പ്രസാധനസ്വാശ്രയ ശ്രമങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ – ഡോ. റ്റി.എം തോമസ് ഐസക്
പ്രസാധന സ്വാശ്രയശ്രമങ്ങള്‍ക്ക് സര്‍ക്കാരിന്റെ സര്‍വ്വവിധ പിന്തുണയുമുണ്ടാകുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് ജനയുഗത്തിന്റെ മാതൃക മറ്റ് പ്രസിദ്ധീകരണങ്ങളും പിന്തുടരണമെന്നും ഇതുമൂലം രാഷ്ട്രീയത്തിനപ്പുറം സാമ്പത്തികലാഭത്തിന്റെ മാനവുമുണ്ടെന്ന് ഐസക് പറഞ്ഞു. മീഡിയ അക്കാദമിയുടെ പ്രസാധനസ്വാശ്രയ ഉച്ചകോടിയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂം മലയാളം കംപ്യൂട്ടിങ്ങിലും സമഗ്രസംഭാവന നല്‍കിയ വ്യക്തികളെ ആദരിച്ച് സംസാരിക്കുകയായിരുന്നു ധനമന്ത്രി.
എല്ലാവര്‍ക്കും സൗജന്യ വിജ്ഞാന വ്യാപനത്തിനായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തെ ശക്തിപ്പെടുത്താന്‍ ഒമാന്‍ സഹായം നല്‍കാന്‍ സന്നദ്ധമാണെന്ന് സ്‌ക്രൈബസ് വിദഗ്ധനായ ഒമാനി സോഫ്റ്റ്‌വെയര്‍ മേധാവി ഫഹദ് അല്‍ സെയ്ദി പറഞ്ഞു. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച പ്രസാധനസ്വാശ്രയത്വ ഉച്ചകോടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്തര്‍ദേശീയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹവുമായി ഒമാനി സോഫ്റ്റ്‌വെയര്‍ വിഭാഗം നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഏവരും പരസ്പരം നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രസാധനത്തിന് സ്‌ക്രൈബസ്, പ്രോഗ്രാം ലൈബ്രറി, ഗ്രാഫിക്‌സ്, ഇമേജ് മാജിക്, പി.സി.എഫ് ലൈബ്രറി എന്നിവയുടെ വിവരസാങ്കേതിക പിന്തുണ നല്‍കുന്നുണ്ട്. കേരളത്തില്‍ നടപ്പാക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംരംഭങ്ങള്‍ക്ക് ഒമാനി സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അതോറിറ്റിയുടെ സമ്പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് അല്‍ സെയ്ദി പറഞ്ഞു.
മാധ്യമസ്ഥാപനങ്ങളില്‍ മുതല്‍ ഡി.ടി.പി സെന്ററുകളില്‍വരെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തുന്നതിനുവേണ്ടിയുള്ള കൂട്ടായ്മയ്ക്കും ക്രൗഡ് ഫണ്ടിംഗുമാണ് ഉച്ചകോടി ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു പറഞ്ഞു.
ഫ്രണ്ട്‌ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ആയിരത്തില്‍പരം ടൈപ്പുകള്‍ ഉപയോഗിച്ച് നടത്തിയിരുന്ന പത്രപ്രസാധന രംഗം കംപ്യൂട്ടര്‍ ടൈപ്പ്‌സെറ്റിംഗിലൂടെ വിപ്ലവകരമായ മാറ്റമാണ് കൈവരിച്ചിരിക്കുന്നതെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജേക്കബ് പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ്‌വെയറിലും യൂണികോഡിലും ജനയുഗം പ്രസിദ്ധീകരിക്കുന്നത് സാമ്പത്തിക സ്വാശ്രയത്വത്തോടൊപ്പം രാഷ്ട്രീയ സമരവും കൂടിയാണെന്ന് ജനയുഗം പത്രാധിപര്‍ രാജാജി മാത്യു തോമസ് അഭിപ്രായപ്പെട്ടു.
കുട്ടികള്‍ എഴുതുന്ന അക്ഷരത്തെറ്റ് തിരുത്താന്‍ കഴിയാത്ത ഒരു കാലഘട്ടംപോലും ലിപി പരിഷ്‌കരണത്തിലൂടെ മലയാളത്തിന് ഉണ്ടായിരുന്നുവെന്ന് കെ.എച്ച്. ഹുസൈന്‍ അഭിപ്രായപ്പെട്ടു. ഡോ. സീമ ജെറോം, ഡോ. എസ്. കുഞ്ഞമ്മ, പ്രൊഫ. ദീപ പി. ഗോപിനാഥ്, പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു.
അനിവര്‍ അരവിന്ദ്, രജീഷ് കെ.വി, രഞ്ജിത്ത്, അമ്പാടി, കണ്ണന്‍, പി.കെ. അശോക് കുമാര്‍, മുജീബ്, കെ.വി. അനില്‍കുമാര്‍, ടി. ഗോപകുമാര്‍, ഡോ. മഹേഷ് മങ്ങലാട്ട് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. എം.വി. ശ്രേയാംസ്‌കുമാര്‍, ജോണ്‍ മുണ്ടക്കയം, യു.വി. ജോസ് ഐ.എ.എസ് എന്നിവര്‍ ആശംസപ്രസംഗം നടത്തി. ഡോ. ബി. ഇക്ബാല്‍, അനിവര്‍ അരവിന്ദ്, മനോജ് പുതിയവിള, തുടങ്ങിയവര്‍ പങ്കെടുത്തു. മീഡിയ അക്കാദമി സെക്രട്ടറി പി.സി. സുരേഷ്‌കുമാര്‍ സ്വാഗതവും ഹേമലത നന്ദിയും പറഞ്ഞു.
ഫഹദ് അല്‍ സെയ്ദി, അജയ്‌ലാല്‍, കെ.എച്ച്. ഹുസൈന്‍, കെ.വി അനില്‍കുമാര്‍, അനിവര്‍ അരവിന്ദ്, എ. രാമചന്ദ്രന്‍, നാരാണയ ഭട്ടതിരി, മഹേഷ് മങ്ങലാട്ട്, രാജാജി മാത്യു തോമസ്, പി.വി. മുരുകന്‍ എന്നീ വ്യക്തികളെ മലയാളം കംപ്യൂട്ടിങ്ങ് രംഗത്ത് നല്‍കിയ സംഭാവനകളെ അധികരിച്ച് മീഡിയ അക്കാദമി ആദരിക്കുകയുണ്ടായി.