മികച്ച സാങ്കേതികവിദഗ്ദ്ധനെ സൃഷ്ടിക്കുന്നത് അയാളുടെ മാനുഷികവശം -രാജീവ് കുമാര്‍

സാങ്കേതികജ്ഞാനം മാത്രമല്ല മാനുഷികവശം കൂടി ചേര്‍ന്നാണ് മികച്ചൊരു സാങ്കേതികവിദഗ്ദ്ധനെ സൃഷ്ടിക്കുതെന്ന് സംവിധായകന്‍ ടി.കെ.രാജീവ് കുമാര്‍. വീഡിയോ എഡിറ്റിങ് അടക്കമുള്ള സങ്കേതങ്ങള്‍ക്ക് ഇതു ബാധകമാണ്. കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ പുതിയതായി ആരംഭിച്ച വീഡിയോ എഡിറ്റിങ് കോഴ്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള മനുഷ്യരുമായി ഇടപെട്ടാല്‍ മാത്രമേ തങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ കഴിയൂ എന്ന് എഡിറ്റിങ് വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കണമെന്ന് രാജീവ് കുമാര്‍ നിര്‍ദ്ദേശിച്ചു. ദൈനംദിന ജീവിതത്തില്‍ നമ്മളെല്ലാം ഒരു എഡിറ്ററുടെ ജോലികള്‍ ചെയ്യുന്നുണ്ട്. അതിനാല്‍ത്തന്നെ ജീവിതവുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന സങ്കേതമാണത്. ഒരു സിനിമയെ സംബന്ധിച്ചിടത്തോളവും ഏറ്റവും പ്രധാനപ്പെട്ട രണ്ട് സങ്കേതങ്ങളിലൊന്നായി എഡിറ്റിങ്ങിന് കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തിരക്കഥ തയ്യാറായിക്കഴിഞ്ഞാല്‍ ഒരു സിനിമയുടെ പ്രീപ്രൊഡക്ഷന്‍ ജോലികളുടെ ഭാഗമായി ആദ്യം ചര്‍ച്ച നടത്തുന്നത് എഡിറ്ററുമായും സംഗീത സംവിധായകനുമായാണ്.

താന്‍ ഏറ്റവുമധികം ബഹുമാനിക്കുന്ന സാങ്കേതികവിദഗ്ദ്ധരിലൊരാള്‍ എഡിറ്ററായ ശ്രീകര്‍പ്രസാദാണെന്ന് രാജീവ് കുമാര്‍ പറഞ്ഞു. തന്റെ ചലച്ചിത്ര ജീവിതത്തില്‍ ഏറ്റവുമധികം കാര്യങ്ങള്‍ പഠിച്ചത് ശേഖറിനെപ്പോലുള്ള പഴയകാല എഡിറ്റര്‍മാറില്‍ നിന്നാണ്. നവോദയ പോലുള്ള പ്രൊഡക്ഷന്‍ ഹൗസുകളില്ലാത്തതാണ് മലയാള സിനിമ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നമെന്ന് അദ്ദേഹം വിലയിരുത്തി. എല്ലാ സംവിധാനങ്ങളും തത്സമയമൊരുക്കുന്ന സ്ഥിതിയായപ്പോള്‍ സിനിമയുടെ ഗുണനിലവാരത്തെ അതു ബാധിച്ചുവെന്നും രാജീവ് കുമാര്‍ പറഞ്ഞു.

കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അദ്ധ്യക്ഷനായിരുന്നു. അക്കാദമി സെക്രട്ടറി കെ.മോഹനന്‍, അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ.എം.ശങ്കര്‍, വീഡിയോ എഡിറ്റിങ് കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ടി.ആര്‍.അജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.