കോവിഡ്: മാധ്യമങ്ങളുടെ പങ്ക് മാതൃകാപരം – ഡോ. ബി. ഇക്ബാല്‍
ഉത്തരവാദിത്ത പത്രപ്രവര്‍ത്തനത്തിന്റെ ഉത്തമമാതൃകയാണ് കോവിഡുകാലത്ത് മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നതെന്ന് സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗവും കോവിഡ് പ്രതിരോധ വിദഗ്ധസമിതി അധ്യക്ഷനുമായ ഡോ. ബി. ഇക്ബാല്‍ അഭിപ്രായപ്പെട്ടു. പുതിയ വെല്ലുവിളികളെ അതിജീവിച്ച് മനുഷ്യസമൂഹം മുന്നേറുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ റിപ്പോര്‍ട്ടിംഗ് പ്രതിസന്ധികളും വെല്ലുവിളികളും എന്ന വിഷയത്തില്‍ കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു ഡോ. ഇക്ബാല്‍. ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം. ആരോഗ്യ-ഭരണ വിഭാഗങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ പങ്കുവയ്ക്കാനും ഫലപ്രദമായ രീതിയില്‍ ഏകീകരിക്കാനും സംസ്ഥാനത്ത് നടക്കുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
രോഗവ്യാപനം നിയന്ത്രിതമാകാത്ത ഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാരുകളെ വിമര്‍ശിക്കുന്നതില്‍ മിതത്വം പാലിക്കണമെന്ന് ദ ടെലിഗ്രാഫ് പത്രാധിപര്‍ ആര്‍ രാജഗോപാല്‍ പറഞ്ഞു. അതിരുകടന്ന വിമര്‍ശനം രോഗപ്രതിരോധത്തിനായി പരിശ്രമിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കും. കോവിഡുകാലത്ത് കേരളം നടത്തിയ പ്രവര്‍ത്തനങ്ങളും രോഗനിയന്ത്രണം കൈകാര്യം ചെയ്തരീതിയും വ്യത്യസ്തമായിരുന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ റിസര്‍ച്ച് എഡിറ്ററും പ്രമുഖ മാധ്യമപ്രവര്‍ത്തകയുമായ രമാനാഗരാജന്‍ പറഞ്ഞു.
കേരള മീഡിയ അക്കാദമി മാധ്യമപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിച്ച രണ്ടാമത്തെ വെബിനാറില്‍ മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, സെക്രട്ടറി എന്‍.പി സന്തോഷ്, ഡയറക്ടര്‍ ഡോ.എം. ശങ്കര്‍, മീഡിയ അക്കാദമി ജേര്‍ണലിസം & കമ്യൂണിക്കേഷന്‍ വിഭാഗം ഫാക്കല്‍റ്റിയംഗം കെ.ഹേമലത എന്നിവര്‍ പങ്കെടുത്തു.