നിര്‍ഭയമായ അന്തരീക്ഷം വീണ്ടെടുക്കാന്‍ കഴിയണം: മുഖ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തു വിരുദ്ധ അഭിപ്രായങ്ങള്‍ക്കു നേരെ വെടിയുണ്ടയുടെ അന്തരീക്ഷമാണു നിലവിലുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിര്‍ഭയമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുളള അന്തരീക്ഷം വീണ്ടെടുക്കണം. അന്തരിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ ടിവിആര്‍ ഷേണായിയെക്കുറിച്ചു സഹപ്രവര്‍ത്തകര്‍ പങ്കുവച്ച ഓര്‍മകള്‍ സമാഹരിച്ചു കേരള മീഡിയ അക്കാദമി പുറത്തിറക്കിയ – ടിവി ആര്‍ ഷേണായി: എ സെന്റിനെല്‍ ഓഫ് അവര്‍ ടൈംസ്- എ ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി പുസ്തകം ഏറ്റുവാങ്ങി. കേരള ഹൗസ് സമ്മേളന ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍. എസ്. ബാബു അധ്യക്ഷനായിരുന്നു. ടിവിആറിന്റെ സുഹൃത്തും ഡല്‍ഹിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ഡി. വിജയമോഹന്‍ സ്വാഗതപ്രസംഗത്തില്‍ തങ്ങളുടെ സൗഹൃദത്തിന്റെ ഓര്‍മകള്‍ പങ്കുവച്ചു.
മലയാള പത്രപ്രവര്‍ത്തകന്‍ എന്നതിലുപരി മലയാളിയായ ഇന്ത്യന്‍ പത്രപ്രവര്‍ത്തകനാണ് ടിവിആര്‍ ഷേണായിയെന്നു മുഖ്യമന്ത്രി പറഞ്ഞു. താനുള്‍പ്പെട്ട സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തു ഇടപെടലുകള്‍ നടത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തനിക്കു ചുറ്റുമുളള രാഷ്ട്രീയ അന്തരീക്ഷം മാറ്റിയെടുക്കാനും കഴിഞ്ഞു. പത്രപ്രവര്‍ത്തകനായ ഷേണായിയില്‍ ആദ്യമൊന്നും രാഷ്ട്രീയം പ്രതിഫലിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തിപരമായ നേട്ടത്തില്‍നിന്നായിരുന്ന്ില്ല, മറിച്ച് അദ്ദേഹത്തിന്റെ ബോധ്യത്തില്‍ നിന്നായിരുന്നു. ഈ അന്തരീക്ഷം ഇന്നില്ല, വിരുദ്ധ അഭിപ്രായങ്ങള്‍ ഭീഷണി നേരിടുന്നു. കാഷ്മീരില്‍ ഇയിടെ വെടിയേറ്റു മരിച്ച പത്രപ്രവര്‍ത്തകന്‍ ഷുജ ബുഖാരിയ്ക്കുണ്ടായ അനുഭവം ഉദാഹരണമാക്കി അദ്ദേഹം പറഞ്ഞു. നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാര, ഗൗരി ലങ്കേഷ് തുടങ്ങിയവരും ഇത്തരത്തില്‍ വെടിയുണ്ടയ്ക്കിരയായി.
വ്യത്യസ്ത അന്തരീക്ഷത്തില്‍ പൊതുമണ്ഡലം സൃഷ്ടിച്ചെടുക്കണം. അതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. വിവിധ വിഷയങ്ങള്‍ ദേശീയതലത്തില്‍ അവതരിപ്പിക്കാന്‍ ഷേണായിയ്ക്കു കഴിഞ്ഞു. 1969 ലെ കോണ്‍ഗ്രസ് പിളര്‍പ്പ്, ഗോവ വിഭജനം, പോര്‍ച്ചുഗീസ് പിന്‍മാറ്റം, അടിയന്തിരാവസ്ഥ, ഇന്ദിര, രാജീവ് വധം തുടങ്ങിയ ചരിത്രസംഭവങ്ങള്‍ ജനങ്ങളിലെത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. പ്രധാനമന്ത്രിയുടെ കൂടെ യാത്ര പോകുന്നതും അതിര്‍ത്തിയിലെ യുദ്ധ റിപ്പോര്‍ട്ടിംഗും ഒന്നായി കണ്ടു. പുതിയ തലമുറയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കു പാഠമാണ് അദ്ദേഹത്തിന്റെ ജീവിതമെന്നു മുഖ്യമന്ത്രി പറഞ്ഞു.
മലയാള പത്രപ്രവര്‍ത്തക സമൂഹം ടിവിആര്‍ ഷേണായിയ്ക്കു സമര്‍പ്പിക്കുന്ന ഗുരുപൂജയാണു മീഡിയ അക്കാഡമി പുറത്തിറക്കിയ പുസ്തകമെന്നു മുന്‍ പ്രതിരോധമന്ത്രിയും ഷേണായിയുടെ സഹപാഠിയും കുടുംബ സുഹൃത്തുമായ എ. കെ. ആന്റണി പറഞ്ഞു. 1959 മുതല്‍ 59 വര്‍ഷത്തെ സുഹൃദ് ബന്ധം അദ്ദേഹം അനുസ്മരിച്ചു. മഹാരാജാസ് കോളേജില്‍ ആരംഭിച്ചതാണ് അദ്ദേഹവുമായുള്ള സൗഹൃദം. ഏതുകാര്യത്തിലും സംശയനിവാരണത്തിന് അദ്ദേഹത്തിനു കഴിഞ്ഞു. രാഷ്്രടീയ നിലപാടുകള്‍ ഉണ്ടായിരുന്നെങ്കിലും വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിനായി. കേരളത്തിലെ വികസനകാര്യങ്ങളില്‍ അങ്ങേയറ്റം ശ്രദ്ധ പുലര്‍ത്തി.
ഇന്ത്യയിലെ ഇന്നത്തെ അന്തരീക്ഷം അപകടകരമായ നിലയിലേക്കാണു പോകുന്നത്. മൗലിക അവകാശങ്ങള്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെ ചെറുക്കാന്‍ കഴിയണം. ഇന്ത്യ പഴയ ഇന്ത്യയാകണം. ഭരണഘടനയിലൂന്നിയ ഇന്ത്യയെ പുനഃസ്ഥാപിക്കണം. മൗലിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ഇപ്പോഴത്തെ പോക്ക് സര്‍വനാശത്തിലേക്കാണെന്നും ഇതു തടയാന്‍ എല്ലാവരും ഒന്നിക്കണമെന്നും ആന്റണി പറഞ്ഞു.
ടിവിആറിന്റെ അഭിപ്രായങ്ങളോടും നിരീക്ഷണങ്ങളോടും വിയോജിപ്പുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ രാഷ്്ട്രീയ വ്യക്തിത്വം അംഗീകരിക്കാന്‍ തയാറായ കാലമുണ്ടായിരുന്നു. അങ്ങനെയൊരു ഇന്ത്യയാണു നമുക്ക് വേണ്ടതെന്ന്് അദ്ദേഹത്തിന്റെ ആത്മസുഹൃത്തുക്കളിലൊരാളും മുന്‍ സാംസ്‌കാരിക വകുപ്പു മന്ത്രിയുമായ എം എ ബേബി പറഞ്ഞു. കായികം, സംഗീതം ഉള്‍പ്പെടെ അദ്ദേഹത്തിന്റെ വിജ്ഞാന മേഖലകള്‍ വിശാലമായിരുന്നു. അനിതര സാധാരണമായ വ്യക്തിത്വത്തിനുടമയായിരുന്നു ടിവിആര്‍ എന്നും ബേബി പറഞ്ഞു.
നര്‍മവും നന്‍മയും ഇടകലര്‍ന്ന വ്യക്തിത്വത്തിനുടമയായിരുന്നു ടിവിആര്‍ ഷേണായി എന്ന്് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും ഷേണായിയുടെ സുഹൃത്തുമായ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ജനാധിപത്യത്തിന്റെ അന്തഃസത്തയായ സൗമനസ്യം കാണിക്കാന്‍ തയാറായി എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത. ഇന്ന്് സ്വന്തം രാഷ്ട്രീയം മറച്ചുവച്ചുള്ള മാധ്യമ പ്രവര്‍ത്തനമാണു പലരും നടത്തുന്നത്. എല്ലാവരുമായി സംവദിക്കാനും പെരുമാറാനുമുള്ള ഗുണപാഠം കൂടിയാണു ടിവിആര്‍ എന്ന്് ബ്രിട്ടാസ് പറഞ്ഞു. ടിവിആര്‍ ഷേണായിയുടെ ഭാര്യ സരോജം വേദിയില്‍ സിഹിതയായിരുന്നു. യോഗത്തില്‍ ഓംചേരി എന്‍. എന്‍. പിള്ള, എ. സമ്പത്ത് എംപി, ബാബു പണിക്കര്‍, മുതിര്‍ പത്രപ്രവര്‍ത്തകരായ എന്‍. അശോകന്‍, ജോര്‍ജ് കള്ളിവയലില്‍, വെങ്കിടേഷ് രാമകൃഷ്ണന്‍ തുടങ്ങിയവരും ഷേണായിയുടെ പുത്രന്‍ അജിതും മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്തു. മീഡിയ അക്കാഡമി സെക്രട്ടറി കെ. ജി. സന്തോഷ് നന്ദി പറഞ്ഞു. ടിവിആര്‍ ഷേണായിയുമായി സൗഹൃദബന്ധമുണ്ടായിരുന്ന 45 എഴുത്തുകാര്‍, 16 ഫോട്ടോഗ്രാഫര്‍മാര്‍, 17 കാര്‍ട്ടൂണിസ്റ്റുകള്‍ തുടങ്ങിയവര്‍ തങ്ങളുടെ ഓര്‍മകള്‍ ഈ ഗ്രന്ഥത്തില്‍ പങ്കുവച്ചിട്ടുണ്ട്. വിവിധ പത്രസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണു പുസ്തകം തയാറാക്കിയത്.