ഇ എം എസ് അനുസ്മരണ പ്രഭാഷണവും മാധ്യമ ശില്‍പശാലയും

കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പ്രഥമ ഇ എം എസ് അനുസ്മരണ പ്രഭാഷണവും ഫോട്ടോ പ്രദര്‍ശനവും ‘കാഴ്ച്ചയുടെ രാഷ്ട്രീയം’ മാധ്യമ ശില്‍പശാലയും തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ജനുവരി 5, 6 തീയതികളില്‍ നടക്കും.
5 ന് വ്യാഴാഴ്ച രാവിലെ 11ന് ഇ എം എസ് ഫോട്ടോ പ്രദര്‍ശനവും ‘കാഴ്ച്ചയുടെ രാഷ്ട്രീയം’ മാധ്യമ ശില്‍പശാലയും ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്യും. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷനാകും.
‘ദേശസ്‌നേഹവും മാധ്യമങ്ങളും’ എന്ന വിഷയത്തിലുള്ള പ്രഥമ ഇ എം എസ് അനുസ്മരണ പ്രഭാഷണം 6ന് ഉച്ചയ്ക്ക് 2.30ന് സിപിഐ (എം) പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് നിര്‍വഹിക്കും. മുഖ്യമന്ത്രിയുടെ ട്രോഫിക്കുവേണ്ടി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഹരിത കേരള സന്ദേശ ഹ്രസ്വചിത്രനിര്‍മാണ മത്സരത്തിന്റെ ലോഗോ ചടങ്ങില്‍ പ്രകാശനം ചെയ്യും.
മലയാള മനോരമ സീനിയര്‍ പിക്ചര്‍ എഡിറ്റര്‍ ബി ജയചന്ദ്രന്‍ എടുത്ത ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍. മീഡിയ മാഗസിന്‍ വജ്രകേരളം പ്രത്യേകപതിപ്പിന്റെ പ്രകാശനം ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഏഷ്യാനെറ്റ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന് നല്‍കി നിര്‍വഹിക്കും. ഐ&പിആര്‍ഡി ഡയറക്ടര്‍ ഡോ. കെ അമ്പാടി, പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ് പിള്ള, സെക്രട്ടറി കെ ആര്‍ അജയന്‍, മനോരമ സീനിയര്‍ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ മാര്‍ക്കോസ് എബ്രഹാം, ബ്യൂറോ ചീഫ് ജോ മുണ്ടക്കയം, കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് സി റഹിം, മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ കെ സി രാജഗോപാല്‍, സെക്രട്ടറി കെ ജി സന്തോഷ് തുടങ്ങിയവര്‍ സംസാരിക്കും.തിരുവനന്തപുരം പ്രസ് ക്ലബിന്റേയും മലയാള മനോരമയുടേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്