മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ് പി.പി. ലിബീഷ്‌കുമാറിന്

കേരള പ്രസ് അക്കാദമിയുടെ 2012-ലെ മികച്ച പ്രാദേശിക ലേഖകനുള്ള മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന് മാതൃഭൂമി കാസര്‍കോഡ് ലേഖകന്‍ പി.പി.ലിബീഷ്‌കുമാര്‍ അര്‍ഹനായി.  25,000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.  മാതൃഭൂമി ദിനപത്രത്തില്‍ 2012 ജൂലൈ 27, സെപ്തംബര്‍ രണ്ട്, എട്ട്് തീയതികളില്‍ പ്രസിദ്ധീകരിച്ച  ‘മൊഗ്രാല്‍ പുത്തൂരിന്റെ ദുരിതകാഴ്ചകള്‍’  എന്ന റിപ്പോര്‍ട്ടാണ് അവാര്‍ഡിന് അര്‍ഹമായത്.  മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, വി.ഇ.ബാലകൃഷ്ണന്‍, ആബെ ജേക്കബ് എന്നിവരാണ് അവാര്‍ഡിനുള്ള എന്‍ട്രികള്‍ പരിശോധിച്ചത്.

എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച ഗ്രാമങ്ങളുടെ ഇനിയും പറഞ്ഞുതീരാത്ത ദുരിതകാഴ്ചകളുടെ കണ്ണീര്‍ കഥകളാണ് ലേഖകന്‍ മൊഗ്രാല്‍ പൂത്തൂരില്‍ നിന്നും വായനക്കാരുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്.  ഒരു തലമുറയെ മുഴുവന്‍ മാനസികവും ശാരീരികവുമായ വൈകല്യങ്ങളില്‍ കുരുക്കിയിട്ട എന്‍ഡോസള്‍ഫാന്റെ ക്രൂരതയും നരകതുല്യമായ ജീവിതം തള്ളിനീക്കുന്ന കുഞ്ഞുങ്ങളുടെ സങ്കടങ്ങളും മനുഷ്യമനസ്സാക്ഷിയുടെ നോവ് ആയി അനുഭവപ്പെടുന്നുണ്ടെന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി അഭിപ്രായപ്പെട്ടു.

കോഴിക്കോട് ജില്ലയിലെ പീലിക്കോട് സ്വദേശിയായ പി.പി.ലിബീഷ്‌കുമാര്‍ 2010 ജൂലൈ മുതല്‍ മാതൃഭൂമി കാസര്‍കോട് ബ്യൂറോ ലേഖകനാണ്.  2012-ല്‍ സി.പി.ശ്രീധരന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് ലഭിച്ചു.   കഥാകൃത്ത്കൂടിയായ ലേഖകന് കലാ കഥാ സമ്മാനം, ജിദ്ദ അരങ്ങ് കലാസാഹിത്യവേദിയുടെ മിനിക്കഥാ സമ്മാനം, അന്വേഷി കഥാ അവാര്‍ഡ്, ഉണര്‍വ്വ് മിനിക്കഥ സമ്മാനം, നവരശ്മി കഥാ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.  അങ്ങാടിപ്പക്ഷി, ചില നേരങ്ങളില്‍ മീനാക്ഷി എന്നീ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ഫോണ്‍ :  9447851897.  ഇ-മെയില്‍ libeeshkumar05@gmail.com