വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ചു

ഇന്ത്യന്‍ മാധ്യമലോകത്തെ ആവേശം കൊളളിച്ച പ്രധാന ഹെഡ്‌ലൈനുകളില്‍ ഒന്നാണ് എം.പി.വീരേന്ദ്ര കുമാറിന്റെ വേര്‍പാടോടെ മാഞ്ഞുപോയിരിക്കുന്നതെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

തന്റെ ജീവിതം സാര്‍ത്ഥകമായതുകൊണ്ട് സന്തോഷത്തോടെ യാത്രയാകുന്നു എന്നാണ് മരിക്കുന്നതിന് രണ്ടുനാള്‍ മുമ്പ് മകനോട് അദ്ദേഹം പറഞ്ഞത്. അതൊരു അവകാശവാദമല്ല. പ്രവര്‍ത്തി കൊണ്ട് സ്വന്തം ജന്മത്തെ സുകൃതമാക്കിയ കര്‍മ്മയോഗിയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരത്തിന്റെ ഉത്പന്നമായ മാതൃഭൂമിയെ ആ പാരമ്പര്യം ഏറെക്കുറെ കാത്തുസൂക്ഷിച്ചു കൊണ്ടുതന്നെ ആധുനികവത്ക്കരിച്ചു എന്നതാണ് അദ്ദേഹം നല്‍കിയ മൗലികസംഭാവനകളില്‍ ഒന്ന്. രാജ്യത്ത് ഇരുള്‍ പരക്കുന്ന ഏത് നേരത്തും വെളിച്ചത്തിന്റെ തിരിതെളിച്ച സാമൂഹ്യവിപ്ലവകാരിയായിരുന്നു. അതുകൊണ്ടാണ് വര്‍ഗ്ഗീയതയ്‌ക്കെതിരായ ആര്‍ജ്ജവത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ശബ്ദമായി അദ്ദേഹം മാറിയത്.

കരുണാകര ഭരണകാലത്ത് വയനാട്ടിലെ പൊലീസ് അതിക്രമം നിരന്തരം വാര്‍ത്തയാക്കിയ മാതൃഭൂമിയുടെ അന്നത്തെ ചുണക്കുട്ടിയായ ലേഖകന്‍ ജയചന്ദ്രനെ പൊലീസ് അറസ്റ്റുചെയ്ത് വയനാട്ടിലെ ലോക്കപ്പിലിട്ടപ്പോള്‍ മോചനത്തിനുവേണ്ടി മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് പോരാടിയ വീരേന്ദ്രകുമാറിന്റെ മുഖം മാധ്യമലോകത്തിന് മറക്കാനാവില്ല. മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാധ്യമ ചരിത്രയാത്രയ്ക്ക് കോഴിക്കോട് മാതൃഭൂമിയില്‍ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ വികാരനിര്‍ഭരമായ സ്വീകരണം ഒരുക്കിയ അനുഭവം വേറിട്ട ഒന്നായിരുന്നു.

മലയാള മാധ്യമലോകത്തെ കാരണവരായ വീരേന്ദ്രകുമാറിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും കേരള മീഡിയ അക്കാദമി രേഖപ്പെടുത്തുന്നു.