വിദ്യാര്‍ഥികള്‍ക്കായി ഹരിതകേരളം മത്സരങ്ങള്‍

ഹരിതകേരളസന്ദേശം ഉള്‍ക്കൊള്ളുന്ന ഹ്രസ്വചിത്രനിര്‍മ്മാണത്തിന് വിദ്യാര്‍ഥികള്‍ക്കായി കേരള മീഡിയ അക്കാദമി മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ബഹു. മുഖ്യമന്ത്രിയുടെ ട്രോഫിയും യഥാക്രമം 50,000, 25,000, 15,000 രൂപയും സര്‍ട്ടിഫിക്കറ്റും സമ്മാനം നല്‍കും. മികവുള്ള 50 പേര്‍ക്ക് മധ്യവേനലവധിക്കാലത്ത് ടി.വി. – ഫിലിം നിര്‍മ്മാണപരിശീലനത്തിനുള്ള ഉന്നത ശില്‍പശാലയും സംഘടിപ്പിക്കും.
വിദ്യാര്‍ഥികളുടെ കലാവാസനയും മാധ്യമാഭിരുചിയും സാമൂഹികപ്രതിബദ്ധതയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരങ്ങള്‍ നടത്തുന്നത്. മാലിന്യരഹിതസുന്ദരകേരളം, വിഷരഹിതകൃഷി, ജലസംരക്ഷണം എന്നീ ആശയങ്ങള്‍ ആസ്പദമാക്കി വേണം ഹ്രസ്വചിത്രങ്ങള്‍ തയ്യാറാക്കാന്‍. മൊബൈല്‍ ഫോണിലെ കാമറ അടക്കം ഉപയോഗിച്ച് പരമാവധി മൂന്നു മിനിട്ട് ദൈര്‍ഘ്യമുള്ള ന്യൂസ് ക്ലിപ്പിങ്‌സ് നിര്‍മ്മിക്കാം.
പ്രശസ്തകവി ശ്രീ പ്രഭാ വര്‍മ്മ രചിച്ച് ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ. യേശുദാസ് സംഗീതസംവിധാനവും ആലാപനവും നിര്‍വഹിച്ച ഹരിതകേരളഗീതം എന്ന മുദ്രാഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടത്തുന്നതിന് മറ്റൊരു മത്സരവും നടത്തും. അനുയോജ്യമായ കലാരൂപങ്ങളിലൂടെയോ പ്രകൃതിദൃശ്യങ്ങളിലൂടെയോ ആവിഷ്‌കാരം നടത്തി വീഡിയോ ക്ലിപ്പിങ് അക്കാദമിക്ക് അയയ്ക്കാം.
കേരള, സിബിഎസ്ഇ, ഐസി.എസ്ഇ എന്നിങ്ങനെ എല്ലാ സിലബസിലുമുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം. 10-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍ മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള വിദ്യാര്‍ഥികള്‍ക്കും പ്രത്യേകം പ്രത്യേകമായാണു മത്സരം. ഹരിതകേരളഗീതത്തിന്റെ ദൃശ്യാവിഷ്‌കാരത്തിന് വ്യക്തി എന്ന നിലയിലും ഗ്രൂപ്പായും പങ്കെടുക്കാം.
അക്കാദമിയുടെ ദ്വിഭാഷാ മാസികയായ ‘മീഡിയ’യുടെ 2016 ഒക്‌ടോബര്‍ – നവംബര്‍ ലക്കത്തില്‍ ഹരിതകേരളഗീതം പ്രസിദ്ധീകരിച്ചിട്ടുണ്ട്. www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ ഗാനവും ഓഡിയോ വേര്‍ഷനും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പേരും പൂര്‍ണമായ വിലാസവും ഫോണ്‍ നമ്പരും രേഖപ്പെടുത്തിയ എന്‍ട്രികള്‍ വിദ്യാഭ്യാസസ്ഥാപനാധികാരിയുടെ സാക്ഷ്യപത്രം സഹിതം 2017 മാര്‍ച്ച് 15-നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 30 എന്ന വിലാസത്തില്‍ ലഭിക്കണം.
സംസ്ഥാനസര്‍ക്കാരിന്റെ ഹരിതകേരളം മിഷന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. വിശദവിവരത്തിന് അക്കാദമിയുടെ 0484 2422275/2422068 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.