ദൃശ്യമാധ്യമങ്ങള്‍ക്കു പെരുമാറ്റച്ചട്ടം വേണമെന്ന് കെ.സി.ജോസഫ്

തിരുവനന്തപുരം: അച്ചടിമാധ്യമങ്ങളുടെ ആധികാരികത ദൃശ്യമാധ്യമങ്ങള്‍ക്കില്ലെന്നും ദൃശ്യമാധ്യമങ്ങള്‍ക്ക് ലക്ഷ്മണരേഖയും പെരുമാറ്റച്ചട്ടവും വേണമെന്നും മന്ത്രി കെ.സി.ജോസഫ്. കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുമായി ചേര്‍ന്ന് മീഡിയ അക്കാദമി സംഘടിപ്പിച്ച പ്രാദേശിക ലേഖകര്‍ക്കായുള്ള ദ്വിദിന പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പ്രാദേശിക ലേഖകരുടെ ഉത്തരവാദിത്തം വായനക്കാരോടാണ്. ധാര്‍മികതയും ഉത്തരവാദിത്തവും പൊതുജനം പ്രതീക്ഷിക്കുന്നതായി പ്രസ് അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍ പറഞ്ഞു. പത്രപ്രവര്‍ത്തകനായ ജി.പ്രിയദര്‍ശന്‍ രചിച്ച ‘കേരള പത്രപ്രവര്‍ത്തനം സുവര്‍ണാധ്യായങ്ങള്‍’ എന്ന പുസ്തകം എന്‍.പി.രാജേന്ദ്രന് നല്‍കി മന്ത്രി പ്രകാശനം ചെയ്തു.

വെള്ളയമ്പലം അനിമേഷന്‍ സെന്ററില്‍ ഇന്നലെ നടന്ന പഠനക്യാമ്പില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് സിബി കാട്ടാമ്പള്ളി, സെക്രട്ടറി സുരേഷ് വെള്ളിമംഗലം, കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി, ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ എന്‍.രാജേഷ്, മീഡിയ അക്കാദമി സെക്രട്ടറി ഇന്‍ ചാര്‍ജ് എന്‍.പി.സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.