മീഡിയ അക്കാദമി-മീഡിയ ക്ലബ്ബ് നവോത്ഥാന സര്‍ഗോത്സവം

കേരള മീഡിയ അക്കാദമി, പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനതല നവോത്ഥാന സര്‍ഗോത്സവം നടത്തുന്നു. ജനുവരി 27 ഞായറാഴ്ച തിരുവന്തപുരം ടാഗോര്‍ തിയറ്ററിലാണ് സര്‍ഗോത്സവം.
വിദ്യാര്‍ത്ഥികള്‍ക്ക് നവോത്ഥാന ഗാനാലാപനത്തിലും ചിത്രരചനയിലും സംഘനൃത്തത്തിലും മത്സരിക്കാം. മീഡിയ അക്കാദമിയും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ആരംഭിച്ച മീഡിയ ക്ലബ്ബിന്റെ പ്രവര്‍ത്തന പരിപാടിയുടെ ഭാഗമായാണ് സര്‍ഗോത്സവം. നവകേരള നിര്‍മ്മിതിയും നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണവുമാണ് സര്‍ഗോത്സവ സന്ദേശം. സംഘനൃത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ട്രോഫിയും 40,000 രൂപയും നല്‍കും. 30,000 രൂപ, 20,000 രൂപ എന്നിങ്ങനെയാണ് യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങള്‍. നവോത്ഥാന ഗാനാലാപനം, ചിത്രരചന എന്നീ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ട്രോഫിക്ക് പുറമെ 25000 രൂപ സമ്മാനമായി നല്‍കും. 15000 രൂപ, 10000 രൂപ എന്നിങ്ങനെയാണ് രണ്ടും മൂന്നും സമ്മാനങ്ങള്‍. എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതാണ്.
പത്താം ക്ലാസ്സുവരെയുള്ളവര്‍ക്കാണ് നവോത്ഥാന ഗാനമത്സരം. നവോത്ഥാന ആശയങ്ങള്‍ അടങ്ങുന്ന ഗാനങ്ങളോ, നവോത്ഥാന കവിതകളോ, ചലച്ചിത്രഗാനങ്ങള്‍ ഉള്‍പ്പടെയുള്ള ദേശഭക്തി ഗാനങ്ങളോ ആലപിക്കാം. മലയാളത്തിന് പുറമെ മറ്റു ഇന്ത്യന്‍ ഭാഷകളിലെ ഗാനങ്ങളുമാകാം. 27ന് നടക്കുന്ന ഫൈനല്‍ ഗാന മത്സരത്തിലേക്ക് 30 പേരെയാണ് തെരഞ്ഞെടുക്കുന്നത്. പ്രാഥമിക മത്സരത്തിനുവേണ്ടി നാലുമിനിറ്റില്‍ അധികരിക്കാത്ത ഗാനം ഓഡിയോയില്‍ റിക്കാര്‍ഡ് ചെയ്ത് 9061593969 എന്ന വാട്ട്‌സാപ്പ് നമ്പരിലോ, mediaclub.kma@gmail.com, mediaclub.kma1@gmail.com എന്നീ ഇമെയിലിലോ മീഡിയ അക്കാദമിക്ക് ജനുവരി 15 നുമുമ്പ് അയക്കണം. ‘നവോത്ഥാനകേരളം’ എന്ന പ്രമേയത്തിലാണ് സംഘനൃത്ത മത്സരം. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ സംഘനൃത്തമത്സരത്തിനു ഹയര്‍ സെക്കണ്ടറി തലത്തില്‍ ‘എ’ ഗ്രേഡ് കിട്ടിയ ടീമുകള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത.
എല്‍പി, യുപി സ്റ്റാന്‍ഡേര്‍ഡുകളുടെ ജൂനിയര്‍ വിഭാഗം, എട്ടുമുതല്‍ 12-ാം ക്ലാസ്സു വരെയുള്ളവരുടെ സീനിയര്‍ വിഭാഗം എന്നീ രണ്ടു വിഭാഗങ്ങളിലാണ് ചിത്രരചനാ മത്സരം. ‘പ്രളയാനന്തര പുതുകേരളം’ എന്നാണ് ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചനയ്ക്കുളള വിഷയം. ‘നവോത്ഥാന നവകേരളം’ എന്നാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കുള്ള വിഷയം. 2019 ജനുവരി 27 ഞായറാഴ്ച രാവിലെ 10.30 മുതല്‍ 12.30 വരെ തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ആയിരിക്കും ചിത്രരചനാമത്സരം. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജനുവരി 15 ന് മുമ്പ് മേല്പറഞ്ഞ വാട്ട്‌സാപ്പ് നമ്പരിലോ ഇ-മെയില്‍ അഡ്രസിലോ രജിസ്റ്റര്‍ ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9061593969 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.