ഭരണകൂടനിസ്സംഗതയ്‌ക്കെതിരേ ഇനിയും പ്രതികരിക്കും – കാര്‍ട്ടൂണിസ്റ്റ് ബാല

എന്തെല്ലാം ഭീഷണികളുണ്ടായാലും ഭരണകൂടത്തിന്റെ നിസ്സംഗതയ്‌ക്കെതിരേ ഇനിയും പ്രതികരിക്കുമെന്ന് കാര്‍ട്ടൂണിസ്റ്റ് ജി. ബാല. ഭയപ്പെടുത്തി നിശ്ശബ്ദമാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുനല്‍വേലിയില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയെയും കളക്ടറെയും പോലീസിനെയും വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന് ബാലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദേശീയ മാധ്യമ ദിനാചാരണത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമിയും എറണാകുളം പ്രസ് ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച ‘വരയും വാക്കും വിലങ്ങും’- മാധ്യമ സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വട്ടിപ്പലിശക്കാരുടെ ഭീഷണി മൂലം നാലംഗ കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം എന്നെ ആഴത്തില്‍ വേദനിപ്പിച്ചു. പൊള്ളലേറ്റു മരിച്ച കുഞ്ഞിന് എന്റെ മകന്റെ പ്രായമേയുള്ളൂ. രണ്ടു ദിവസം ഉറങ്ങാനായില്ല. തുടര്‍ന്നാണ് പൊള്ളലേറ്റ് പിടയുന്ന കുട്ടിക്ക് മുന്‍പില്‍ മുഖ്യമന്ത്രിയും ജില്ലാകളക്ടറും കമ്മീഷണറും നോട്ടുക്കെട്ടു കൊണ്ട് നഗ്‌നത മറയ്ക്കുന്ന കാര്‍ട്ടൂണ്‍ വരച്ചത്.
ആ കുടുംബത്തിന്റെ ആത്മഹത്യ തമിഴ്‌നാട്ടിലെ ജനങ്ങളെ ഏറെ വേദനിപ്പിച്ച ഒന്നാണ്. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് ഒരു കുറ്റവാളി എന്നപോലെയാണ് പോലീസ് എന്നെ പിടിച്ചുകൊണ്ടുപോയത്. ഭയപ്പെടുത്തി നിശ്ശബ്ദരാക്കുകയെന്ന മാര്‍ഗമാണ് അധികാരികള്‍ പിന്തുടരുന്നത്. ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്ന എല്ലാവര്‍ക്കും നേരിടേണ്ടിവരുന്ന അവസ്ഥയാണിത്. പണം കൊടുത്ത് പലരെയും അവര്‍ക്ക് വിലയ്ക്ക് വാങ്ങാനാകും. സാമൂഹിക മാധ്യമങ്ങളിലൂടെ എല്ലാം ഇന്ന് ജനങ്ങള്‍ക്കു മുന്നിലെത്തുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ വായടയ്ക്കാനാകില്ല. തമിഴ്‌നാട്ടിലെ കാര്‍ട്ടൂണിസ്റ്റുകളില്‍ നിന്ന് ലഭിച്ചതിനെക്കാള്‍ ഏറെ പിന്തുണ കേരളത്തില്‍ നിന്ന് ലഭിച്ചെന്നും ബാല പറഞ്ഞു. മാധ്യമങ്ങളും ജുഡീഷ്യറിയും പരസ്പരവിരുദ്ധമായല്ല പ്രവര്‍ത്തിക്കേണ്ടതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത റിട്ട ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. ജനാധിപത്യ സംരക്ഷണത്തില്‍ ഇരുകൂട്ടര്‍ക്കും തുല്യപങ്കാണുള്ളത്. ജനാധിപത്യത്തില്‍ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനൊപ്പം വിമര്‍ശനസ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം നടത്തുവര്‍ക്കു സംരക്ഷണം നല്‍കേണ്ട പ്രസ്ഥാനങ്ങള്‍ പോലും അതില്‍ പരാജയപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളതെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു. രാജ്യത്ത് ദേശീയ മാധ്യമ ദിനം ആചരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ജന്മദിനം മാധ്യമദിനമായി ആചരിക്കുന്ന നാം അധികം വൈകാതെ പ്രസ് കൗണ്‍സിലിന്റെ ചരമ ദിനവും ആചരിക്കേണ്ടിവരും. മാധ്യമപ്രവര്‍ത്തനം ഭീഷണി നേരിട്ട ഒരവസരത്തിലും പ്രതികരിക്കാനും ഇടപെടാനും പ്രസ് കൗണ്‍സില്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍. എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു. എറണാകുളം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഡി. ദിലീപ് , മീഡിയ അക്കാദമി സെക്രട്ടറി കെ. ജി. സന്തോഷ്, പ്രസ് ക്ലബ്ബ് സെക്രട്ടറി സുഗതന്‍ പി. ബാലന്‍, കാര്‍ട്ടൂണിസ്റ്റ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.