അഭിപ്രായം തുറന്നു പറയുന്നവര്‍ നിശബ്ദരാക്കപ്പെടുന്നു: എം.പി. വീരേന്ദ്രകുമാര്‍
കാര്യങ്ങള്‍ തുറന്നു പറയുന്നവര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് മാതൃഭൂമി പത്രത്തിന്റെ മാനേജിംഗ് എഡിറ്ററും പാര്‍ലമെന്റംഗവുമായ എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. നാമെന്ത് ഭക്ഷണം കഴിക്കണം എന്തു പറയണം എന്ന് നിശ്ചയിക്കുന്നത് മറ്റു കേന്ദ്രങ്ങളാണ്. വീട്ടില്‍ വിളക്കാണോ, മെഴുകുതിരിയാണോ കത്തിക്കേണ്ടത് എന്നത് പോലും തര്‍ക്കവിഷയമാണ്. അഭിപ്രായം തുറന്നു പറയുന്നവര്‍ നിശബ്ദരാക്കപ്പെടുന്നു. പ്രതിഷേധിക്കുന്ന ശബ്ദം നേര്‍ത്തതാണെങ്കിലും ചെറുത്തു നില്‍ക്കുകതന്നെ വേണം – വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമിയില്‍ നിന്ന് 2015-16 വര്‍ഷത്തില്‍ ഒന്നാം റാങ്കു നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡ് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
എന്‍. എന്‍. സത്യവ്രതന്‍ ഒരു വ്യക്തിയായിരുന്നില്ല; ഒരു പ്രസ്ഥാനം തന്നെയായിരുന്നുവെന്നും ജനങ്ങളുമായി അടുത്തബന്ധം പുലര്‍ത്തിയ പത്രപ്രവര്‍ത്തകനായിരുന്നുവെന്നും മാതൃഭൂമിയില്‍ സത്യവ്രതന്‍ പ്രവര്‍ത്തിച്ച കാലം ഓര്‍ത്തെടുത്തുകൊണ്ട് വീരേന്ദ്രകുമാര്‍ പറഞ്ഞു.
മാധ്യമലോകം ഇരുണ്ടകാലഘട്ടത്തിലൂടെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് വിദ്യാധനം ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി പ്രൊഫ. കെ.വി. തോമസ് എം.പി. അഭിപ്രായപ്പെട്ടു. സ്വതന്ത്രചിന്തകരും മാധ്യമപ്രവര്‍ത്തകരും നിശബ്ദരാക്കപ്പെടുന്ന പശ്ചാത്തലത്തില്‍ ജാഗ്രതയുടെ ശബ്ദം ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് സദസ്സിനെ സ്വാഗതം ചെയ്തുകൊണ്ട് പ്രൊഫ. കെ.വി. തോമസ് എം.പി. പറഞ്ഞു.
മലയാളപത്രലോകത്തെ പ്രൊഫഷണലൈസ് ചെയ്ത വ്യക്തിയാണ് എന്‍.എന്‍. സത്യവ്രതനെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അനുസ്മരിച്ചു.
മാതൃഭൂമിയുടെ മുഖവും ശക്തിയും ശബ്ദവുമായിരുന്നു നല്ല ട്രേഡ് യൂണിയന്‍ നേതാവുകൂടിയായിരുന്ന സത്യവ്രതനെന്ന് അനുസ്മരണപ്രഭാഷണത്തില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ് പറഞ്ഞു. അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ് സംസാരിച്ചു.
ജേര്‍ണലിസം & കമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ എസ്. രാംകുമാര്‍, ടെലിവിഷന്‍ ജേര്‍ണലിസത്തില്‍ അക്ഷയ കെ.പി, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങില്‍ ജെ. ദേവീകൃഷ്ണ എന്നിവര്‍ സ്വര്‍ണ്ണമെഡലും കാഷ് അവാര്‍ഡും ഏറ്റുവാങ്ങി.
അക്കാദമി മുന്‍ ചെയര്‍മാന്‍ വി.പി. രാമചന്ദ്രന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി. രാജന്‍, അക്കാദമി മാധ്യമവിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംബന്ധിച്ച ചടങ്ങിന് കേരള ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ എന്‍.എന്‍. സുഗുണപാലന്‍ നന്ദി പ്രകാശിപ്പിച്ചു.