കേരള മീഡിയ അക്കാദമിയുടെ മാധ്യമചരിത്രയാത്രയ്ക്ക് തുടക്കം
സ്വദേശാഭിമാനിയുടെ കൂടില്ലാവീട് മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമ വിദ്യാര്‍ത്ഥികളുടേയും ആത്മശുദ്ധിക്ക് വേണ്ടിയുള്ള കേന്ദ്രമായി വളര്‍ത്തണമെന്ന് മാധ്യമ നിരൂപകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമിയുടെ മാധ്യമ ചരിത്രയാത്ര നെയ്യാറ്റിന്‍കരയിലെ സ്വദേശാഭിമാനിയുടെ കൂടില്ലാവീട്ടില്‍ നിന്നു ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വദേശാഭിമാനിയെപ്പറ്റി ഒരു ചലച്ചിത്രം പ്രശസ്ത സംവിധായകന്‍ കമല്‍ നിര്‍മ്മിക്കുമെന്നും അതിനുള്ള കഥയും തിരക്കഥയും താന്‍തന്നെ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു. ആര്‍. ഹീബ അധ്യക്ഷയായിരുന്നു. നെയ്യാറ്റിന്‍കര എം.എല്‍.എ. കെ. ആന്‍സലന്‍ മുഖ്യാതിഥിയായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, നെയ്യാറ്റിന്‍കര പ്രസ്‌ക്ലബ് പ്രസിഡന്റ് ജിനന്‍, സംവിധായിക വിധു വിന്‍സന്റ്, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു തുടങ്ങിയവര്‍ സംസാരിച്ചു. വെങ്ങാനൂര്‍ അയ്യങ്കാളി സ്മാരകം, സ്വദേശാഭിമാനി പത്ര സ്ഥാപകന്‍ വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയുടെ ജന്മഗൃഹം, സ്മാരക സ്‌കൂള്‍, കായിക്കര കുമാരനാശാന്‍ സ്മാരകം തുടങ്ങി മാധ്യമചരിത്രമുറങ്ങുന്ന വിവിധ കേന്ദ്രങ്ങള്‍ മാധ്യമചരിത്രയാത്രാ സംഘത്തിലെ വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു. 70ലേറെ മാധ്യമവിദ്യാര്‍ത്ഥികളും 10ലേറെ മാധ്യമപ്രവര്‍ത്തകരും സംഘത്തിലുണ്ടായിരുന്നു.
വൈകിട്ട് ആദ്യ കാര്‍ട്ടൂണിസ്റ്റായ പി.എസ്. ഗോവിന്ദപിള്ളയുടെ ജന്മഗൃഹത്തില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തെ അനുസ്മരിച്ചു. പി.എസ്. ഗോവിന്ദപിള്ളയുടെ കുടുംബാംഗങ്ങള്‍ പങ്കെടുത്തു. ഇന്ന് കൊല്ലത്ത് നടക്കുന്ന ദേശീയ കാര്‍ട്ടൂണ്‍ കോണ്‍ക്ലേവിന് മുന്നോടിയായി നടക്കുന്ന കാര്‍ട്ടൂണ്‍ യാത്രയുടെ ഉദ്ഘാടനം കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ നിര്‍വഹിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ ഡോ. എം. ശങ്കര്‍ (ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് കമ്യൂണിക്കേഷന്‍, കേരള മീഡിയ അക്കാദമി), ഋഷി കെ. മനോജ് (ഡയറക്ടര്‍, തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട്്), ഡോ. കായംകുളം യൂനുസ്, എ. സുഹൈര്‍, ഡോ. ഭുവനചന്ദ്രന്‍, ആറ്റിങ്ങല്‍ ഉണ്ണി, ലിജു, കെ.എ. ബീന എന്നിവര്‍ സംസാരിച്ചു.