മാധ്യമങ്ങളുടെ വിധേയത്വം ജനാധിപത്യത്തിന് ഭീഷണി: പി. രാജീവ്

സത്യം അപ്രസക്തമാകുന്ന സത്യാനന്തരകാലത്ത് പ്രവര്‍ത്തിക്കുന്ന ആധുനിക മാധ്യമങ്ങള്‍ സത്യാനന്തര രാഷ്ട്രീയത്തിന്റെ പ്രതിരൂപങ്ങളായി മാറുന്നുവെന്ന് ദേശാഭിമാനി പത്രത്തിന്റെ മുഖ്യ പത്രാധിപരും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി. രാജീവ് പറഞ്ഞു. ശരിതെറ്റുകള്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലേക്ക് വായനക്കാരും എത്തപ്പെടുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ഇന്ത്യന്‍ പത്ര ദിനത്തോടനുബന്ധിച്ച് ‘മാധ്യമലോകത്തെ അപകടകരമായ പുതുപ്രവണതകള്‍’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രാജീവ്.
വാര്‍ത്തകളുടെ പര്‍വ്വതീകരണം, തമസ്‌കരണം, പാര്‍ശ്വവത്കരണം എന്നിവ മാധ്യമങ്ങളിലെ ആശാസ്യമല്ലാത്ത പുതുപ്രവണതകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാര്‍ത്ത സൂചകങ്ങള്‍ സമര്‍ത്ഥമായി മാറ്റി ഉപയോഗിക്കുന്ന പ്രവണത വളര്‍ന്നു വരുന്നു. സത്യം ഇല്ലാത്ത സത്യാനന്തരകാലത്തെ മാധ്യമപ്രവര്‍ത്തനം തന്നെയാണ് ഏറെ അപകടകരം. സാമൂഹ്യമാധ്യമങ്ങളും സ്വതന്ത്രമല്ല. നിര്‍മ്മിത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സാമൂഹ്യമാധ്യമങ്ങളുടെ ഉടമകള്‍ പലരും വ്യാജന്മാരാണ്. ജനാധിപത്യ വ്യവസ്ഥക്ക് ഭീഷണിയാകുന്ന വെല്ലുവിളികളെ നേരിടാന്‍ മാധ്യമങ്ങള്‍ക്കേ കഴിയൂ.
പ്രതിരോധത്തിന്റെ ആയുധങ്ങള്‍ ഉപയോഗിച്ചിരുന്ന മാധ്യമങ്ങളെ ഇന്ന് നിയന്ത്രിക്കുന്നത് റേറ്റിംഗും പരസ്യം പ്രദാനം ചെയ്യുന്ന കോര്‍പ്പറേറ്റുകളുമാണ്. സ്ഥലരൂപ നിര്‍വ്വചനങ്ങള്‍ക്കപ്പുറത്ത് പ്രവര്‍ത്തിക്കുന്നവയാണ് ആധുനിക മാധ്യമങ്ങള്‍. അച്ചടിക്കാതെ വായിക്കാവുന്ന അച്ചടിമാധ്യമങ്ങളും റേഡിയോ, ടെലിവിഷന്‍ എന്നിവയുടെ സഹായമില്ലാതെ തന്നെ അത്തരം മാധ്യമങ്ങള്‍ ആസ്വദിക്കാവുന്ന സങ്കേതങ്ങളും ഇന്നുണ്ട്.
ആധുനിക മനുഷ്യന്‍ സ്വകാര്യതയില്‍ ജീവിക്കുന്നില്ല. ഇ-മെയിലിന്റെ പാസ്‌വേര്‍ഡ് സ്വന്തം കൈയ്യിലുണ്ടെങ്കിലും ആ കീ അതിസമര്‍ത്ഥമായി ഉപയോഗിക്കുവര്‍ക്കാണ് അതിന്റെ നിയന്ത്രണം സാധ്യമാകുന്നത്. ഇവ മാധ്യമങ്ങളേയും നിയന്ത്രിക്കുന്നു. പൊതുബോധനിര്‍മ്മാണത്തിന്റെ സാങ്കേതിക കേന്ദ്രങ്ങളാകുന്നു ആധുനിക മാധ്യമങ്ങള്‍.
വാര്‍ത്താസൂചകങ്ങള്‍ സമര്‍ത്ഥമായി മാറ്റി ഉപയോഗിക്കപ്പെടുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ വിധേയത്വത്തിന്റെ വഴിയിലേക്ക് മാറുന്നു. ഭരിക്കുന്നവരുടെ താത്പര്യത്തിന് വിധേയരാകുന്ന പ്രവണതയെ മിറകടക്കേണ്ടതുണ്ട്. സത്യം ഇല്ലാതാകുന്ന സത്യാനന്തരകാലത്തെ മാധ്യമങ്ങള്‍ സത്യാനന്തര രാഷ്ട്രീയത്തിന്റെ പ്രതിരൂപങ്ങളാകുന്നു. ശരിതെറ്റുകള്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലേക്ക് വായനക്കാരും എത്തപ്പെടുന്ന സ്ഥിതി വിശേഷമാണുള്ളതെന്ന് രാജീവ് അഭിപ്രായപ്പെട്ടു.
മാന്യമായി തൊഴിലെടുക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍പരവും സാമൂഹികവുമായ സുരക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ചടങ്ങില്‍ ആശംസ പറഞ്ഞ പ്രസ് ക്ലബ്ബ് സെക്രട്ടറി സുഗതന്‍ പി ബാലന്‍ പറഞ്ഞു.
കൊല്‍ക്കത്തയില്‍ നിന്നു പ്രസിദ്ധീകരിച്ച ജെയിംസ് അഗസ്റ്റസ് ഹിക്കിയുടെ ബംഗാള്‍ ഗസറ്റ് പത്രത്തിന്റെ 279-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് അക്കാദമി ഇന്ത്യന്‍ പത്രദിനം സംഘടിപ്പിച്ചത്. നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തിന്റെ ഉത്തമ മാതൃകയാണ് ഹിക്കിയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പറഞ്ഞു.
ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ. എം. ശങ്കര്‍ സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ് പി.സി. സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
വട്ടവടയിലെ അഭിമന്യു ലൈബ്രറിക്കായി മീഡിയ അക്കാദമിയുടെ പുസ്തകശേഖരം ചെയര്‍മാന്‍ പി.രാജീവിന് കൈമാറി.