വിവരാവകാശ നിയമം നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥരുടെ പങ്ക് നിർണ്ണായകം : വിൻസൻ എം.പോൾ

രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും ഭരണത്തിലെ സുതാര്യത ഉറപ്പാക്കുന്നതിനുമായി നിർമ്മിച്ച 2005 ലെ വിവരാവകാശ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥരുടെ പങ്ക് നിർണായകമാണെന്ന് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം.പോൾ പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷനും കേരള മീഡിയ അക്കാദമിയും സംയുക്തമായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും മാധ്യമ വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ച വിവരാവകാശ നിയമത്തിലുള്ള ഏകദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഔദ്യോഗിക സംവിധാനത്തെ ബാധിച്ചിട്ടുളള ചുവപ്പു നാടപോലെയുളള അനഭിലഷണീയ പ്രവണതകൾക്കെതിരെ ഉപയോഗിക്കാവുന്ന ശക്തമായ ഒരു ആയുധമാണ് വിവരാവകാശനിയമം. ഇതിനായി ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും പരസ്പരം കൈകോർക്കണം. പൊതു താത്പര്യമുളള വിവരങ്ങൾ പൗരൻമാർക്ക് ലഭ്യമാക്കുന്നതിൽ ഉദ്യോഗസ്ഥർ വിമുഖരാകേണ്ട കാര്യമില്ല. നിയമം ഉദ്യോഗസ്ഥർക്കോ ഭരണസംവിധാനത്തിനോ എതിരാണെന്ന ധാരണയും വേണ്ട. അപേക്ഷകർ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നൽകേണ്ട ബാധ്യതയും ഔദ്യോഗിക സംവിധാനത്തിന് ഇല്ലെന്നും അദ്ദേഹം ഓർമ്മിച്ചു. ലഭ്യമായ വിവരങ്ങൾ നിശ്ചിത സമയത്തിനുളളിൽ അപേക്ഷകന് നൽകുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. നേരത്തെ ഉണ്ടായിരുന്ന ഔദ്യോഗിക രഹസ്യ നിയമം ഇന്ന് വലിയൊരളവോളം അപ്രസക്തമായ കാര്യം എല്ലാവരും ഓർക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്ന നിക്ഷിപ്ത താത്പര്യക്കാരുടെ നടപടികളെ നിരുത്സാഹപ്പെടുത്തേണ്ടതാണ്. നിയമത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്കിടയിലും ആളുകൾക്കിടയിലും വേണ്ടത്ര അവബോധമുണ്ടായാൽ ഇത്തരം നീക്കങ്ങളെ ചെറുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ നേരിടുന്ന പ്രശ്‌നങ്ങൾ, നിയമത്തിലെ പുത്തൻ സാധ്യതകൾ എന്നിവ സംബന്ധിച്ചുള്ള പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് കമ്മിഷണർമാർ മറുപടി നൽകി.
ചടങ്ങിൽ കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അദ്ധ്യക്ഷത വഹിച്ചു. വിവരാവകാശ കമ്മീഷണർമാരായ എസ്.സോമനാഥൻപിളള, ഡോ.കെ.എൽ.വിവേകാനന്ദൻ, കെ.വി.സുധാകരൻ, മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല, ലക്ചറർ കെ.ഹേമലത തുടങ്ങിയവർ പങ്കെടുത്തു.