അറിവും അനുഭവങ്ങളും പങ്കുവച്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി പരിശീലന ക്യാമ്പ്
തൊടുപുഴ: അമിത മത്സരസ്വഭാവം മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് ഇടിവുതട്ടിക്കുന്നതായി മുനിസിപ്പല്‍ ചെയര്‍മാന്‍ എ.എം.ഹാരിദ്. മാധ്യമ വാര്‍ത്തകളാണ് യാഥാര്‍ത്ഥ്യം എന്നു കരുതുന്നവരുടെ എണ്ണം അനുദിനം കുറഞ്ഞുവരികയാണ്. കേരള മീഡിയാ അക്കാദമിയും ഇടുക്കി പ്രസ് ക്ലബ്ബും സംയുക്തമായി ജില്ലയിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തുന്ന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുനിസിപ്പല്‍ ചെയര്‍മാന്‍.
ലോകത്തെ ഞെട്ടിച്ച പല വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ ആരും അറിയാതെപോകുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മീഡിയാ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി ചൂണ്ടിക്കാട്ടി. സമീപകാലത്ത് ആഗോള ശ്രദ്ധയാകര്‍ഷിച്ച ബിഹാറിലെ കോപ്പിയടി പകര്‍ത്തിയത് ഒരു പ്രാദേശിക ഫോട്ടോഗ്രാഫറായിരുന്നു. അതിന് അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം വെറും 50 രൂപയാണ്.
വിശ്വാസ്യതയ്‌ക്കൊപ്പം ധാര്‍മ്മികതയും നിലനിര്‍ത്തിയില്ലെങ്കില്‍ അച്ചടിമാധ്യമങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാകുമെന്ന് മാധ്യമ രംഗത്തെ ധാര്‍മ്മികത എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് കേരള പ്രസ് അക്കാദമി മുന്‍ ചെയര്‍മാനും മാതൃഭൂമി റിട്ട.െഡപ്യൂട്ടി എഡിറ്ററുമായ എന്‍.പി.രാജേന്ദ്രന്‍ പറഞ്ഞു. വാര്‍ത്തകളില്‍ സത്യസന്ധതയ്‌ക്കൊപ്പം കൃത്യതയും ഉണ്ടാകാന്‍ ശ്രദ്ധിക്കണം.
മീഡിയാ അക്കാദമി സെക്രട്ടറി എം.എസ്.അലിക്കുഞ്ഞ്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ഹാരീസ് മുഹമ്മദ്, ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ എന്‍.രാജേഷ്, അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി എന്‍.പി.സന്തോഷ്, ഷൈനസ് എന്നിവര്‍ പ്രസംഗിച്ചു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ടി.കെ.രാജഗോപാല്‍(വാര്‍ത്തകളുടെ മലയാളം), ആര്‍.പാര്‍വതീദേവി(മാധ്യമങ്ങളിലെ സ്ത്രീ), മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ ഒ.കെ.മുരളീകൃഷ്ണന്‍(നിയമവും മാധ്യമങ്ങളും) ‘ അഡ്വ.ഡി.ബി.ബിനു(വിവരാവകാശം മാധ്യമപക്ഷ സാധ്യതകള്‍) എന്നിവര്‍ ക്ലാസ്സെടുത്തു.സമാപന സമ്മേളനത്തില്‍ ജലവിഭവമന്ത്രി പി.ജെ.ജോസഫ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു