വാര്‍ത്തകളുടെ സത്യസന്ധത ഉറപ്പുവരുത്തണം: കെ.ശങ്കരനാരായണന്‍

കാക്കനാട്: വാര്‍ത്തകളില്‍ സെന്‍സേഷണലിസം കൊണ്ടുവരുമ്പോള്‍ സത്യസന്ധതകൂടി ഉറപ്പുവരുത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമിയുടെയും മത്തായി മാഞ്ഞൂരാന്‍ സ്മാരക ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ നടന്ന സ്മാരകപ്രഭാഷണ ചടങ്ങില്‍ ‘കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിക്കുമ്പോള്‍ അത് വസ്തുനിഷ്ഠമാണെന്ന് ഉറപ്പാക്കണം. വ്യക്തി ജീവിതത്തെ ഹനിക്കുന്ന തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നവര്‍ സത്യമെന്തെന്ന് അന്വേഷിക്കുന്നില്ല. എന്നെങ്കിലും ഒരിക്കല്‍ സത്യം തിരിച്ചറിയുമ്പോള്‍ അത് ചെറുകോളം വാര്‍ത്തകളായി ഒതുങ്ങുന്നു. പുതുതലമുറയിലെ പത്രപ്രവര്‍ത്തകര്‍ രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയ പ്രവര്‍ത്തകരെക്കുറിച്ചും പഠിക്കണമെന്ന് ശങ്കരനാരായണന്‍ പറഞ്ഞു.

ജനാധിപത്യ സംവിധാനത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ചര്‍ച്ചചെയ്ത് ഭൂരിപക്ഷ അഭിപ്രായപ്രകാരം തീരുമാനിക്കേണ്ട കാര്യങ്ങള്‍ സഭ അറിയാതെ ഓര്‍ഡിനന്‍സായി വരുന്നത് ജനാധിപത്യപ്രക്രിയക്ക് വിരുദ്ധമാണ്. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിന്റെ കാര്യക്ഷമതക്ക് ശക്തമായ കേന്ദ്രവും സംസ്ഥാനങ്ങളും ഉണ്ടാകണം. രാജ്യത്തിന്റെ അഖണ്ഡതക്ക് ഭംഗം വരുത്താത്ത, സംസ്ഥാനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. പ്രാദേശിക ചെറുകക്ഷികള്‍ പല സംസ്ഥാനങ്ങളിലും അധികാരം കയ്യാളുന്ന ഈ കാലയളവില്‍ കേന്ദ്ര സംസ്ഥാന ബന്ധങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണ്.

പല സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ക്ക് സുപ്രധാനങ്ങളായ അധികാരങ്ങളുണ്ട്. വിഭവശേഷി ഏറെയുള്ള ഝാര്‍ഖണ്ഡ്‌പോലുള്ള സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ ഏറെ പിന്നോക്കാവസ്ഥയിലാണ് ജീവിക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിഞ്ഞ് തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭരണഘടനാപരമായി അനുവദിക്കപ്പെ’ിട്ടുള്ള അധികാരങ്ങള്‍ വിനിയോഗിക്കാനും ജനങ്ങള്‍ക്ക് വികസനമെത്തിക്കാനും ഗവര്‍ണര്‍മാര്‍ക്ക് കഴിയും. സാമ്പത്തിക രംഗത്ത് കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുതകുന്ന കൃത്യമായ സാമ്പത്തിക മാനേജ്‌മെന്റ് ഓരോ സംസ്ഥാനങ്ങള്‍ക്കും ഉണ്ടാകണമെന്ന് കെ.ശങ്കരനാരായണന്‍ പറഞ്ഞു.
.
രാഷ്ട്രീയ സാമൂഹ്യ സേവനരംഗത്ത് സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച മത്തായി മാഞ്ഞൂരാന്‍ എക്കാലത്തേയും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ മുന്‍ എം.പി. അഡ്വ.തമ്പാന്‍ തോമസ് പറഞ്ഞു. അഴിമതിയുടെ കറ പുരളാത്ത മത്തായി മാഞ്ഞൂരാന്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന് ബാങ്ക് ബാലന്‍സായുണ്ടായിരുന്നത് പതിനേഴ് രൂപ മാത്രമാണ്. ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് ആവേശം പകര്‍ന്ന അദ്ദേഹത്തിന്റെ വ്യക്തിത്വം ഇന്നത്തെ തലമുറ ആഴത്തില്‍ പഠിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ കെ.സി.രാജഗോപാല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കൗസില്‍ അംഗം പി.സൂജാതന്‍ സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ് എന്‍.പി.സന്തോഷ് നന്ദിയും പറഞ്ഞു.