ദേശീയ വനിത മാധ്യമ കോണ്‍ക്ലേവ് ഡിസംബറില്‍; ലോഗോ ക്ഷണിച്ചു

കേരള മീഡിയ അക്കാദമി കാലിക്കറ്റ് പ്രസ് ക്ലബ്, സംസ്ഥാന വനിതാകമ്മീഷന്‍, യൂത്ത് കമ്മീഷന്‍, നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ എന്നിവരുടെ സംയുക്ത സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദേശീയ വനിതാ മാധ്യമ ശില്പശാല ഡിസംബര്‍ അവസാന വാരം നടക്കും. മൂന്നു ദിവസത്തെ ശില്‍പശാലയിലേക്ക് ലോഗോ ക്ഷണിച്ചു. മാധ്യമപ്രവര്‍ത്തകരും അല്ലാത്തവരുമായ സ്ത്രീകള്‍ക്ക് ലോഗോ അയക്കാം. നവംബര്‍ 28 ന് മുമ്പായി nwjcentries@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കണം.
തെരഞ്ഞെടുക്കുന്ന ലോഗോ 5001 രൂപ ക്യാഷ് പ്രൈസ് നല്‍കും. ഫോണ്‍ 0495 2721860 (കാലിക്കറ്റ് പ്രസ് ക്ലബ്).
മാധ്യമരംഗത്ത് വനിതകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാവുന്ന കോണ്‍ക്ലേവില്‍ കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ വ്യക്തികളും മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കും. വനിതാ മാധ്യമ നയരൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ക്കും സെമിനാറുകള്‍ക്കും പുറമേ കോണ്‍ക്ലേവിന്റെ ഭാഗമായി ഫോട്ടോ പ്രദര്‍ശനവും സാംസ്‌കാരിക പരിപാടികളും നടക്കും. ഇന്നലെ കാലിക്കറ്റ് പ്രസ് ക്ലബില്‍ ചേര്‍ന്ന യോഗത്തില്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് ചെയര്‍പേഴ്‌സണും റജി ആര്‍.നായര്‍ (മാതൃഭൂമി) ജനറല്‍ കണ്‍വീനറുമായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. യോഗത്തില്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, സെക്രട്ടറി കെ.ജി. സന്തോഷ് , കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, ജില്ലാ പ്രസിഡന്റ് കെ. പ്രേമനാഥ്, സെക്രട്ടറി പി.വിപുല്‍നാഥ്, ട്രഷറര്‍ കെ.സി. റിയാസ്, ജോ. സെക്രട്ടറി സി.പി.എം. സഈദ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി. സതീദേവി, മുന്‍മന്ത്രിയും കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗവുമായ എം.ടി പത്മ, വനിതാ കമ്മീഷന്‍ മുന്‍ അംഗം ടി ദേവി തുടങ്ങിവര്‍ പങ്കെടുത്തു.