പൊള്ളുന്ന അറിവ് പ്രദാനം ചെയ്യാത്ത ഗവേഷണം പ്രതിലോമകരം ഡോ. രാജന്‍ ഗുരുക്കള്‍
പൊള്ളുന്ന അറിവ് പ്രദാനം ചെയ്യാത്ത ഗവേഷണം പ്രതിലോമകരമാകുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ മാധ്യമപ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രത്യക്ഷത്തില്‍ കാണുന്നതിനെ വിവരിക്കുന്നതില്‍ ഗവേഷണം ഒതുങ്ങുന്നില്ല. അപഗ്രഥനമാണ് പ്രധാനം. വ്യക്തിയുടെ ദു:ഖവും ഇല്ലായ്മയും മാധ്യമങ്ങള്‍ ചിത്രീകരിക്കാറുണ്ട്. പക്ഷെ ആ ദു:ഖവും ഇല്ലായ്മയും സാമൂഹ്യവ്യവസ്ഥിതിയുടെ നിര്‍മ്മിതിയാണ്. ആ കാഴ്ച്ചപ്പാട് ഗവേഷണത്തില്‍ ഉണ്ടാകണം. അത്തരം പൊള്ളുന്ന അറിവുകള്‍ ആളുകളെ തിരിച്ചറിവില്‍ എത്തിക്കും.
സൂക്ഷ്മ മാധ്യമഗവേഷണം തീവ്രസത്യങ്ങളെ വെളിവാക്കും. അത് അതിശക്തമായ സാമൂഹ്യ സ്‌ഫോടനങ്ങള്‍ക്ക് വഴിതെളിക്കും. പ്രത്യക്ഷത്തില്‍ കാണുന്ന പല സത്യങ്ങളും സൂക്ഷ്മ ഗവേഷണത്തില്‍ അപ്രിയസത്യങ്ങളായി പരിണമിക്കുമ്പോള്‍ ഗവേഷണം ഗുണകരമാകുമെന്നും രാജന്‍ ഗുരുക്കള്‍ അഭിപ്രായപ്പെട്ടു.
കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷനായിരുന്നു. കേരള സര്‍വ്വകലാശാല മുന്‍ പ്രോ വൈസ്ചാന്‍സലര്‍ ഡോ. ജെ. പ്രഭാഷ്, ഡോ. അച്യുത് ശങ്കര്‍, അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം. ശങ്കര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ് സ്വാഗതവും മാതൃഭൂമി സബ് എഡിറ്റര്‍ സിസി ജേക്കബ് നന്ദിയും പറഞ്ഞു. അക്കാദമി മാധ്യമ ഫെലോഷിപ്പിന് അര്‍ഹരായ 29 മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു.