നിയമസഭാ അവലോകനങ്ങള്‍ക്ക് അരനൂറ്റാണ്ട്: ‘പ്രസ് ഗ്യാലറി കണ്ട സഭ’ പ്രകാശനം ഇന്ന്

‘ബില്ലിന്റെ മൂന്നാം വായനയില്‍ കെ.ആര്‍. ഗൗരി ആദ്യന്തം വികാരഭരിതയായി ചെയ്ത പ്രസംഗം ഒരു രണഭേരിയും സമരപ്രതിജ്ഞയുമായിരുന്നു. വിപ്ലവശക്തി സ്ത്രീരൂപമെടുത്തപോലെ അവര്‍ ട്രഷറി ബഞ്ചുകളെ നോക്കിനിന്നലറി. നിങ്ങള്‍ ഞങ്ങളെ മര്‍ദ്ദിച്ചുകൊള്ളൂ. വെടിവച്ചുകൊള്ളൂ. ഞങ്ങള്‍ ഭയപ്പെടാറില്ല. പിന്മാറില്ല. കൃഷിക്കാരെ ഒഴിപ്പിക്കാനുള്ള ഏതു നിയമവും ഏതു നിയമസഭയുണ്ടാക്കിയാലും കോടതി വിധിച്ചാലും ഞങ്ങള്‍ അംഗീകരിക്കുകയില്ല. അതിനെതിരെ പോരാടും. ഇത് ഈ നിയമസഭയോടും അതുവഴി ജനങ്ങളോടും ചെയ്യുന്ന പ്രതിജ്ഞയാണ്.’കഷ്ടിച്ചു മൂന്നു മിനിട്ടുമാത്രം നീണ്ടുനിന്ന ആ പ്രസംഗം സമ്പൂര്‍ണ നിശബ്ദതയോടെ സഭ കേട്ടുകൊണ്ടിരുന്നു.
മലയാള മനോരമയില്‍ കെ ആര്‍ ചുമ്മാര്‍ എഴുതിയ നിയമസഭാ അവലോകനത്തിലെ ഭാഗമാണിത്. പ്രസംഗത്തിന്റെ ഗൗരവവും സഭയുടെ അന്തരീക്ഷവും എല്ലാം വാക്കുകളാല്‍ വരച്ചിട്ടിരിക്കുന്നു. നിയമസഭാ റിപ്പോര്‍ട്ടിംഗിലെ വലിയ മാറ്റത്തിന് തുടക്കമിട്ട ചുമ്മാര്‍ 1970 നവംബര്‍ 12 ന് എഴുതിയ ഇതാണ് ആദ്യത്തെ അവലോകനമായി കണക്കാക്കുന്നതും.
വിശകലനം ചെയ്യാം. വിമര്‍ശിക്കാം. പ്രസംഗിച്ചവരുടെ പേരും ഉള്‍പ്പെടുത്താം എന്ന രീതി ചുമ്മാര്‍ സ്വീകരിച്ചതില്‍ അനിവാര്യതയും ഉണ്ടായിരുന്നു. കേരള കൗമുദിക്കായിരുന്നു അന്ന് നിയമസഭാ റിപ്പോര്‍ട്ടിംഗിന്റെ കുത്തക. സഭാ നടപടികളും പ്രസംഗങ്ങളും ഏറെക്കുറെ പൂര്‍ണ്ണമായും നല്‍കും.
തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരിക്കുന്ന കേരള കൗമുദിയോട് മത്സരിക്കാന്‍ കോട്ടയത്തു നിന്നിറങ്ങുന്ന മലയാള മനോരമയ്ക്ക് കഴിയുമായിരുന്നില്ല. അതിനു കണ്ട പരിഹാരമായിരുന്നു അവലോകനം. വള്ളിപുള്ളി വിടാതെ കൊടുക്കുന്നതിനു പകരം എല്ലാം തൊട്ടു തലോടി ഒരു റിപ്പോര്‍ട്ട്. മറ്റ് പത്രങ്ങളും ഈ രീതി പിന്‍തുടര്‍ന്നു.
വിവിധ പേരുകളില്‍ മലയാള പത്രങ്ങള്‍ നിയമസഭാ നടപടികളുടെ രത്‌നചുരുക്കം വായനക്കാര്‍ക്ക് നല്‍കുന്നു. അവലോകനങ്ങളിലെ സാമൂഹ്യവിമര്‍ശനങ്ങളും അധികാരസ്ഥാനങ്ങളെ പൊള്ളിക്കുന്ന രൂക്ഷ വിമര്‍ശനങ്ങളും ഭരണക്കാരേയും അഴിമതിക്കാരേയും സംഭ്രാന്തചിത്തരാക്കിയിട്ടുണ്ട്.
2006 ഒക്്‌ടോബര്‍ 10 ന് കേരള കൗമുദിക്കായി അവലോകനം നടത്താന്‍ പ്രസ് ഗാലറിയില്‍ എത്തിയത് സുകുമാര്‍ അഴിക്കോട് ആയിരുന്നു. 45 മാര്‍ക്ക് നല്‍കാം എന്നു കരുതി സഭയിലെത്തിയ അഴിക്കോട്് 70 മാര്‍ക്ക് നല്‍കിയാണ് മടങ്ങിയത്. അതെക്കുറിച്ച് അഴിക്കോട് അവലോകനത്തില്‍ കുറിച്ചതിങ്ങനെ. ടിവി വരുന്നതിനു മുന്‍പ് പത്രങ്ങളിലൂടെ വായിച്ചും പിന്നീട് ടിവി ചാനലുകളിലൂടെ കണ്ടും എന്റെ മനസ്സില്‍ നിയമസഭ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രൂപം കൊണ്ട അഭിപ്രായം തീര്‍ത്തും പ്രശംസാവഹമായിരുന്നു എന്നു പറയാന്‍ എനിക്ക് ധൈര്യമില്ല. പത്ര മാധ്യമങ്ങളിലൂടെ ഏതു സംഭവവും പ്രതിഫലിപ്പിക്കുമ്പോള്‍ പലവശങ്ങളും നഷ്ടപ്പെടുകയോ തെളിയാതിരിക്കുകയോ ചെയ്യും. എന്നാല്‍ ടി വി വഴിക്കും പൂര്‍ണ്ണമായ പ്രതീതി ലഭ്യമാകില്ലെന്ന് കേരള നിയമസഭയുടെ നടപടികള്‍ നേരിട്ടു കണ്ടപ്പോള്‍ ബോധ്യമായി. എന്റെ മനസ്സില്‍ പൂര്‍വജ്ഞാനം വന്നതുകൊണ്ട് പെട്ടെന്നുണ്ടായ വിലയിരുത്തല്‍ 100 ല്‍ 45 മാര്‍ക്കായിരുന്നു.. സഭാ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചപ്പോള്‍ എന്റെ വിലയിരുത്തല്‍ 100 ല്‍ 70 ല്‍ കുറയാത്ത മാര്‍ക്ക് കൊടുക്കാമെന്നാണ്.
അവലോകനങ്ങള്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട്് അരനൂറ്റാണ്ടാകുമ്പോള്‍ കെ ആര്‍ ചുമ്മാറും സുകുമാര്‍ അഴിക്കോടും ഉള്‍പ്പെടെ 50 മാധ്യമ പ്രവര്‍ത്തകരെഴുതിയ 50 നിയമസഭാ അവലോകനങ്ങള്‍ അവതരിപ്പിക്കുകയാണ് പ്രസ് ഗ്യാലറി കണ്ട സഭ എ പുസ്തകത്തിലൂടെ കേരള മീഡിയ അക്കാദമി.
അര നൂറ്റാണ്ടിലെ കേരളരാഷ്ട്രീയത്തെ ഒറ്റ നോട്ടത്തില്‍ വിലയിരുത്താന്‍ വായനക്കാര്‍ക്ക് അവസരം കിട്ടുന്നതും പൂര്‍വമാതൃക ഇല്ലാത്തതും ചരിത്ര സ്‌നേഹികള്‍ക്കും മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദവുമായ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് മാധ്യമ പ്രവര്‍ത്തകനായ പി ശ്രീകുമാറാണ്.
സി ആര്‍ എന്‍ പിഷാരടി (ജനയുഗം) കെ സി സെബാസ്റ്റ്യന്‍(ദീപിക), പി സി സുകുമാരന്‍ നായര്‍(മാതൃഭൂമി),കെ ജി പരമേശ്വരന്‍ നായര്‍ (കേരള കൗമുദി) എസ് ആര്‍ ശക്തിധരന്‍ (ദേശാഭിമാനി), കെ കുഞ്ഞിക്കണ്ണന്‍ (ജന്മഭൂമി) തുടങ്ങിവരുടെ ആദ്യകാല അവലോകനങ്ങള്‍ ചരിത്രത്തിലേക്ക് കൂട്ടികൊണ്ടു പോകുന്നവയാണ്. പിന്നീട് രാജ്യസഭാംഗങ്ങളായ കെ മോഹനന്‍ (ദേശാഭിമാനി), എം.പി അച്ചുതന്‍ (ജനയുഗം) എന്നിവരെഴുതിയ അവലോകനങ്ങള്‍ പുസ്തകത്തിലുണ്ട്
ജൂലൈ 30 ന് തിരുവനന്തപുരത്ത് മാസ്‌ക്കറ്റ് ഹോട്ടലില്‍ വൈകിട്ട്് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുന്‍ സ്പീക്കര്‍ വി എം സുധീരനും നല്‍കി പ്രകാശനം നിര്‍വഹിക്കും. ഒ രാജഗോപാല്‍ എംഎല്‍എ, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, ഐ ആന്റ് പി ആര്‍ ഡി സെക്രട്ടറി പി വേണുഗോപാല്‍ ഐ എ എസ്, മുതിര്‍ മാധ്യമ പ്രവര്‍ത്തകരായ എസ് ആര്‍ ശക്തിധരന്‍, കെ ജി പരമേശ്വരന്‍ നായര്‍, കെ പ്രഭാകരന്‍, എം പി അച്ചുതന്‍, കെ കുഞ്ഞിക്കണ്ണന്‍, വി എസ് രാജേഷ്, കെ പി മോഹനന്‍, എം ജി രാധാകൃഷ്ണന്‍, രാജാജി മാത്യു തോമസ്, ജോണ്‍ മുണ്ടക്കയം,സരസ്വതി നാഗരാജന്‍, എസ് ബിജു, അക്കാദമി സെക്രട്ടറി കെ മോഹനന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യുണിക്കേഷന്‍ ഡയറക്ടര്‍ ഡോ. എം ശങ്കര്‍ എന്നിവര്‍ പങ്കെടുക്കും
അവലോകനങ്ങള്‍ എഴുതിയ മാധ്യമ പ്രവര്‍ത്തകരെ ആദരിക്കും. മീഡിയ അക്കാദമിയുടെ ഫോട്ടോ ജേര്‍ണലിസം ആദ്യ ബാച്ചിന്റെ ബിരുദദാനവും ചടങ്ങില്‍ നടക്കും.