മീഡിയ അക്കാദമി മാഗസിന്‍ പുരസ്‌കാരം ഫാറൂഖ്‌കോളേജിന്

കേരളത്തിലെ മികച്ച കലാലയ മാഗസിനുള്ള 2017-18ലെ കേരള മീഡിയ അക്കാദമി പുരസ്‌കാരത്തിന് കോഴിക്കോട് ഫാറൂഖ്‌കോളേജ് മാഗസിന്‍ ‘മറു’ അര്‍ഹമായി. പൂക്കോട് ഗവ. വെറ്ററിനറി ആനിമല്‍ സയന്‍സ് കോളേജിന്റെ മാഗസിന്‍ ‘കുളി പ്രത്യയ’ത്തിനാണ് രണ്ടാംസ്ഥാനം. കോഴിക്കോട് ഗവ. മെഡിക്കല്‍കോളേജിന്റെ മാഗസിന്‍ ‘ഒരുദുരാത്മാവിന്റെ പറ്റുപുസ്തകം’ മൂന്നാംസ്ഥാനം നേടി. തൃശ്ശൂര്‍കേരള വര്‍മ്മ കോളേജ് മാഗസിന്‍ ‘സെക്കന്‍ഡ്‌സി’ന് പ്രോത്സാഹന സമ്മാനം ലഭിച്ചു.
ഒന്നാം സമ്മാനമായി മുഖ്യമന്ത്രിയുടെ ട്രോഫിയും 25,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനിക്കുകയെന്ന് മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അറിയിച്ചു. രണ്ടാം സമ്മാനമായി 15,000 രൂപയും ട്രോഫിയും നല്‍കുമ്പോള്‍ മൂന്നാംസ്ഥാനക്കാര്‍ക്ക് ലഭിക്കുക 10,000 രൂപയും ട്രോഫിയുമാണ്. 5,000 രൂപയും ട്രോഫിയുമാണ് പ്രോത്സാഹന സമ്മാനം. ജൂണില്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ തോമസ്‌ജേക്കബ്, ഡോ.പി.കെ.രാജശേഖരന്‍, സാഹിത്യകാരി എസ്.സിതാര എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്. വിഷയം അവതരിപ്പിക്കുന്നതിലെ ധീരത, സമകാലികപ്രശ്‌നങ്ങളോടുളള തുറന്ന സമീപനം, വ്യക്തവും സമചിത്തവുമായ കാഴ്ചപ്പാട് എന്നിവ ഫാറൂഖ്‌കോളേജ് മാഗസിനെ വ്യത്യസ്തമാക്കുന്നതായി ജൂറി വിലയിരുത്തി. രൂപകല്പനയിലും മികച്ച നിലവാരം പുലര്‍ത്തി.
പൂക്കോട് ഗവ. വെറ്ററിനറി ആനിമല്‍ സയന്‍സ് കോളേജിന്റെ മാഗസിന്‍ കുളിയെ ഒരു പൊതു പ്രമേയമായിസ്വീകരിച്ചു. രൂപകല്പനയിലും ഉളളടക്കത്തിലെവൈവിധ്യത്തിലുംമുന്നിട്ടു നിന്നു. ഡയറിയും നോട്ട് ബുക്കുംകൂടിയിണക്കിയരൂപവും ആധുനികകാലത്തെ ലിറ്റില്‍മാഗസിനുകളെ ഓര്‍മ്മിപ്പിക്കുന്ന ഡിസൈനും കോഴിക്കോട് ഗവ. മെഡിക്കല്‍കോളേജിന്റെ മാഗസിനെ വ്യത്യസ്തമാക്കി. ഉളളടക്കത്തിലും സാമാന്യത്തിലധികം നിലവാരം സൂക്ഷിച്ചതായി ജൂറിവ്യക്തമാക്കി.
കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള കോളേജുകളിലെ 2017-2018 ലെ മാഗസിനുകളാണ് അവാര്‍ഡിന് പരിഗണിച്ചത്. അക്കാദമിയുടെ പുതിയ സംരംഭമായ സ്‌കൂള്‍-കോളേജുകളിലെ മീഡിയ ക്ലബ്ബ് പദ്ധതിയുടെ ഭാഗമാണ് മാഗസിന്‍ അവാര്‍ഡ്. കോളേജ് മാഗസിന്‍ എഡിറ്റര്‍മാര്‍ക്കായി മൂന്ന് മേഖലകളിലായി ശില്പശാല സംഘടിപ്പിക്കാനും മീഡിയ അക്കാദമി തീരുമാനിച്ചിട്ടുണ്ട്.