Chairman’s Message

വിഭജന ദുരന്തം മാധ്യമങ്ങളും മറക്കരുത്

സ്വാതന്ത്ര്യത്തിന്റെ 75-ാം പിറന്നാള്‍ വിഭജനത്തിന്റെ ഇരകളെ ഓര്‍മിക്കാനുളളതു കൂടിയാണ്. രാജ്യം രണ്ടാകുന്ന പശ്ചാത്തലത്തില്‍ 1946-47ലെ ഹിന്ദു മുസ്ലിം കലാപത്തില്‍ കൊല്ലപ്പെട്ടത് ദശലക്ഷം മനുഷ്യരാണ്. 37 ലക്ഷം പേര്‍ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്തു. പലായനം ചെയ്തത് 145 ലക്ഷം പേര്‍. വിഭജനം എന്നാല്‍ പലായനവും കൊല്ലും കൊലയുമാണ്.

അന്നത്തെ കൊല്‍ക്കത്ത തെരുവിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വിദേശിയായ മാര്‍ഗരറ്റ് ബൂര്‍ക്ക് വൈറ്റിന്റെ ഫോട്ടോഗ്രാഫുകള്‍ ഇന്നും നൊമ്പരപ്പെടുത്തുന്നവയാണ്. ഇനിയൊരു വര്‍ഗീയ കലാപത്തിലേക്ക് രാജ്യത്തെ നയിക്കാതിരിക്കാനുളള വിവേകം നമ്മുടെ മാധ്യമപ്രവര്‍ത്തനത്തിന് ഉണ്ടാകണം. സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലിയിലെ ഏറ്റവും ഉദാത്തമായ സങ്കല്പങ്ങളിലൊന്ന് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌ക്കറും പാകിസ്ഥാന്റെ സംഗീത രാജ്ഞി നൂര്‍ജഹാനും ഒന്നിച്ചുപാടുന്ന അവസ്ഥ ഇന്ത്യയിലുണ്ടാകുന്നതിനെപ്പറ്റിയാണ്. രണ്ട് സംഗീതറാണിമാരും ഇന്നില്ല. അവര്‍ ജീവിച്ചിരുന്നെങ്കില്‍ ഇന്ത്യയില്‍ ഒരു വേദി പങ്കിടുന്നതാണ് സ്വപ്നം.

സ്വാതന്ത്ര്യസമരത്തില്‍ പത്രങ്ങള്‍ വഹിച്ചത് വലിയ പങ്കാണ്. ഇന്ത്യയിലെ ആദ്യത്തെ പത്രമായ ഹിക്കീസ് ബംഗാള്‍ ഗസറ്റിന്റെ എഡിറ്ററും ഉടമയുമായ ജെയിംസ് അഗസ്റ്റസ് ഹിക്കി ലക്ഷണമൊത്ത സ്വാതന്ത്ര്യദാഹിയായ പത്രാധിപരായിരുന്നു. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം 1857ല്‍ പൊട്ടിപ്പുറപ്പെടുന്നതിന് 77 വര്‍ഷം മുമ്പാണ് 1780ല്‍ ഹിക്കിയുടെ ബംഗാള്‍ ഗസറ്റ് പുറത്തിറങ്ങിയത്. ആ പത്രം ബ്രിട്ടീഷ് വാഴ്ചയുടെ അഴിമതിക്കും അരാജകത്വത്തിനും എതിരെ ശബ്ദിച്ചപ്പോള്‍ വെളളക്കാര്‍ക്ക് സേവകപ്പണി ചെയ്തു ‘ഇന്ത്യ ഗസറ്റ്’ പോലുളള പത്രങ്ങള്‍. പീറ്റര്‍ റീസ് തുടങ്ങിയ ഇന്ത്യ ഗസറ്റിന് എല്ലാ സഹായവും നല്‍കിയ സ്വീഡിഷ് മിഷനറി ജോണ്‍ സക്കറിയ കിര്‍നാന്‍ഡര്‍ ഹിക്കിക്കെതിരെ കോടതിയില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു. അതില്‍ നാല് മാസം തടവും 500 രൂപ പിഴയും ലഭിച്ചു. ഗവര്‍ണര്‍ ജനറല്‍ വാറന്‍ ഹേസ്റ്റിങ്‌സിന്റെ ഏജന്‍സി പണി ഏറ്റെടുത്താണ് ഹിക്കിക്കെതിരെ കിര്‍നാന്‍ഡര്‍ കേസ് കൊടുത്തത്. ഇതുപോലുളള പല കേസുകളിലായി ഹിക്കി ശിക്ഷിക്കപ്പെട്ടു. 26 മാസം പത്രം നടത്തിയപ്പോള്‍ 16 മാസവും ഹിക്കി ജയിലിലായിരുന്നു. ജയിലില്‍ കിടന്നും പത്രം പ്രസിദ്ധീകരിച്ചു. എന്നാല്‍ ബ്രിട്ടീഷ് ഭരണത്തിന്റെ കിരാതകരങ്ങളാല്‍ ആ പത്രം അടച്ചുപൂട്ടിക്കുകയും ഹിക്കിയെ മടങ്ങിപ്പോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ആരോഗ്യം തകര്‍ന്ന ഹിക്കി കപ്പല്‍ യാത്രയ്ക്കിടെ കൂടുതല്‍ ക്ഷീണിതനായി മരിച്ചു.

ഹിക്കിക്ക് ശേഷം കമ്പനി ഭരണത്തെ തുറന്നെതിര്‍ത്ത നിരവധി പത്രങ്ങള്‍ ഉദയം കൊണ്ടു. ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണം ഇന്ത്യാക്കാരെ കൊളളയടിക്കുകയാണെന്ന് തുറന്നെഴുതിയ ‘കല്‍ക്കത്ത ജേണലി’ന്റെ പത്രാധിപര്‍ ബെക്കിംഗ് ഹാമിനെ നാടുകടത്തി. ഈ പത്രത്തിലെ റിപ്പോര്‍ട്ടുകള്‍ രാജാ റാം മോഹന്‍ റോയ് തന്റെ സംവാദകൗമുദിയില്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ പിതാവ് എന്ന് രാജാ റാം മോഹന്‍ റോയിയെ തായാട്ട്് ശങ്കരന്‍ വിശേഷിപ്പിച്ചത് ഉചിതമാണ്. 1829ല്‍ ഇംഗ്ലീഷില്‍ ബംഗാള്‍ ഹെറാള്‍ഡും ബംഗാളിയില്‍ വംഗദൂതും റോയി നടത്തി. പേര്‍ഷ്യന്‍ ഭാഷയിലും അദ്ദേഹം പത്രം നടത്തി.

പൗരാവകാശങ്ങള്‍ക്കും ദേശീയ സ്വാതന്ത്ര്യത്തിനും വേണ്ടി പടവെട്ടാനുളള സമരായുധമായി പത്രത്തെ കണ്ട വലിയൊരു നിര നമുക്കുണ്ട്. 1919 ഏപ്രിലില്‍ ജാലിയന്‍ വാലാ ബാഗിലെ കൂട്ടക്കൊല നടന്ന മണ്ണില്‍ ഒരു പന്ത്രണ്ടു വയസ്സുകാരനെത്തുകയും ചോര മണം മാറും മുമ്പ് ആ മണ്ണിനെ ചുംബിക്കുകയും ഒരുപിടി വാരി വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ‘എന്റെ വാക്കും എഴുത്തും കര്‍മവും കൊലയാളികളായ വെളളക്കാര്‍ക്കെതിരെയായിരിക്കും ഇനി’ എന്ന് ആ സ്‌കൂള്‍ വിദ്യാര്‍ത്ഥി പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ 1924ല്‍ കാണ്‍പൂരിലെത്തി ‘പ്രതാപ്’പത്രത്തില്‍ ജേണലിസ്റ്റായി. തുടര്‍ന്ന് വര്‍ക്കേഴ്‌സ് ആന്‍ഡ് പെസന്റ്‌സ് മാസികയുടെ മുഖപത്രമായ ‘കീര്‍ത്തി’ മാസികയില്‍ തുടര്‍ച്ചയായി ബ്രിട്ടീഷ് വിരുദ്ധ ലേഖനങ്ങളെഴുതി. ഇങ്ങനെ വീര ഭഗത് സിംഗ് വീറുളള പത്രപ്രവര്‍ത്തകനുമായിരുന്നു. മഹാത്മാഗാന്ധി മുതല്‍ ഇഎംഎസ് വരെ സ്വാതന്ത്ര്യസമരത്തെ ജ്വലിപ്പിച്ച മഹാന്മാരായ പത്രാധിപന്മാരാണ്.

എങ്കിലും അന്നും നല്ലൊരു വിഭാഗം പത്രങ്ങള്‍ സ്വാതന്ത്ര്യസമരത്തെ അനുകൂലിച്ചിരുന്നില്ല. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ 75-ാം വര്‍ഷത്തിലും മാധ്യമമേഖലയിലെ ഈ ഇരു ധ്രുവ പ്രതിഭാസം തുടരുകയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് നാട്ടുകാരുടെ പത്രങ്ങളില്‍ ഏറിയകൂറും ഗവണ്മെന്റിന്റെ ദുര്‍നയങ്ങളെ തുറന്നുപറയാന്‍ മടിച്ചു. ഭരണകൂടം നീട്ടിയ രാജ്യദ്രോഹത്തിന്റെ കുരുക്ക് കണ്ട് പേടിച്ച് ആ നിലപാടില്‍ എത്തുകയായിരുന്നു നല്ലൊരു പങ്കും. ഈ അവസ്ഥ ഇന്നും വന്നുകൂടിയിരിക്കുകയാണ്. കേന്ദ്രഭരണകൂടത്തിന്റെ തൃക്കണ്ണ് തുറക്കുക എപ്പോള്‍ എന്ന പേടിയിലാണ് മാധ്യമങ്ങള്‍. ഈ അന്തരീക്ഷത്തില്‍ കുനിയാന്‍ സൂചന കാണിക്കുമ്പോള്‍ ഇഴയുന്ന അവസ്ഥ സ്വീകരിക്കുന്ന മെയ് വഴക്കവും മാധ്യമ ഉടമകള്‍ കാട്ടുന്നുണ്ട്.

സ്വാതന്ത്ര്യ വജ്രജൂബിലിയില്‍ വടക്കേ ഇന്ത്യന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്ത ചര്‍ച്ചാപരിപാടികള്‍ വിലയിരുത്തി ന്യൂസ് ലോണ്‍ട്രി പ്രസിദ്ധപ്പെടുത്തിയ വസ്തുതാപഠന റിപ്പോര്‍ട്ടില്‍
ദേശീയതാ ഷോകള്‍ ദേശതാല്പര്യത്തിന് ചേര്‍ന്നതല്ലെന്ന് ഓര്‍മപ്പെടുത്തുന്നു. ഏഴ് ചാനലുകളായി വന്ന പത്ത് പരിപാടികള്‍ പരിശോധിച്ചു. ദേശസ്‌നേഹം എന്ന പേരില്‍ വര്‍ഗീയ പ്രകോപനവും കേന്ദ്രസര്‍ക്കാര്‍ വിധേയത്വവും പ്രകടിപ്പിക്കുന്നു എന്നാണ് വിലയിരുത്തല്‍. ഈ പ്രവണതയ്ക്ക് മാറ്റം വരുത്താന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം. അതിനായി സ്വാതന്ത്ര്യസമരമൂല്യങ്ങളെ അയവിറക്കാനുളള അവസരമായി സ്വാതന്ത്ര്യവജ്ര ജൂബിലി വേള മാറട്ടെ.

ആര്‍.എസ്.ബാബു
എഡിറ്റര്‍-ഇന്‍-ചീഫ്