പുതിയ രാഷ്ട്രീയ കാലാവസ്ഥയില്‍ എന്‍. വിയുടെ കവിതകള്‍ക്ക് സവിശേഷ പ്രാധാന്യമുണ്ട്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
പുതിയ ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥയില്‍ എന്‍. വി. കൃഷ്ണവാര്യരുടെ കവിതകള്‍ക്ക് സവിശേഷ പ്രാധാന്യമുണ്ടെന്ന് ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള മീഡിയ അക്കാഡമി മാസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച പ്രഥമ എന്‍. വി. കൃഷ്ണവാര്യര്‍ അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
എന്‍. വിയുടെ ഗാന്ധിജിയും ഗോഡ്‌സെയും എന്ന കവിതാസമാഹാരം കാലിക പ്രസക്തമാണ്. 50 വര്‍ഷം മുന്‍പ് ദീര്‍ഘദര്‍ശനത്തോടെ എഴുതിയ കവിതയാണ് അത്. ലോകത്തെങ്ങും ദുരിതവും പ്രയാസവും അനുഭവിക്കുന്ന ജനങ്ങളുടെ പക്ഷം ചേര്‍ന്നു പാടിയ കവിയാണ് എന്‍. വി കൃഷ്ണവാര്യര്‍. സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്നും മന്ത്രി പറഞ്ഞു.
നെതര്‍ലാന്റ് നിയുക്ത ഇന്ത്യന്‍ സ്ഥാനപതിയും രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയുമായ വേണു രാജാമണിയെ ചടങ്ങില്‍ ആദരിച്ചു. കേരള മീഡിയ അക്കാഡമിയുടെ പുരസ്‌കാരമായ വയലിന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വേണുരാജാമണിക്ക് സമ്മാനിച്ചു. യുവജേര്‍ണലിസ്റ്റുകള്‍ക്ക് എന്‍. വി. കൃഷ്ണവാര്യര്‍ വലിയ പ്രചോദനമായിരുന്നുവെന്ന് വേണുരാജാമണി അനുസ്മരിച്ചു. കേരളവും നെതര്‍ലാന്റും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിദഗ്ധ പഠനം നടക്കണമെന്ന് ഡച്ച് സ്വാധീനം കേരളത്തില്‍ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ അദ്ദേഹം നിര്‍ദ്ദേശിച്ചു. കുളച്ചില്‍ യുദ്ധത്തെക്കുറിച്ചും തിരുവിതാംകൂറിന്റെ സഹായിയായി മാറിയ ഡിലനോയിയെക്കുറിച്ചും പഠനമുണ്ടാവണം. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ പഴയ ബന്ധം മറന്നിരിക്കുകയാണ്. ചരിത്രത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം ഉണ്ടാവണമെന്ന് വേണു രാജാമണി പറഞ്ഞു.
കേരളത്തിലെ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് നെതര്‍ലാന്റിന്റെ സഹായം തേടി
കേരളത്തിലെ നഗരങ്ങള്‍ക്ക് കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ദേവസ്വം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നെതര്‍ലാന്റ് നിയുക്ത സ്ഥാനപതി വേണു രാജാമണിയുടെ സഹായം തേടി. പ്രഥമ എന്‍. വി. കൃഷ്ണവാര്യര്‍ അനുസ്മരണ പ്രഭാഷണ ഉദ്ഘാടന ചടങ്ങിലാണ് സഹായം തേടിയത്.
കേരളത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള സാങ്കേതിക പരിഹാരം നെതര്‍ലാന്റിനുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ ഹരിതാഭമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. മാലിന്യ പ്രശ്‌നമാണ് പ്രധാന വിലങ്ങുതടി. നദികളെ ശുദ്ധീകരിക്കാന്‍ പര്യാപ്തമായ സാങ്കേതിക വിദ്യകളും നെതര്‍ലാന്റിനുണ്ട്. കേരളത്തിലെ പാര്‍വതീപുത്തനാര്‍ ഉള്‍പ്പടെയുള്ള ജലസ്രോതസുകളെ ഇത്തരം സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ശുദ്ധീകരിക്കണം.
കേരളത്തിലെ നദികളിലെ മാലിന്യം സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാക്കിയാല്‍ നെതര്‍ലാന്റില്‍ നിന്ന് സഹായം ലഭ്യമാക്കുന്നതിന് ശ്രമിക്കാമെന്ന് മുഖ്യപ്രഭാഷണം നടത്തിയ വേണു രാജാമണി പറഞ്ഞു. കേരളത്തിന്റെ ശുദ്ധജലപ്രശ്‌നം, മാലിന്യം, കൃഷി, ഉള്‍നാടന്‍ ജലഗതാഗതം, കനാലുകള്‍ വൃത്തിയാക്കല്‍, ഐ. ടി, ബയോടെക്‌നോളജി, സ്മാര്‍ട്ട് സിറ്റി എന്നിവയിലെല്ലാം നെല്‍ര്‍ലാന്റിന് സഹായിക്കാനാവും. ടൂറിസത്തിനൊപ്പം വാണിജ്യ മേഖലയിലും നെതര്‍ലാന്റുമായി പുതിയ ബന്ധം സ്ഥാപിക്കാന്‍ കേരളം ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.