സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാധ്യമങ്ങള്‍ ഒന്നടങ്കം ഏറ്റെടുക്കണം – കടന്നപ്പള്ളി രാമചന്ദ്രന്‍

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള പത്രപ്രവര്‍ത്തനം മലയാള മാധ്യമങ്ങള്‍ ഒന്നടങ്കം ഏറ്റെടുക്കണെന്ന് തുറുമുഖ – പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഇതിന് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച പ്രസാധനസ്വാശ്രയത്വ ഉച്ചകോടിയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളപ്രസാധനരംഗത്തെ മെച്ചപ്പെടുത്താന്‍ സ്വതന്ത്രസോഫ്റ്റ്വെയര്‍ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തും. അക്ഷരവിന്യസനം, രൂപകല്പന, അച്ചടി, വാര്‍ത്താപരിപാലനം, വിവരശേഖരപരിപാലനം, ഓഫീസ് നിര്‍വ്വഹണം തുടങ്ങിയ മേഖലകളിലെല്ലാം സ്വതന്ത്രസോഫ്റ്റ്വെയറുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കും. സംസ്ഥാനത്തെ എല്ലാ പത്രസ്ഥാപനങ്ങളിലും സ്വതന്ത്രസോഫ്റ്റ്വെയറധിഷ്ഠിതമാക്കുന്നതിന് ധനം കണ്ടെത്താന്‍ കേരള മീഡിയ അക്കാദമി മുന്‍കൈ എടുക്കും. ഇതിനായി അനുയോജ്യമായ സംഘടനയ്ക്കു രൂപം നല്കാനും സ്വതന്ത്രസോഫ്റ്റ്വെയര്‍ സമൂഹവുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കാനുമാണ് ഉച്ചകോടി പ്രഖ്യാപനം.
സമാപന സമ്മേളനത്തില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷനായിരുന്നു. ഒമാനി സ്‌ക്രൈബസ് വിദഗ്ധന്‍ ഫഹദ് അല്‍ സെയ്ദി, രാജാജി മാത്യു തോമസ്, സുരേഷ് വെള്ളിമണ്‍, ഡോ. എന്‍.പി ചന്ദ്രശേഖരന്‍, ഡോ. ബി. ഇക്ബാല്‍, ഡോ. സീമാ ജെറോം എന്നിവര്‍ ആശംസ പ്രസംഗവും എസ്. ജോര്‍ജ്ജ്കുട്ടി നന്ദിയും പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, ഐ.ടി, ഭാഷാശാസ്ത്രം, മാധ്യമങ്ങള്‍ എന്നീ രംഗത്തുനിന്നുള്ള നൂറില്‍പരം വിദഗ്ധര്‍ രണ്ടു ദിവസത്തെ ഉച്ചകോടിയില്‍ പങ്കെടുത്തു. പി.രാജീവ് ചെയര്‍മാനും സെബിന്‍ എബ്രഹാം, അനിവര്‍ അരവിന്ദ്, ഭട്ടതിരി, കെ.എച്ച്. ഹുസൈന്‍, വര്‍ഗ്ഗീസ് ജേക്കബ്, ഡോ. പി.കെ. രാജശേഖരന്‍ എന്നിവരടങ്ങുന്ന 30 അംഗ സാങ്കേതികവിദ്യ സമിതിയേയും ഉച്ചകോടി തെരഞ്ഞെടുത്തു.