സ്വാതന്ത്ര്യമുണ്ടെന്നു കരുതി എന്തും ആവിഷ്‌കരിക്കാനാവില്ല: മധുപാല്‍
സ്വാതന്ത്ര്യമുണ്ടെന്നു കരുതി എന്തും ആവിഷ്‌കരിക്കാന്‍ സാധിക്കില്ല. കലാകാരന്മാരും സമൂഹവും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് അവസരമുണ്ടാകണം. കേരള മീഡിയ അക്കാദമിയുടെ ഫിലിം ക്ലബ് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മധുപാല്‍.
കാഴ്ചകള്‍ കാണുന്നത് കണ്ണുകൊണ്ടു മാത്രമല്ല ഇപ്പോള്‍ അറിഞ്ഞ സത്യം വേറെയെന്ന് പ്രഖ്യാപിക്കുന്ന കാലം വന്നുകൂടായ്കയില്ല. കാണുന്ന കാഴ്ചയല്ല ശരി, പ്രശ്‌നങ്ങളില്‍ ഇടപെടാനും ഇടപെടാതിരിക്കാനുമുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ട്.
എഴുത്തുകാരന്റെ മനസ്സ് ചലച്ചിത്രകാരന് നല്‍കുമ്പോള്‍ പരിമിതികളുടേയും സാധ്യതകളുടേയും പരിസരങ്ങളെക്കുറിച്ച് ബോധ്യമുണ്ടാവണം. ജീവിതവുമായി സംഗീതത്തിന് അടുത്ത ബന്ധമാണുള്ളത്. സിനിമയിലെ സംഗീതം ആസ്വാദനത്തിന്റെ തോതിനേയും മനസ്സിനെത്തന്നെയും സ്വാധീനിക്കുന്നതായി മധുപാല്‍ അഭിപ്രായപ്പെട്ടു.
ഭാഷാവാരാചരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനവിതരണവും മധുപാല്‍ നിര്‍വഹിച്ചു.
കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. എം. ശങ്കര്‍, അക്കാദമി അസി. സെക്രട്ടറി പി.സി. സുരേഷ്‌കുമാര്‍, പി.ആര്‍ അധ്യാപിക അംഗം വിനീത എന്നിവര്‍ ആശംസ പറഞ്ഞു. മീഡിയ അക്കാദമി ജേര്‍ണലിസം വിഭാഗം അധ്യാപിക കെ. ഹേമലത നന്ദി പ്രകാശിപ്പിച്ചു.