ഏഷ്യയിലെ ആദ്യത്തെ അന്താരാഷ്ട്ര മാധ്യമമ്യൂസിയം സര്‍ക്കാരിന്റെ സജീവപരിഗണനയില്‍ – മുഖ്യമന്ത്രി
ഏഷ്യയിലെ ആദ്യത്തെ അന്താരാഷ്ട്ര മാധ്യമമ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവപരിഗണനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ 2015-ലെ മാധ്യമ അവാര്‍ഡ് വിതരണവും ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് കമ്യൂണിക്കേഷനിലെ 2015-16 ബാച്ച് വിദ്യാര്‍ത്ഥികളുടെ കോണ്‍വൊക്കേഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മ്യൂസിയത്തിന്റെ വിശദമായ പ്രോജക്ട് കേരള മീഡിയ അക്കാദമി തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. മാധ്യമചരിത്രം മനസ്സിലാക്കാനും മാധ്യമപ്രവര്‍ത്തകരെ മുന്നോട്ടു നയിക്കാനുമുള്ള കേന്ദ്രമായി വിഭാവനം ചെയ്തിരിക്കുന്ന മ്യൂസിയം വിനോദസഞ്ചാരമേഖലയ്ക്കും മുതല്‍ക്കൂട്ടാകും. മാധ്യമമേള, മാധ്യമക്ലബ്ബുകള്‍ തുടങ്ങിയ അക്കാദമിയുടെ പദ്ധതികളും സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാവപ്പെട്ടവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ശബ്ദമാകാന്‍ മാധ്യമങ്ങള്‍ക്കു കഴിയണം. ഭയപ്പെടാതെയും ഭയപ്പെടുത്താതെയുമാണ് മാധ്യമപ്രവര്‍ത്തനം നടത്തേണ്ടത്. മൂല്യബോധവും ആത്മസമര്‍പ്പണവും സ്വയം നിയന്ത്രണവുമുള്ള മാധ്യമപ്രവര്‍ത്തകരെ വാര്‍ത്തെടുക്കാന്‍ കേരള മീഡിയ അക്കാദമി മുന്‍കൈയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന സംഭവങ്ങള്‍ വിലയിരുത്താനും അവയെ കുറിച്ചുള്ള അറിവു ജനങ്ങള്‍ക്കു പകര്‍ന്നു നല്‍കാനുമുള്ള ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ട്. അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകള്‍ മനുഷ്യരാശിയെത്തന്നെ ആശങ്കപ്പെടുത്തുതാണ്. പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി അമേരിക്ക മറ്റു രാജ്യങ്ങള്‍ക്കു പണം നല്‍കില്ലെന്ന പ്രഖ്യാപനവും സ്വന്തം രാജ്യത്തു പോലും പരിസ്ഥിതി സംരക്ഷണത്തിനു പ്രാധാന്യം നല്‍കില്ലെന്ന നിലപാടുമെല്ലാം വ്യവസായിയായ ഈ രാഷ്ട്രത്തലവനെക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ തങ്ങള്‍ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുന്നുണ്ടോ എന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ സ്വയം വിലയിരുത്തണം. നോട്ടുകള്‍ പിന്‍വലിച്ച സംഭവത്തില്‍ ആദ്യമെല്ലാം പ്രധാനമന്ത്രിയെ പിന്തുണയ്ക്കുകയായിരുന്നു മാധ്യമങ്ങള്‍. എന്നാല്‍ പിന്നീട് ജനങ്ങളുടെ പ്രയാസങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്യാനാകാത്ത സ്ഥിതി വന്നുചേര്‍ന്നു. ദേശീയതയുടെ പേരില്‍ ഉയര്‍ത്തു കുഴപ്പങ്ങള്‍ തുറന്നു കാട്ടുന്നതില്‍ പല മാധ്യമങ്ങളും ഇപ്പോഴും അറച്ചു നില്‍ക്കുകയാണ്. ഇക്കാര്യങ്ങളിലെല്ലാം മാധ്യമങ്ങള്‍ എത്രത്തോളം തങ്ങളുടെ നിലപാടുകള്‍ പ്രതിഫലിപ്പിക്കുന്നു എന്നു ചിന്തിക്കേണ്ടതുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.
ഹരിതകേരളമിഷന്റെ ഭാഗമായി മുഖ്യമന്ത്രി അക്കാദമി കാമ്പസില്‍ ഇലഞ്ഞിമരം നട്ടു.
അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു. നവീനമായ പദ്ധതികളിലൂടെ മാധ്യമസാക്ഷരത വ്യാപകമാക്കാനും മാധ്യമപഠനമേഖലയുടെ നവീകരണത്തിനും കേരള മീഡിയ അക്കാദമി നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രൊഫ. കെ.വി. തോമസ് എം.പി, പി.ടി. തോമസ് എം.എല്‍.എ., മുന്‍ പാര്‍ലമെന്റംഗം പി. രാജീവ്, അക്കാദമി വൈസ് ചെയര്‍മാന്‍ കെ.സി. രാജഗോപാല്‍, ഭരണസമിതിയംഗം ദീപക് ധര്‍മ്മടം, സെക്രട്ടി കെ.ജി. സന്തോഷ്, അസി. സെക്രട്ടറി കെ.ആര്‍. പ്രമോദ് കുമാര്‍, ലക്ചറര്‍ കെ. അജിത് എന്നിവര്‍ സംസാരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം. രാമചന്ദ്രന്‍ കോണ്‍വൊക്കേഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലക്ചറര്‍ കെ. ഹേമലത വിദ്യാര്‍ഥികള്‍ക്കു പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
2015ലെ മാധ്യമ അവാര്‍ഡ് ജേതാക്കളായ അനൂപ് കെ. വേണു, എസ്. മഹേഷ് കുമാര്‍, പി.ഐ. നൗഷാദ്, ആശ എസ്. പണിക്കര്‍, ഒ. രാധിക, നിലീന അത്തോളി എന്നിവരും ഡിപ്ലോമ കോഴ്‌സായ ജേര്‍ണലിസം & കമ്യൂണിക്കേഷനില്‍ ഒന്നാം റാങ്ക് നേടിയ രാംകുമാര്‍ എസ്., പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് ഡിപ്ലോമ കോഴ്‌സില്‍ ഒന്നാം റാങ്ക് നേടിയ ജെ. ദേവീകൃഷ്ണ, ടി.വി. ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സില്‍ ഒന്നാം റാങ്ക് നേടിയ അക്ഷയ കെ.പി., വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ഒന്നാം റാങ്കിന് അര്‍ഹനായ വൈശാഖ് എം.എസ്., എന്നിവര്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. അവാര്‍ഡ് ജേതാക്കള്‍, വിദ്യാര്‍ഥികളുടെ പ്രതിനിധിയായി ഹരിമോഹന്‍ എന്നിവര്‍ മറുപടിപ്രസംഗം നടത്തി.
അക്കാദമി മുന്‍ ചെയര്‍മാന്‍ വി.പി. രാമചന്ദ്രന്‍, മുന്‍ പാര്‍ലമെന്റംഗം അഡ്വ. സെബാസ്റ്റ്യന്‍ പോള്‍, ഔഷധി ചെയര്‍മാന്‍ കെ.ആര്‍. വിശ്വംഭരന്‍, എന്‍. മാധവന്‍ കുട്ടി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ മുന്‍ ഡയറക്ടര്‍ എന്‍.എന്‍. സത്യവ്രതന്റെ മകള്‍ എന്‍.എസ്. രൂപ, നഗരസഭാംഗം എം.എം. നാസര്‍, അവാര്‍ഡ് – റാങ്ക് ജേതാക്കളുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.