ജനസാമാന്യത്തെ ബാധിക്കുന്ന വാര്‍ത്തകളില്‍ സെന്‍സറിങ്ങ് ആവശ്യമില്ലെന്ന് തക്കൂര്‍ത്ത
കോര്‍പ്പറേറ്റുകള്‍ക്കും രാഷ്ട്രീയ പ്രചരണങ്ങള്‍ക്കും അടിമപ്പെടാതെ, ജനസാമാന്യത്തെ ബാധിക്കുന്ന വാര്‍ത്തകളില്‍ അനാവശ്യമായ സെന്‍സറിങ്ങ് നടത്താതെയുള്ള പത്രപ്രവര്‍ത്തനമാണ് വേണ്ടതെന്ന് ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയുടെ മുന്‍ പത്രാധിപന്‍ പരന്‍ജോയ് ഗുഹ തക്കൂര്‍ത്ത പറഞ്ഞു. കേരള മീഡിയ അക്കാദമിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് എക്‌സിക്യൂീട്ടവ് എഡിറ്ററായിരുന്ന സി.പി. രാമചന്ദ്രന്‍ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളുടെ പരസ്യവരുമാനം കുറയുന്നത് സര്‍ക്കാരിനോട് അടിമത്തമനോഭാവം ഉണ്ടാക്കാനിടയാക്കുന്നതായി പരന്‍ജോയ് ഗുഹ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ വിമര്‍ശനത്തിലൊതുങ്ങുന്ന മാധ്യമപ്രവര്‍ത്തനമാണ് പലരും നടത്തുന്നത്. ആശയവിനിമയത്തിനുള്ള ശക്തമായ ഉപാധിയായി സാധാരണക്കാരന്റെ കൈയ്യിലെ മൊബൈല്‍ ഫോണ്‍ മാറിക്കൊണ്ടിരിക്കുന്നു. വലിയ ബിസിനസ് ഗ്രൂപ്പുകള്‍ സര്‍ക്കാരിനേക്കാള്‍ വലിയ പവ്വര്‍ ഹൗസുകള്‍ ആയി മാറിക്കഴിഞ്ഞു. ജനാധിപത്യ വ്യവസ്ഥയില്‍ മാധ്യമങ്ങള്‍ സ്വതന്ത്രമായേ തീരൂ. എന്നാല്‍ ഇന്ത്യയില്‍ വാര്‍ത്താപ്രക്ഷേപണം നടത്തുന്ന ഏറ്റവും ജനകീയ മാധ്യമമായ റേഡിയോ സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണ് ഇപ്പോഴും. പത്രമുടമകളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കേണ്ടി വരുന്നു. ഇന്ന് പ്രചരിക്കുന്ന പല വാര്‍ത്തകളും തെറ്റായ വിവരങ്ങളിലൂടെ ഉണ്ടാവുന്നതല്ല, മറിച്ച് നുണകളില്‍ നിന്ന് സൃഷ്ടിക്കപ്പെടുന്നവയാണ് എന്നും അദ്ദേഹം ആരോപിച്ചു.
പോത്തന്‍ ജോസഫ് സ്മാരകപ്രഭാഷണവും ഇതേ വേദിയില്‍ നടന്നു. പരമ്പരാഗത മാധ്യമങ്ങളുടെ വരുമാന സ്രോതസ്സുകള്‍ മാറിക്കൊണ്ടിരിക്കുന്നതായി പോത്തന്‍ ജോസഫ് സ്മാരകപ്രഭാഷണം നടത്തിയ ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടല്‍ ‘ദി വയറി’ന്റെ സ്ഥാപക എഡിറ്റര്‍മാരില്‍ ഒരാളായ എം.കെ. വേണു പറഞ്ഞു. ‘ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തില്‍ സംസാരിച്ച അദ്ദേഹം മാധ്യമലോകത്തേക്കുള്ള കോര്‍പ്പറേറ്റ് കടന്നുകയറ്റത്തെ ചെറുത്ത് നൈസര്‍ഗിക മാധ്യമപ്രവര്‍ത്തനം നടത്താന്‍ ഓണ്‍ലൈന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് സാധിക്കുമെന്ന് അഭിപ്രായപ്പെട്ടു. തുടങ്ങുന്നതിനും നടത്തിപ്പിനും പരമ്പരാഗത മാധ്യമങ്ങള്‍ക്ക് ആവശ്യം വരുന്നതിന്റെ പത്തില്‍ ഒന്നു മാത്രമേ മുടക്കുള്ളൂ. ഉള്ളടക്കം സത്യസന്ധമെങ്കില്‍ മറ്റൊരു മാനദണ്ഡവും വായനക്കാര്‍ പരിശോധിക്കില്ല.
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം. ശങ്കര്‍ അധ്യക്ഷനായ ചടങ്ങില്‍ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍ ലക്ചറര്‍ കെ. ഹേമലത സ്വാഗതവും ടെലിവിഷന്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിനി രജനി എസ്. നായര്‍ നന്ദിയും പ്രകാശിപ്പിച്ചു..