എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡ് ടി.അജീഷിന്
2012ല്‍ കേരളത്തിലെ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്ക് കേരള പ്രസ് അക്കാദമി ഏര്‍പ്പെടുത്തിയ എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡിന് മലയാള മനോരമ സീനിയര്‍ സബ് എഡിറ്റര്‍ ടി.അജീഷ് അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
2012 ഫെബ്രുവരി 26-ന് മലയാള മനോരമ സഡേ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ച ‘പ്ലീസ്, ഒന്ന് കയ്യടിക്കൂ….’ എന്ന ഫീച്ചറിനാണ് അവാര്‍ഡ്. തേജസ് ദിനപത്രം അസോസിയേറ്റ് എഡിറ്റര്‍ ജമാല്‍ കൊച്ചങ്ങാടി, കേരള സര്‍വകലാശാല ജേര്‍ണലിസം വകുപ്പ് അസി.പ്രൊഫസര്‍ ഡോ.എം.എസ്.ഹരികുമാര്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.ബാലകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളായ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡിനുള്ള എന്‍ട്രികള്‍ പരിശോധിച്ചത്.
സെറിബ്രല്‍ പാള്‍സി ബാധിച്ച തങ്ങളുടെ മകനെ, മറ്റു മക്കളോടൊപ്പം യാതൊരു വിവേചനവുമില്ലാതെ വളര്‍ത്തി ഉയരങ്ങളില്‍ എത്തിച്ച മാതാപിതാക്കള്‍ സമൂഹത്തിന് നല്‍കുന്ന മഹത്തായ സന്ദേശം വായനക്കാരില്‍ എത്തിക്കുന്നതില്‍ ലേഖകന്‍ വിജയിച്ചതായി ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.
സെറിബ്രല്‍ പാള്‍സി ബാധിച്ച് യാതനനേരിടുന്ന നിരവധി കുട്ടികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവര്‍ക്ക് താങ്ങും തണലും പ്രചോദനവുമാകേണ്ട മാതാപിതാക്കള്‍ നിസ്സഹായരായി നില്‍ക്കുന്ന കാഴ്ചക്കിടയിലാണ് സമൂഹത്തിനാകെ പ്രചോദനമാകുംവിധം ബൗദ്ധീകവും വിദ്യാഭ്യാസപരവുമായ വിസ്മയനേട്ടം കൈവരിച്ച ഒരാളുടെ ജീവിതകഥ മറ്റുള്ളവര്‍ക്കുകൂടി വെളിച്ചംപകരുംവിധം ആകര്‍ഷകമായ ഭാഷയില്‍ അവതരിപ്പിക്കാന്‍ ലേഖകന് കഴിഞ്ഞിട്ടുള്ളതെന്ന് ജഡ്ജിംഗ് കമ്മിറ്റി അഭിപ്രായപ്പെ’ു.
മലയാള മനോരമ കണ്ണൂര്‍ യൂണിറ്റില്‍ സീനിയര്‍ സബ് എഡിറ്ററായ ടി.അജീഷ് മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പുല്ലിപ്പറമ്പ് തേനേരി ഗോപാലന്‍ തങ്കം ദമ്പതികളുടെ മകനാണ്. പത്രപ്രവര്‍ത്തനത്തിന് പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട’് ഓഫ് ഇന്ത്യയുടെ ദേശീയ പുരസ്‌കാരം, സാന്ത്വനം പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.