ലക്ഷ്യബോധവും പ്രചോദനവുമാണ് സത്യസന്ധതയോടെ ജോലിചെയ്യാനുള്ള ഊര്‍ജ്ജം നല്‍കുതെന്ന് സന്തോഷ് ശിവന്‍

കേരള മീഡിയ അക്കാദമിയിലെ ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് ആരംഭിച്ചു

ആസ്വാദനമൂല്യവും സൃഷ്ടിപരമായ മികവും ഉള്ളവയായിരുന്നു വിക്ടര്‍ ജോര്‍ജിന്റെ ചിത്രങ്ങളെന്ന് ചലച്ചിത്ര ഛായാഗ്രാഹകനും ഡയറക്ടറുമായ സന്തോഷ് ശിവന്‍ അനുസ്മരിച്ചു. ലക്ഷ്യബോധവും പ്രചോദനവുമാണ് സത്യസന്ധതയോടെ ജോലിചെയ്യാനുള്ള ഊര്‍ജ്ജം നല്‍കുതെന്ന് കേരള മീഡിയ അക്കാദമിയില്‍ സംഘടിപ്പിച്ച വിക്ടര്‍ ജോര്‍ജ് അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് കമ്യൂണിക്കേഷന്‍ ആരംഭിച്ച ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന്റെ ഉദ്ഘാടനവും സന്തോഷ് ശിവന്‍ നിര്‍വഹിച്ചു. ജോലിയോടുള്ള അഭിനിവേശം, വാര്‍ത്താബോധം, നിര്‍ഭയത്വം, അര്‍പ്പണബോധം എന്നിവയാണ് വിക്ടര്‍ ജോര്‍ജിന്റെ ചിത്രങ്ങളെ മികവുറ്റവയാക്കിയ ഘടകങ്ങളെന്ന്് സന്തോഷ് ശിവന്‍ എടുത്തുപറഞ്ഞു.
ആധുനിക കാമറകളും മറ്റുമുണ്ടെങ്കിലും സ്വന്തം കണ്ണുതന്നെയാണ് നല്ല കാമറ. പലപ്പോഴും കൈയ്യിലുള്ള പഴയ ഒരു കാമറയാകും മികച്ച ചിത്രങ്ങളിലേക്ക് കണ്ണു തുറക്കുക. ഡിജിറ്റല്‍ യുഗത്തില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ കാലത്തിന്റെ അനിവാര്യതയാണ്. നല്ല നിരീക്ഷണമുണ്ടെങ്കില്‍ മാത്രമേ വ്യത്യസ്തമായ ഫ്രെയിമുകള്‍ ഉണ്ടാകൂ അദ്ദേഹം പറഞ്ഞു.
ജീവിതം കാമറക്ക് വേണ്ടി സമര്‍പ്പിച്ച വിക്ടര്‍ ജോര്‍ജ് ഒരു ഛായാഗ്രാഹകന്‍ എങ്ങനെയായിരിക്കണം എന്നു പഠിപ്പിച്ച പാഠപുസ്തകം കൂടിയാണെന്ന് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവും വിക്ടറിന്റെ സഹപ്രവര്‍ത്തകനുമായിരുന്ന മലയാള മനോരമ അസി. ന്യൂസ് എഡിറ്റര്‍ എം.കെ. കുര്യാക്കോസ് അനുസ്മരിച്ചു. തുടക്കക്കാരന്റെ ജാഗ്രത വിക്ടര്‍ എന്നും കാത്തുസൂക്ഷിച്ചു. ചിത്രങ്ങളിലെ ലാവണ്യം സത്യം പോലെ തിളങ്ങി നിന്നിരുന്നു. സാങ്കേതിക മികവ് അവകാശപ്പെടാനില്ലാത്ത കാലഘട്ടത്തിലും പരിമിതമായ സൗകര്യങ്ങള്‍ വിക്ടര്‍ പരമാവധി ഉപയോഗപ്പെടുത്തി. വിക്ടര്‍ തൊഴിലിനോട് ഏറെ ആത്മാര്‍ത്ഥത കാണിച്ചിരുന്നു. എല്ലാവരും ചിത്രീകരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ ചിത്രമെടുക്കാന്‍ എന്നും ശ്രദ്ധവച്ചിരുന്നു വിക്ടര്‍ എന്ന് കുര്യാക്കോസ് ഓര്‍മ്മിച്ചു.
ഫോട്ടോഗ്രാഫിക്ക് ആധുനിക സാങ്കേതികതയുടെ കാലത്ത് വലിയ സാധ്യതയാണുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പറഞ്ഞു. ഒറ്റച്ചിത്രം കൊണ്ട് സാമ്രാജ്യത്വശക്തികളുടെ മനോഭാവം തന്നെ മാറ്റാന്‍ പ്രശസ്ത വിയറ്റ്‌നാം ഫോട്ടോഗ്രാഫര്‍ നിക് ഊട്ടിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ ് ഡി. ദിലീപ്, അക്കാദമി കൗണ്‍സില്‍ അംഗം ദീപക് ധര്‍മ്മടം, മീഡിയ അക്കാദമി സെക്രട്ടറി ഇന്‍ ചാര്‍ജ് പി.സി. സുരേഷ് കുമാര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ. എം. ശങ്കര്‍, കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ലീന്‍ തോബിയാസ് എന്നിവര്‍ സംസാരിച്ചു.