‘താഴെക്കിറങ്ങിവരുന്ന ഴ’ പുസ്തകം പ്രകാശനം ചെയ്തു

കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ എഴുതിയ താഴേക്കിറങ്ങിവരുന്ന ‘ഴ’ എന്ന പുസ്തകം പ്രശസ്ത പ്രശസ്ത സംവിധായകന്‍ സിബിമലയില്‍ നടി മഞ്ജുവാര്യര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.
ചിരിയും ചിന്തയും നിറഞ്ഞ ഒട്ടേറെ കാര്‍ട്ടൂണുകളിലൂടെ മലയാളി മനസുകളെ കീഴടക്കിയ വ്യക്തിയാണ് യേശുദാസനെന്ന്് മഞ്ജുവാര്യര്‍ പറഞ്ഞു. രാഷ്ട്രീയ നേതാക്കളില്‍ പലരുടെയും യഥാര്‍ത്ഥമുഖത്തേക്കാള്‍ നമ്മുടെ മനസിലുളളത് കാര്‍ട്ടൂണ്‍ വരകളാണെന്ന് അവര്‍ പറഞ്ഞു. യേശുദാസന്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തിയ ഇടപ്പളളി സെന്റ് ജോര്‍ജ്ജ് എല്‍.പി.സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അദ്ധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് കെ.എല്‍ മോഹനവര്‍മ്മ, പ്രൊഫ.ലീലാമ്മ ജോസ്, കേരള മീഡിയ അക്കാദമി സെക്രട്ടറി ഇന്‍ ചാര്‍ജ് സുരേഷ് കുമാര്‍ പി.സി, ഇന്‍സ്റ്റിറ്റിയൂട്ട്് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ.എം. ശങ്കര്‍, ഹരികുമാര്‍ ചങ്ങമ്പുഴ എന്നിവര്‍ സംസാരിച്ചു. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.മോഹനന്‍, എം.എം.ലോറന്‍സ് ,കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്, എന്നിവരുള്‍പ്പെടെ സെന്റ് ജോര്‍ജ്ജ് എല്‍.പി.സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളും യേശുദാസന്റെ സമകാലീനരുമായ ഒട്ടേറെ പേര്‍ ചടങ്ങില്‍ പങ്കെടുത്തു.