ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോ ഫെസ്റ്റിവല്‍ : വനിതാ ഫോട്ടോ ജേണലിസ്റ്റുകളെ ആദരിക്കും

കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റേയും കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ്, തിരുവനന്തപുരം പ്രസ് ക്ലബ് എന്നിവയുടേയും സഹകരണത്തോടെ തിരുവനന്തപുരത്ത് 2018 മാര്‍ച്ച് 08,09,10,11 തീയതികളില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോ ഫെസ്റ്റ് കേരള രണ്ടാം എഡിഷന്റെ മുന്നോടിയായി ഏഴിന് തിരുവനന്തപുരം ഗവ. വനിതാകോളേജില്‍ വനിതാഫോട്ടോ ജേണലിസ്റ്റുകളെ ആദരിക്കും. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിഖ്യാത ഇന്ത്യന്‍ ഫോേട്ടാജേണലിസ്റ്റുകളായ ഷിപ്രാദാസ്, സരസ്വതി ചക്രബര്‍ത്തി എന്നിവരെയും കേരളത്തിലെ പ്രമുഖ വനിതാ പ്രസ് ഫോട്ടോഗ്രാഫറായ രാഖി കേരളത്തിലെ ആദ്യത്തെ ടെലിവിഷന്‍ ക്യാമറ പേഴ്‌സസ് ആയ അനുപമ, ഷാജില എന്നിവരെയുമാണ് ആദരിക്കുന്നത്. വനിതാഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ദേശീയ ശ്രദ്ധ നേടിയ വാര്‍ത്താ ചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കും.
ഫോട്ടോ ഫെസ്റ്റിനോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് മത്സരിക്കാവുന്ന ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കും. വനിതാദിനത്തിന്റെ ഭാഗമായി് ‘സ്ത്രീ’ എന്ന വിഷയത്തിലാണ് മത്സരം. എല്ലാ വിഭാഗങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മൊബൈല്‍ ക്യാമറ ഉപയോഗിച്ചും ചിത്രമെടുക്കാം. വിജയികള്‍ക്ക് ക്യാമറ സമ്മാനമായി നല്‍കും. മാര്‍ച്ച് 6 മുതല്‍ 9 ന് വൈകുന്നേരം മൂന്നു വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. ippfkclick@gmail.com എന്ന ഇമെയില്‍ വിലാസത്തിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്.