സമകാലിന ഇന്ത്യ അടിയന്തരാവസ്ഥക്ക് മുമ്പ് രാജ്യത്തുണ്ടായിരുന്ന സ്ഥിതി വിശേഷങ്ങളെ അനുസ്മരിപ്പിക്കുന്നുവെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി . മാധ്യമ നീതിന്യായ രംഗങ്ങളിലെ പുത്തന്‍ പ്രവണതകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇരു കാലഘട്ടങ്ങളും തമ്മില്‍ സമാനതകളുണ്ടെന്ന് കാണാം. എന്നാല്‍ ഇന്ത്യയിലെ യുവത്വം പ്രത്യേകിച്ച് സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് ഏറ്റെടുത്ത് നടത്തു പോരാട്ടം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമിയില്‍ ടി.വി.ആര്‍. ഷേണായി ബുക്ക് കോര്‍ണറും മാധ്യമ ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ജനാധിപത്യത്തിലെ രോഗബാധ തിരിച്ചറിയേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ മാധ്യമങ്ങളെന്തുചെയ്യുന്നു, കോടതികള്‍ എന്തു ചെയ്യുന്നു എന്നതെല്ലാം പ്രസക്തമാണ്. ഇന്ത്യയുടെ ഇന്നത്തെ സങ്കീര്‍ണ്ണ സാഹചര്യത്തില്‍ ജനാധിപത്യ ബോധമുളള ഇന്ത്യന്‍ യുവത്വം ഉയര്‍ന്നു വരിക തന്നെ ചെയ്യും.
മൂല്യങ്ങളോടുളള മുറിച്ചുകളയാനാവാത്ത പ്രതിബദ്ധതയാണ് ഓരോ മാധ്യമ പ്രവര്‍ത്തകനും പുലര്‍ത്തേണ്ടത്്. ഇന്ത്യയിലെ ആദ്യ പത്രമായ ബംഗാള്‍ ഗസ്റ്റ് സ്ഥാപിച്ച അഗസ്റ്റസ് ഹിക്കിയെ പോലെയും സ്വദേശാഭിമാനിയെ പോലെയും, മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഭരണകൂടവുമായി ഏറ്റുമുട്ടിയവരുടെ ഒരു നിരതന്നെ രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാതൃകയായുണ്ട്. സമൂഹത്തിന് മാധ്യമങ്ങളില്‍ വിശ്വാസമുണ്ടാകണമെങ്കില്‍ മാധ്യമ പ്രവര്‍ത്തകന് വിശ്വാസ്യത ഉണ്ടാകണം. അദ്ദേഹം പറഞ്ഞു. ടി.വി.ആര്‍ ഷേണായി വൈവിധ്യങ്ങളെ സ്‌നേഹിച്ച പത്ര പ്രവര്‍ത്തക അതികായരില്‍ ഒരാളായിരുന്നുവെന്ന് എം. എ ബേബി പറഞ്ഞു.
ഇന്ത്യയിലെ ആദ്യ പത്രമായ ബംഗാള്‍ ഗസ്റ്റ് പുറത്തിറക്കിയ ജനുവരി 29 തന്നെയാണ് മാധ്യമ ദിനമായി ആചരിക്കേണ്ടതെന്ന് പത്രദിന പ്രഭാഷണം നടത്തിയ ഡോ സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു. മാധ്യമങ്ങള്‍ ഇന്ന് നേരിടുന്ന വെല്ലുവിളി ഏറെ ഗുരുതരമാണ്. പ്രസ് കൗണ്‍സില്‍ എന്ന സ്ഥാപനത്തെ നിശബ്ദമാക്കുകയും അപ്രസക്തമാക്കുകയും ചെയ്യുന്നതില്‍ നിക്ഷിപ്തതാത്പര്യക്കാര്‍ വിജയിച്ചിരിക്കുന്നു എന്നതില്‍ നിന്ന് അതിന്റെ ഗൗരവം മനസ്സിലാക്കാവുന്നതാണ്.
കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ടൂട്ടോറിയലുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെ്ന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു പറഞ്ഞു. മാധ്യമസാക്ഷരത എല്ലാവരിലേയ്ക്കും എത്തിക്കുന്ന തരത്തിലുളള ക്ലാസുകളാണ് ഇതിനായി ആവിഷ്‌കരിക്കുന്നത്.
ടി.വി.ആര്‍ ഷേണായിയും കെ.ഗോപാലകൃഷ്ണനും ഉള്‍പ്പെട്ട ഡല്‍ഹി മാധ്യമ രംഗത്തെ അതികായരുമായുളള രാഷ്ട്രീയത്തിനപ്പുറമുളള ഗാഢമായ സൗഹൃദത്തെ കുറിച്ച് ചടങ്ങില്‍ ആശംസയര്‍പ്പിച്ച മുന്‍ മന്ത്രി കെ.വി.തോമസ് അനുസ്മരിച്ചു. ടി.വി.ആറിന്റെ അടുത്ത സുഹൃത്തും സമകാലീനനുമായ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ. ഗോപാലകൃഷ്ണന്‍ ചടങ്ങില്‍ പങ്കെടുത്തു. ടി.വി.ആര്‍ ഷേണായിയുടെ ഭാര്യ സരോജഷേണായിയെ ചടങ്ങില്‍ ആദരിച്ചു.
കെ.യൂ.ഡ്യൂ ജെ. ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷ്, അക്കാദമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല , ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം.ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

പൗരത്വപ്രക്ഷോഭം ഇന്ത്യാചരിത്രത്തില്‍ മാറ്റത്തിന് തുടക്കംകുറിക്കും : കെ.ഗോപാലകൃഷ്ണന്‍

പൗരത്വപ്രക്ഷോഭം ഇന്ത്യാ ചരിത്രത്തില്‍ പുതിയ മാറ്റത്തിന് തുടക്കംകുറിക്കുമെന്ന് മുതിര്‍ മാധ്യമ പ്രവര്‍ത്തകന്‍ കെ.ഗോപാലകൃഷ്ണന്‍ പറഞ്ഞു.
യുവാക്കളും യുവതികളുമടങ്ങുന്ന പുതുതലമുറ പരമ്പരാഗത നേതൃ സംങ്കല്‍പ്പങ്ങളെ അപ്രസക്തമാക്കുകയാണ് ഈ പ്രക്ഷോഭത്തിലൂടെ. സ്വാതന്ത്ര്യ സമരത്തിന് മുമ്പും പിമ്പും നടന്ന പ്രക്ഷോഭങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യത്തിന്റെ നിലനില്‍പ്പിനും ഭരണഘടനസംരക്ഷണത്തിനും പോരാടുന്ന യുവശക്തി വിജയിക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തെ ജനാധിപത്യ സംവിധാനം ദുര്‍ബലമാകുമെന്ന് കരുതുന്നില്ല. അടിയന്തരാവസ്ഥ കാലത്ത് നേരിടേണ്ടിവന്ന കടുത്ത പീഡനങ്ങളെ അതിജീവിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞു. ഇന്ന് നേരിടു പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് കഴിയുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. അധികാരികളെ പുകഴ്ത്തുന്നതിനും മഹത്വവല്‍ക്കരിക്കുന്നതിനും സ്വാതന്ത്ര്യം ഉളളപ്പോള്‍തന്നെ വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ നേരിടുന്നു എന്നതാണ് സമകാലീന ഇന്ത്യയിലെ മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളി. ദില്ലി തിരഞ്ഞെടുപ്പില്‍ വികസനം ചര്‍ച്ചയാകുന്നത് തങ്ങളുടെ വിജയത്തിന് പ്രതിബന്ധമാകും എന്നതിനാലാണ് വര്‍ഗ്ഗീയ അജണ്ട തിരഞ്ഞെടുപ്പ് വിഷയമാക്കുന്നതെന്നും കെ.ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.