നക്കീരന്‍ ഗോപാലന്‍ എത്തുന്നു

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ‘നക്കീരന്‍’ പത്രാധിപരുമായ നക്കീരന്‍ ഗോപാലന്‍ തലസ്ഥാനത്തെത്തുന്നു. കേരള മീഡിയ അക്കാദമി വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ സംഘടിപ്പിക്കുന്ന ദ്വിദിന മാധ്യമമേളയുടെ ഭാഗമായുള്ള മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. ഡിസംബര്‍ മൂന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്കാണ് പരിപാടി.
കാട്ടുകള്ളന്‍ വീരപ്പനെ കാണാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ദൂതനായി സത്യമംഗലം കാട്ടില്‍ പോയതിലൂടെ ശ്രദ്ധേയനായ നക്കീരന്‍ ഗോപാലന്‍ അടുത്തിടെ തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കി എന്നാരോപിച്ച് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. പിന്നീട് ഹൈക്കോടതി ഇടപെട്ട്്് മോചിപ്പിച്ചു. നക്കീരന്‍ ദ്വൈവാരികയുടെ മൂന്ന് ലക്കങ്ങളിലായാണ് ഗവര്‍ണറെ മുള്‍മുനയില്‍ നിറുത്തുന്ന ലേഖനങ്ങളും മുഖചിത്രങ്ങളും പ്രസിദ്ധീകരിച്ചത്.