വാര്‍ത്തയില്‍ മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ല – മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍
മാധ്യമപ്രവര്‍ത്തകരുടെ പ്രാഥമികകര്‍ത്തവ്യം വാര്‍ത്തകള്‍ റിപ്പോര്‍ട്ട്് ചെയ്യുകയാണെന്നും ആ റിപ്പോര്‍ട്ടില്‍ സ്വന്തം അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ സ്‌കോളര്‍ ഇന്‍ കാമ്പസ് പരമ്പരയില്‍ മാധ്യമജാഗ്രത, പൗരാവകാശം, മൂല്യബോധം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വാര്‍ത്തകളില്‍ മാധ്യമപ്രവര്‍ത്തകന്റെയോ ചാനലിന്റെയോ അഭിപ്രായം തിരുകിക്കയറ്റി വായനക്കാരനെ മയക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. അഭിപ്രായങ്ങളിലൂടെ വാര്‍ത്തയുടെ ഗതിയെന്തെന്ന നിഗമനത്തിലെത്തുന്ന രീതി ചാനലുകളുടെ വിശ്വാസ്യത തകര്‍ക്കുകയാണെന്ന് പുതുതലമുറ തിരിച്ചറിയണം. നിസ്സാരമായ ബ്രേക്കിങ് ന്യൂസുകള്‍ക്ക് വേണ്ടി ഈ വിശ്വാസ്യത തകര്‍ക്കുന്നവര്‍ക്ക് മാധ്യമപ്രവര്‍ത്തനത്തിന്റെ ഔന്നത്യങ്ങള്‍ കീഴടക്കാനാവില്ല.
ഓരോ വാര്‍ത്തയും ഏതു ലക്ഷ്യത്തിനു വേണ്ടിയാണെന്ന തിരിച്ചറിവ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരിക്കണം. സത്യമില്ലാത്ത വാര്‍ത്തകള്‍ അതിനിരകളാക്കപ്പെടുന്നവരുടെ പൗരബോധത്തെ ഹനിക്കുന്നവയാണ്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ അത് വായനക്കാരനിലെത്തിക്കാന്‍ നല്ല ഭാഷ മാത്രം മതിയാകും. വിശ്വാസ്യതയുള്ള വാര്‍ത്തകളാണ് നമ്മുടെ പക്കലുള്ളതെങ്കില്‍ അതിന് പ്രത്യേക വര്‍ണ്ണനകളുടെ ആവശ്യമില്ല.
മാധ്യമങ്ങളുടെ കരുത്ത് ഏറ്റവും പ്രകടമായ കാലത്തിലൂടെയാണ് നമ്മള്‍ കടുന്നപോകുന്നത്. മനുഷ്യന്റെ ചിന്തയെയും മൂല്യബോധത്തെയും മനോവികാരത്തെയുമെല്ലാം ബാധിക്കുന്ന സര്‍വ്വവ്യാപിയായി മാധ്യമങ്ങള്‍ മാറിക്കഴിഞ്ഞു. അച്ചടി മാധ്യമങ്ങള്‍ക്കൊപ്പം ടെലിവിഷനും സോഷ്യല്‍ മീഡിയയും കൂടി ചേര്‍ന്നതോടെ അത് അന്യാദൃശമായ ഒരു ശക്തിയായി. മനുഷ്യസമൂഹത്തെ മാറ്റിമറിക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിയുന്നു. ആയുധം കയ്യിലുള്ള യോദ്ധാവിന്റെ ആത്മധൈര്യമാണ് ഇന്നത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ കരുത്ത്.
മാധ്യമജാഗ്രത, പൗരാവകാശം, മുല്യബോധം എന്നിവ പരസ്പരവിരുദ്ധമായ ധാരകളാണോ എന്ന സംശയം പലര്‍ക്കും ഉണ്ടാകും. മാധ്യമജാഗ്രതയില്ലെങ്കില്‍ പൗരാവകാശം ഹനിക്കപ്പെടും. സ്ഥായിയായ മൂല്യബോധം മാധ്യമപ്രവര്‍ത്തകര്‍ക്കില്ലെങ്കില്‍ പൗരാവകാശത്തെ സംരക്ഷിക്കാനുമാകില്ല.
ഓരോ വാര്‍ത്തയ്ക്കും സാമൂഹികപ്രതിബദ്ധത ഉണ്ടായിരിക്കണം. വാര്‍ത്ത കണ്ടെത്തി റിപ്പോര്‍ട്ട്് ചെയ്താല്‍ അതിനൊരു തുടരന്വേഷണം ഉണ്ടായിരിക്കണം. എന്നാല്‍ മാത്രമേ അതിന്റെ സാമൂഹികധര്‍മ്മം നിറവേറ്റാന്‍ കഴിയൂ. ജോലിയെടുക്കുന്ന മാധ്യമമേഖലയുടെ ശക്തിയില്‍ അഹങ്കരിച്ച് മുന്നോട്ടു പോകുന്നതില്‍ അര്‍ത്ഥമില്ല. പുലിപ്പുറത്ത് ഇരിക്കുമ്പോള്‍ മനുഷ്യനു കിട്ടു ശക്തി വാസ്തവത്തില്‍ പുലിയുടേതാണെന്ന തിരിച്ചറിവ് വേണം.
കോര്‍പ്പറേറ്റുകളുടെ സ്വകാര്യതാത്പര്യങ്ങള്‍ക്ക് വേണ്ടി ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടാല്‍ – പൊരുതി മുന്നോട്ടു പോകാനായില്ലെങ്കില്‍ – ആ ജോലി ഉപേക്ഷിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണം. മാധ്യമസ്വാതന്ത്ര്യവും എന്തിന് മൗലികാവകാശങ്ങള്‍ പോലും നിയന്ത്രണവിധേയമാണെന്ന് മനസ്സിലാക്കണം. പത്രപ്രവര്‍ത്തകര്‍ ധാര്‍മ്മികതയോടെ പ്രവര്‍ത്തിച്ചാല്‍ മാധ്യമജാഗ്രത നിറവേറ്റപ്പെടുമെന്ന് കെ. ജയകുമാര്‍ പറഞ്ഞു.
അച്ചടി – ദൃശ്യ -ശ്രാവ്യ – സാമൂഹികമാധ്യമങ്ങള്‍ക്ക് പൊതുഭാഷ രൂപീകരിക്കാന്‍ കേരള മീഡിയ അക്കാദമിയുടെയും മലയാളം സര്‍വകലാശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ ബൃഹദ് സംരംഭത്തിനു തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു ആധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.ആര്‍. പ്രമോദ് കുമാര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം. രാമചന്ദ്രന്‍, ലക്ചറര്‍മാരായ കെ. ഹേമലത, കെ. അജിത് തുടങ്ങിയവര്‍ പങ്കെടുത്തു.