ആധുനിക തലമുറക്ക് വേണ്ടത് നിര്‍മ്മിതബുദ്ധിക്കപ്പുറമുള്ള വിവേചനബുദ്ധി: വെങ്കിടേഷ് രാമകൃഷ്ണന്‍

മനുഷ്യര്‍ ചെയ്യുന്ന ക്രിയാത്മകമായ ജോലികള്‍ പോലും ചെയ്യാന്‍ കഴിയുന്ന നിര്‍മ്മിത ബുദ്ധിയാണ് സാങ്കേതിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന പുതിയ പ്രതിഭാസം. ഡിജിറ്റല്‍ യുഗത്തിലേക്ക് ജനിച്ചുവീണവരെങ്കിലും ക്ലാസ്മുറികളിലെ പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന ആധുനിക തലമുറയ്ക്ക് തൊഴില്‍ മേഖലയില്‍ വെല്ലുവിളികള്‍ തീര്‍ക്കുന്നു, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നുവിളിക്കുന്ന നവസാങ്കേതിക വിദ്യയായ നിര്‍മ്മിത ബുദ്ധിയെന്ന് ഫ്രണ്ട്‌ലൈന്‍ മാഗസിന്‍ ഡല്‍ഹി ബ്യൂറോ ചീഫ് വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞു. കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളുടെ പ്രവേശനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വെങ്കിടേഷ്.

യുക്ത്യാനുസൃതചിന്തയും നൈസര്‍ഗികഭാഷാപ്രയോഗശേഷിയുമുണ്ടെങ്കിലും ഒട്ടനവധി പരിമിതികളും നിര്‍മ്മിത ബുദ്ധിക്കുണ്ട്. ‘ഫേസ് ബുക്ക് പേജിലെ സന്ദേശം നിങ്ങളുടെ ചിത്രത്തോടൊപ്പം ടാഗ് ചെയ്യുക’ എന്ന നിര്‍ദ്ദേശത്തോടൊപ്പം നല്‍കിയ ചിത്രം മഹാത്മാഗാന്ധിയുടേതായിരുന്നു എന്ന് വെങ്കിടേഷ് പറഞ്ഞത് സദസ്സില്‍ ചിരി പടര്‍ത്തി. നിര്‍മ്മിത ബുദ്ധിക്ക് അപ്പുറമുള്ള വിവേചനബുദ്ധിയാണ് പുതിയ വെല്ലുവിളികള്‍ നേരിടാന്‍ ആവശ്യമായിട്ടുള്ളത്. ജ്ഞാനവിജ്ഞാനങ്ങള്‍ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണം. വസ്തുതകളുടെ വിശദാംശങ്ങള്‍ തേടിക്കൊണ്ട് വിവേചനബുദ്ധിയോടെ വേണം മുന്നേറാന്‍ എന്ന് വേങ്കിടേഷ് വിദ്യാര്‍ത്ഥികളെ ഓര്‍മ്മപ്പെടുത്തി. ജനവിരുദ്ധവും ഉത്തരവാദിത്തരഹിതവുമായ മാധ്യമപ്രവര്‍ത്തനം നടക്കുന്നുണ്ട്. അന്തസ്സിനും അന്തസ്സില്ലായ്മയ്ക്കും ഇടയിലുള്ള അതിര്‍വരമ്പ് വിവേചിച്ചറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണം. മാധ്യമസ്വാതന്ത്ര്യത്തിന് മൂക്കുകയറിടുക എന്നത് ആശാസ്യമല്ല. അഞ്ചുകോടി ജനങ്ങളിലേക്കെത്താന്‍ റേഡിയോ എന്ന മാധ്യമത്തിന് വേണ്ടിവന്നത് 35 വര്‍ഷമാണെങ്കില്‍ ഇന്റര്‍നെറ്റിന് വേണ്ടിവന്നത് 4 വര്‍ഷം. ഫേസ്ബുക്കിന് പത്തുകോടി ജനങ്ങളിലേക്കെത്താന്‍ വെറും ഒന്‍പതുമാസം മതിയായിരുന്നു എന്നോര്‍മ്മപ്പെടുത്തിയ വെങ്കിടേഷ് 2020ലെത്തുമ്പോള്‍ 260 ബില്യണ്‍ ആപ്പുകളാണ് ജനങ്ങളിലേക്കെത്തുക എന്ന് പറഞ്ഞു.

ശക്തമായ ആയുധമാണ് വാക്ക്. വാളുപോലെ മൂര്‍ച്ചയുള്ളതും അഗ്നിപോലെ സംഹാരാത്മകവും. യഥോചിതമായി ഔചിത്യത്തോടെ വേണം വാക്കെടുത്ത് പ്രയോഗിക്കാന്‍ എന്ന് അക്കാദമി സീനിയര്‍ ഫാക്കല്‍റ്റി അംഗവും പ്രശസ്ത എഴുത്തുകാരിയുമായ ഡോ. എം. ലീലാവതി പറഞ്ഞു. വാക്കിനോളം ശക്തിയുണ്ട് ചിത്രങ്ങള്‍ക്കും. ഹിരോഷിമയിലെ ബോംബുവര്‍ഷത്തിന്റെ വിനാശകരമായ ശക്തി ചൂണ്ടിക്കാട്ടുന്ന ദുരന്തചിത്രവും കേരളത്തിലെ ദുരന്തങ്ങളെ വെളിച്ചത്തുകൊണ്ടുവന്ന ചിത്രങ്ങളും ഉദാഹരണങ്ങളാണെന്ന് ടീച്ചര്‍ പറഞ്ഞു. വെല്ലുവിളികളെ സമൂഹത്തിന് പ്രയോജനപ്പെടുംവിധം ഏറ്റെടുക്കാനുള്ള സന്നദ്ധതയും അതിനായുള്ള പ്രയത്‌നവുമാണ് വേണ്ടതെന്ന് ടീച്ചര്‍ ആശംസാപ്രസംഗത്തില്‍ പറഞ്ഞു.

അടിസ്ഥാനപരമായ മനുഷ്യന്റെ വികാരവിചാരധാരകളെ പ്രകടിപ്പിക്കാന്‍ മനുഷ്യസാമീപ്യം തന്നെ വേണമെന്ന് പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സാമൂഹ്യപ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി പറഞ്ഞു. മനുഷ്യന്‍ പ്രണയിക്കുന്നതുപോലെ റോബോര്‍ട്ടിന് പ്രണയിക്കാനാവില്ലെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി നിര്‍മ്മിതബുദ്ധി മനുഷ്യബുദ്ധിക്ക് പകരമാവില്ലെന്ന് വാദിച്ചു. ചടങ്ങില്‍ ആശംസയര്‍പ്പിച്ചു സംസാരിക്കുകയായിരുു അവര്‍.
കാശ്മീരിലെ മാധ്യമസ്വാതന്ത്ര്യത്തിനായിട്ടുള്ള കേസില്‍ കക്ഷിചേരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് സദസ്സില്‍ അധ്യക്ഷതവഹിച്ച കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു വ്യക്തമാക്കി. അഭിഭാഷകരുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു. പുതിയ കാലഘട്ട’ത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കുമ്പോള്‍ തന്നെ മാനവീയ മൂല്യങ്ങള്‍ മനസ്സിലാക്കി സാമൂഹ്യബോധത്തോടെ വേണം മുന്നോട്ടുപോകാനെന്ന് വിദ്യാര്‍ത്ഥികളെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പ്രമുഖ മാധ്യമപ്രവര്‍ത്തകനും അക്കാദമി ഭരണസമിതിയംഗവുമായ ദീപക് ധര്‍മ്മടം ആശംസയര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ കോഴ്‌സ് ഡയറക്ടര്‍ ഡോ. എം. ശങ്കര്‍ സ്വാഗതവും അക്കാദമി അസി. സെക്രട്ടറി പി.സി. സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു. ജേര്‍ണലിസം, ടിവി ജേര്‍ണലിസം സീനിയര്‍ ഫാക്കല്‍റ്റി അംഗങ്ങളായ കെ. ഹേമലത, കെ. അജിത്, പബ്ലിക് റിലേഷന്‍സ് ലക്ചറര്‍ വിനീത വി.ജെ, വീഡിയോ എഡിറ്റിംഗ് ഇന്‍സ്ട്രക്ടര്‍ എം.ജി. ബിജു എന്നിവര്‍ സംസാരിച്ചു.