കേരള മീഡിയ അക്കാദമി മ്യൂസിക് ക്ലബ് ജെറി അമല്‍ദേവ് ഉദ്ഘാടനം ചെയ്തു

കേരള മീഡിയ അക്കാദമി മ്യൂസിക് ക്ലബിന്റെ ഉദ്ഘാടനം മലയാള സിനിമാസംഗീത സംവിധാനശാഖയിലെ വേറിട്ട സാന്നിധ്യമായ ജെറി അമല്‍ദേവ് നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ‘ഹരിതകേരളം’ പദ്ധതിയുടെ സന്ദേശമേകാന്‍ ആയിരം ഗായകരെ അണിനിരത്തി കോറല്‍ സംഗീതം അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍-കോളേജ് തലത്തില്‍ ആരംഭിക്കുന്ന മീഡിയ ക്ലബ്ബുകളേക്കൂടി സഹകരിപ്പിച്ചുകൊണ്ട് കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് പരിപാടി സംഘടിപ്പിക്കുകയെന്ന് മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പറഞ്ഞു.
സംഗീതം വിനോദോപാധി മാത്രമല്ല, മനുഷ്യമനസ്സിനെ അനുഭൂതിയുടെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്ന വിജ്ഞാന ശാഖ കൂടിയാണെന്ന് ജെറി അമല്‍ദേവ് പറഞ്ഞു. അറേബ്യന്‍, ചൈനീസ്, ആഫ്രിക്കന്‍, യൂറോപ്യന്‍, ഇന്‍ഡ്യന്‍ എന്നിങ്ങനെ അഞ്ച് സംഗീത സംസ്‌കാരങ്ങളാണ് നിലവിലുള്ളത്. ഇതില്‍ ഏറ്റവും വികസിതമായത് ഇന്ത്യയുടെ വോക്കല്‍ സംഗീത വിഭാഗമാണ്. കേരള മീഡിയ അക്കാദമിയിലെ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയില്‍ ‘ആശയവിനിമയത്തിന് സംഗീതം’ എന്ന വിഷയത്തില്‍ ജെറി അമല്‍ദേവ് ക്ലാസെടുത്തു.

വൃത്തനിബദ്ധവും ആശയവ്യക്തതയുമുള്ള സാഹിത്യത്തില്‍ മികച്ച ഈണം ചേരുമ്പോഴാണ് ജനപ്രിയഗാനങ്ങള്‍ ഉണ്ടാകുന്നത്. കാവാലം നാരായണപ്പണിക്കര്‍, പി. ഭാസ്‌കരന്‍ എന്നിവര്‍ മികച്ച താളബോധത്തോടെ സാഹിത്യരചന നടത്തി സംഗീതത്തെ ഉള്‍ക്കൊണ്ടവരാണ്. കാവാലത്തിന്റെ പ്രശസ്തമായ ‘ആലായാല്‍ തറ വേണം എന്ന ഗാനവും കാവാലം നിമിഷനേരം കൊണ്ട് വരികളെഴുതി ജെറി അമല്‍ദേവിന്റെ തന്നെ സംഗീതത്തിലൂടെ പുറത്തുവന്ന ‘ഓക്കുമരക്കൊമ്പത്തെ കാക്കാലപൂങ്കുയിലേ എന്ന ഗാനവും വിദ്യാര്‍ത്ഥികളെക്കൊണ്ട് ഏറ്റുപാടിച്ച് സദസ്സിനെ കൈയിലെടുത്തു അദ്ദേഹം. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.ആര്‍. പ്രമോദ് കുമാര്‍, അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ലക്ചറര്‍ കെ. ഹേമലത, ജേര്‍ണലിസം വിദ്യാര്‍ത്ഥിനി ഗാനസരസ്വതി എന്നിവര്‍ സംസാരിച്ചു.