മാധ്യമങ്ങളെ ദേശവിരുദ്ധമായി ചിത്രീകരിക്കുന്നതിനെതിരെ ജാഗ്രത വേണം – പ്രകാശ് കാരാട്ട്
ഹിന്ദുത്വരാഷ്ട്രീയത്തിന്റെ നിലപാടുകളെ എതിര്‍ക്കുന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ദേശവിരുദ്ധമാണെന്നു മുദ്രയടിച്ച് ആ മാധ്യമങ്ങളെ ഒറ്റപ്പെടുത്താന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും അധികാരത്തിലുള്ള ഭൂരിപക്ഷവിഭാഗം മുന്നോട്ടുവയ്ക്കുന്ന ദേശീയതാവാദം മൂല്യാധിഷ്ഠിതമല്ലെങ്കില്‍ അതിനെ എതിര്‍ക്കേണ്ടതു മാധ്യമധര്‍മ്മമാണെന്നും സിപി.ഐ.(എം) പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്് പറഞ്ഞു. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍, കേരള മീഡിയ അക്കാദമിയുടെ പ്രഥമ ഇ.എം.എസ്. അനുസ്മരണപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പാക് അധീനകാശ്മീരിലേക്കു കടന്ന് ഇന്ത്യന്‍ പട്ടാളം നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട വസ്തുതാറിപ്പോര്‍ട്ടുകള്‍ നല്‍കുന്ന മാധ്യമങ്ങളെ ദേശവിരുദ്ധരായി മുദ്ര കുത്തുന്നുണ്ട്. അതുപോലെ ജവഹര്‍ ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കു നീതി വേണമെന്ന് ആവശ്യ പ്പെട്ടതു പോലും ദേശവിരുദ്ധമെന്നു ചാപ്പ കുത്തപ്പെട്ടു. ദേശസ്‌നേഹത്തെയോ ദേശീയതയെയോ സംബന്ധിച്ച ഔദ്യോഗികനിലപാടിനെ അന്ധമായി പിന്തുടരുകയല്ല മാധ്യമങ്ങള്‍ ചെയ്യേണ്ടത് – പ്രകാശ് കാരാട്ട് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ വിദേശനയത്തെയും പട്ടാളത്തിന്റെയും മറ്റും പ്രതിലോമ പ്രവര്‍ത്തനങ്ങളെയും വിമര്‍ശിക്കുന്നതോ പ്രതിരോധമേഖലയിലെ അഴിമതി തുറന്നു കാട്ടുന്നതോ രാജ്യതാത്പര്യങ്ങള്‍ക്കു നിരക്കുന്നതല്ലെന്ന വാദത്തെ ചോദ്യം ചെയ്യാനും അധികൃതര്‍ ഏര്‍പ്പെടുത്തുന്ന ലക്ഷ്മണരേഖ മറികടക്കാനും മാധ്യമപ്രവര്‍ത്തകര്‍ക്കു കഴിയണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ട്് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ധനനിയന്ത്രണത്തിനൊപ്പമായിരുന്നു ആദ്യഘട്ടത്തില്‍ ഭൂരിപക്ഷം മാധ്യമങ്ങളും. എന്നാല്‍ പിന്നീട് അവയ്ക്കു ജനങ്ങളുടെ അഭിപ്രായത്തിനൊപ്പം നില്‍ക്കേണ്ടി വന്നു. കള്ളപ്പണത്തിനും ഭീകരപ്രവര്‍ത്തനത്തിനും മറ്റു പല ദേശവിരുദ്ധനടപടികള്‍ക്കും തടയിടാനാണു നിയന്ത്രണമൊണ് ഔദ്യോഗികഭാഷ്യം. എന്നാല്‍ അതുമൂലം സാധാരണക്കാര്‍ക്കുണ്ടായ നഷ്ടവും ബുദ്ധിമുട്ടുകളും മാധ്യമങ്ങളില്‍ ശക്തമായി പ്രതിഫലിക്കണം- അദ്ദേഹം പറഞ്ഞു.
അക്കാദമി നടത്തു ഹരിതകേരളം മത്സരങ്ങളുടെ ലോഗോ പ്രകാശ് കാരാട്ട് പ്രകാശനം ചെയ്തു. ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സ ഡോ. ടി.എന്‍. സീമ ലോഗോ ഏറ്റുവാങ്ങി. ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു ആധ്യക്ഷ്യം വഹിച്ചു. കാരാട്ടിന് അദ്ദേഹം അക്കാദമിയുടെ ഉപഹാരം നല്‍കി.