മാധ്യമ ചരിത്രയാത്രയുടെ ഉദ്ഘാടനം ഇന്ന്

കേരള മീഡിയ അക്കാദമി, കേരള പത്രപ്രവര്‍ത്തകയൂണിയനും, ഐ&പി.ആര്‍.ഡിയുമായി സഹകരിച്ച് നടത്തുന്ന മാധ്യമ ചരിത്രയാത്രയുടെ ഉദ്ഘാടനം ഇന്ന് (വ്യാഴം) വൈകിട്ട് മൂന്നു മണിക്ക് കേരളകൗമുദിയുടെ പേട്ടയിലെ ഓഫീസ് വളപ്പില്‍ നടക്കും. നെയ്യാറ്റിന്‍കരയില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മഗൃഹം മുതല്‍ ആദ്യമലയാള പത്രം പിറന്നുവീണ തലശ്ശേരിയിലെ ഇല്ലിക്കുന്നിലുള്ള ഗുണ്ടര്‍ട്ട് ഭവനം വരെയാണ് യാത്ര. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് ഒന്നുവരെ നീളും. 60 മാധ്യമവിദ്യാര്‍ഥികളും മാധ്യമപ്രവര്‍ത്തകരുമാണ് യാത്രയില്‍ പങ്കെടുക്കുക.
യാത്ര നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി ചീഫ് എഡിറ്റര്‍ ദീപു രവിക്ക് സ്പീക്കര്‍ ആദരപത്രം സമര്‍പ്പിക്കും. വി.എസ്.ശിവകുമാര്‍ എം.എല്‍.എ മുഖ്യാതിഥിയാകും. എം.ജി.രാധാകൃഷ്ണന്‍ (എഡിറ്റര്‍, എഷ്യാനെറ്റ് ന്യൂസ്), സി.നാരായണന്‍ (ജനറല്‍ സെക്രട്ടറി, കെ.യു.ഡബ്ലിയു.ജെ), ടി.വി.സുഭാഷ് ഐ.എ.എസ് (ഡയറക്ടര്‍, ഐ. ആന്റ് പി.ആര്‍.ഡി), രാജാജി മാത്യു തോമസ് (എഡിറ്റര്‍, ജനയുഗം), എസ്.ആര്‍. ശക്തിധരന്‍ (മുന്‍ ചെയര്‍മാന്‍, കേരള മീഡിയ അക്കാദമി), ജോണ്‍ മുണ്ടക്കയം (ബ്യൂറോ ചീഫ്, മലയാള മനോരമ), ജി. ശേഖരന്‍ നായര്‍ (മാതൃഭൂമി), ഡോ.എന്‍.പി.ചന്ദ്രശേഖരന്‍ (ഡയറക്ടര്‍,കൈരളി ടിവി), വിധു വിന്‍സന്റ് (മാധ്യമ പ്രവര്‍ത്തക, സംവിധായിക), വി.എസ്.രാജേഷ് (ഡെപ്യൂട്ടി എഡിറ്റര്‍, കേരളകൗമുദി), ഡോ.എം.ശങ്കര്‍ (ഡയറക്ടര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍, കേരള മീഡിയ അക്കാദമി), എം.രാധാകൃഷ്ണന്‍ (സെക്രട്ടറി, തിരുവനന്തപുരം പ്രസ് ക്ലബ്) എന്നിവര്‍ പങ്കെടുക്കും.
വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നെയ്യാറ്റിന്‍കരയില്‍ ഡോ.സെബാസ്റ്റ്യന്‍ പോള്‍ യാത്ര ഫഌഗ് ഓഫ് ചെയ്യും. തുടര്‍ന്ന് സാധുജന പരിപാലിനി പത്രം നടത്തിയിരുന്ന അയ്യങ്കാളിയുടെ വെങ്ങാനൂരില്‍ യാത്ര എത്തി ആദരവ് അര്‍പ്പിക്കും. വക്കത്തെത്തി സ്വദേശാഭിമാനി പത്രത്തിന്റെ ഉടമയായിരുന്ന വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയെയും കായിക്കരയിലെത്തി വിവേകോദയം പത്രം നടത്തിയിരുന്ന മഹാകവി കുമാരനാശാനെയും അനുസ്മരിക്കും. അന്ന് വൈകിട്ട് പരവൂരില്‍ ആദ്യ മലയാള കാര്‍ട്ടൂണിസ്റ്റ് പി.എസ്.ഗോവിന്ദപ്പിള്ളയെയും വിദൂഷകന്‍ പത്രത്തെയും സ്മരിക്കും