധതികള്‍ ആവിഷ്‌കരിച്ച് വികസനവേഗം കൂട്ടുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ സംഭാവന നല്‍കാനാകുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഐ.എ.എസ്. അഭിപ്രായപ്പെട്ടു. ജനങ്ങളില്‍ പ്രശ്‌നങ്ങളോട് ക്രിയാത്മകമായ സമീപനം ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കുക എന്നതാണ് മാധ്യമങ്ങളുടെ പ്രധാന ധര്‍മ്മം. സാമൂഹിക പ്രശ്‌നങ്ങളെ അടുത്തറിയാനും പരിഹാരനിര്‍ദ്ദേശങ്ങള്‍ പ്രധാനം ചെയ്യാനും ഇന്റര്‍നെറ്റ് പോലുള്ള നവമാധ്യമങ്ങളില്‍ അവഗാഹം ഉണ്ടാക്കിയെടുക്കാന്‍ കഴിയണമെന്നും അദ്ദേഹം മാധ്യമവിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു.
മലയാളഭാഷയെ ആധുനീകരിച്ചത് പണ്ഡിതശ്രേഷ്ഠരല്ല സാധാരണ ജനങ്ങളാണെന്ന് കവിയും നാടകകൃത്തും ആകാശവാണി കൊച്ചി നിലയത്തില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവുമായ ശ്രീകുമാര്‍ മുഖത്തല പറഞ്ഞു. ‘മലയാളഭാഷ – ചരിത്രം, സംസ്‌കാരം, സൗന്ദര്യം’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാഷാ സ്‌നേഹം കൊണ്ടു മാത്രം അതിന് ശുഭോദര്‍ക്കദമായ നിലനില്‍പ്പ് സാധ്യമാവില്ല. നിത്യജീവിത വ്യവഹാരത്തിന്റെ ചാലകശക്തികളിലൊന്നായി അതു മാറണം. അപ്പോള്‍ മാത്രമാണ് ഭാഷയ്ക്ക് പ്രസക്തി കൈവരിക. വിവിധ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ജീവനത്തിന്റേയും അതിജീവനത്തിന്റേയും ഉപാധിയാണ് ഭാഷ.
സാധാരണ ജനങ്ങളില്‍ നിന്നുമാണ് പുതിയ ഭാഷാവബോധം ഉരുത്തിരിയുന്നത്. നിത്യവ്യവഹാരങ്ങള്‍ക്കായി അവര്‍ സൃഷ്ടിച്ചെടുക്കുന്ന ഭാഷ പൊതുമണ്ഡലത്തില്‍ അംഗീകരിക്കപ്പെടുന്നു. ഭാഷയ്ക്ക് വലിയ ജനാധിപത്യ സ്വഭാവമുണ്ടെന്ന് ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. മാനകഭാഷയുടെ പിതാവും കൂടിയായതിനാലാണ് എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവായി നാം അംഗീകരിച്ചത്. ഭാഷയിലേക്ക് അര്‍പ്പിക്കുന്ന നന്മയും ഏറെ പ്രധാനമാണ്. സമസ്ത പദങ്ങള്‍ ചേരുംപടി ചേര്‍ത്തും പിരിച്ചെഴുതിയും വലിയ ആശയങ്ങള്‍ പ്രതിഫലിപ്പിക്കാനുള്ള ഇലാസ്തികത മലയാളത്തിനുണ്ട്. പര്യായപദങ്ങള്‍ ഉപയോഗിച്ച് ഏത് അവസ്ഥയേയും ആശയത്തേയും പ്രകാശിപ്പിക്കാനുള്ള വഴക്കം മലയാളത്തിനുണ്ടെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപീകരിക്കപ്പെട്ടതിന്റെ അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ മാധ്യമവിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച കലാ-സാംസ്‌കാരിക പരിപാടി ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു. കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസ-ക്വിസ് മത്സര ജേതാക്കള്‍ക്കുള്ള കാഷ് പ്രൈസ് പ്രമുഖ സാഹിത്യകാരി തനൂജ ഭട്ടതിരി വിതരണം ചെയ്തു.
കേരളപ്പിറവി ദിനത്തിനോടനുബന്ധിച്ച് അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികലുടെ വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി. ഡയറക്ടര്‍ എം. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അക്കാദമി ജനറല്‍ കൗസില്‍ അംഗവും മാധ്യമപ്രവര്‍ത്തകനുമായ ദീപക് ധര്‍മ്മടം, അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ്, അസി. സെക്രട്ടറി കെ. ആര്‍. പ്രമോദ് കുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് വിദ്യാര്‍ത്ഥികളായ സഫിയ സ്വാഗതവും കിര ഐസക് നന്ദിയും പറഞ്ഞു.