ലീലാവതി ടീച്ചര്‍ സമൂഹത്തിന് ആശയതലത്തില്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കിയ മഹാപ്രതിഭ – മന്ത്രി സി. രവീന്ദ്രനാഥ്

പ്രകൃതിയുടെ രാഗതാളങ്ങളെ മനുഷ്യമനസ്സിലേക്കു സംക്രമിപ്പിച്ച് ജീവിതത്തെ താളാത്മകമാക്കുകയാണ് സാഹിത്യകാരന്മാര്‍ ചെയ്യുതെന്നും സാഹിത്യത്തിനു മാത്രമല്ല, സമൂഹത്തിനു പൊതുവേ ആശയതലത്തില്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കിയ മഹാപ്രതിഭയാണ് ഡോ. എം. ലീലാവതി ടീച്ചര്‍ എന്നും വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
നവതിയുടെ നിറവിലെത്തിയ പ്രശസ്ത ഭാഷാശാസ്ത്രജ്ഞയും നിരൂപകയും അധ്യാപികയുമായ ഡോ.എം. ലീലാവതിയെ ആദരിക്കുന്നതിനായി മാതൃവിദ്യാലയമായ കുന്നംകുളം ഗവ.മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ കേരള മീഡിയ അക്കാദമി, തൃശൂര്‍ പ്രസ് കഌബ്ബും കുന്നംകുളം നഗരസഭയുമായി ചേര്‍ന്ന്് സംഘടിപ്പിച്ച ‘ലീലാമൃതം’ സാംസ്‌കാരികകൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീച്ചര്‍ എഴുതി അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകം ‘നല്ലെഴുത്ത്’ മലയാളമനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിനു നല്‍കി മന്ത്രി പ്രകാശനം ചെയ്തു.

സാംസ്‌കാരികസമ്മേളനവും നല്ലെഴുത്ത് ഭാഷാശില്പശാലയും എഴുത്തച്ഛന്‍ പുരസ്‌കാരജേതാവ് സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗുരുത്വമുണ്ടായതു കൊണ്ടാണ് ഈ ഭൂമി ഇങ്ങനെയായതെന്നും എന്നാല്‍ പലയിടങ്ങളിലും ഗുരുത്വത്തിന്റെ അഭാവമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ കേരളത്തിന്റെയും സാഹിത്യകാരിയായ ലീലാവതി ടീച്ചറെ സ്‌നേഹിക്കാതെയും അവരില്‍ നിന്ന് ഒരുപാട് പഠിക്കാതെയും ആരും ഭാഷാലോകം കടുപോയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആത്മീയവിദ്യാഭ്യാസത്തിനും മാനവികജീവിതത്തിനും അര്‍ത്ഥപൂര്‍ത്തി നല്‍കിയ സരസ്വതീ ക്ഷേത്രമാണ് മാതൃവിദ്യാലയമെന്നും അമ്മയുടെ മുന്നിലാണ് പ്രണാമമര്‍പ്പിക്കുതെന്നും ലീലാവതി ടീച്ചര്‍ പറഞ്ഞു. കടന്നുപോയ ജീവിതവഴിയില്‍ വാത്സല്യം ചൊരിഞ്ഞ് വഴികാട്ടിയ അദ്ധ്യാപകരെയും ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണാതീതമായ മനുഷ്യസ്‌നേഹം പ്രസരിപ്പിച്ച സഹപാഠികളേയും സ്‌നേഹപൂര്‍വം ഓര്‍ക്കുന്നതായി ടീച്ചര്‍ പറഞ്ഞു.
ഡോ.എം. ലീലാവതിയെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം പ്രശസ്ത കവിയും മുഖ്യമന്ത്രിയുടെ പ്രസ് അഡൈ്വസറുമായ പ്രഭാവര്‍മ്മ നിര്‍വ്വഹിച്ചു. അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു ആദ്ധ്യക്ഷ്യം വഹിച്ചു. ശൈലീഭദ്രമായ, എല്ലാവര്‍ക്കും സ്വീകരിക്കാവുന്ന മാധ്യമഭാഷ രൂപപ്പെടുത്താന്‍ ടീച്ചര്‍ നടത്തിയ ശ്രമങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്‍ എം.എല്‍എ. ടി.വി. ചന്ദ്രമോഹന്‍, പ്രൊഫ.കെ.പി. ശങ്കരന്‍, റഫീക്ക് അഹമ്മദ്, വി.കെ. ശ്രീരാമന്‍, ഡോ. രതി മേനോന്‍, ഡോ.ഹേമമാലിനി, ടി.കെ.വാസു, സുമ ഗംഗാധരന്‍, ബേബി ജയശ്രീ, ലീലാവതി ടീച്ചറിന്റെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മേല്‍പ്പത്തൂരിന്റെ നാരായണീയത്തിലെ കാളിയമര്‍ദ്ദനവുമായി ബന്ധപ്പെട്ട ശ്‌ളോകങ്ങള്‍ ആലപിച്ച് ലീലാവതി ടീച്ചറിന്റെ സമകാലീനരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നടത്തിയ കാവ്യാര്‍ച്ചന സദസ്സിന്റെ മനം കവര്‍ന്നു. നവതിയെ സൂചിപ്പിച്ചുകൊണ്ട് ടീച്ചറും അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സ്‌കൂള്‍ അങ്കണത്തില്‍ 90 മണ്‍ചെരാതുകള്‍ കൊളുത്തി. സാംസ്‌കാരികകൂട്ടായ്മയ്ക്ക് മുന്നോടിയായി ടീച്ചറിന്റെ ജീവിതത്തിലെ സവിശേഷമുഹുര്‍ത്തങ്ങള്‍ അനാവരണം ചെയ്യുന്ന ഫോട്ടോപ്രദര്‍ശനവും അറുപതോളം പുസ്തകങ്ങളുടെ കവര്‍ ചിത്രങ്ങളുടെ പ്രദര്‍ശനവും നടത്തി.

കുന്നംകുളം നഗരസഭാധ്യക്ഷ സീത രവീന്ദ്രന്‍ സ്വാഗതവും അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ് നന്ദിയും പറഞ്ഞു.