കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍ 2018 പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമിയുടെ 2018ലെ 6 മാധ്യമ അവാര്‍ഡുകള്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു പ്രഖ്യാപിച്ചു.25000 രൂപയും പ്രശസ്തിപത്രവും ശില്‍പവും ആണ് പുരസ്‌കാരം.
മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡിന് ദീപിക സബ്ബ് എഡിറ്റര്‍ ഷിജു ചെറുതാഴം അര്‍ഹനായി.അന്ധയും ബധിരയും മൂകയുമായിട്ടും പ്രതിസന്ധികളെ തട്ടിയെറിഞ്ഞ് മനോഹരമായി ജീവിക്കുന്ന സിംഷ്‌നയെന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ‘അച്ഛന്റെ മകള്‍ മലയാളിയുടെ ഹെലന്‍ കെല്ലര്‍’ എന്ന ലേഖനമാണ് ഷിജുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഡോ.സെബാസ്റ്റ്യന്‍ പോള്‍, മാടവന ബാലകൃഷ്ണപിള്ള , സരിതവര്‍മ്മ എന്നിവരായിരുന്നു വിധിനിര്‍ണ്ണയ സമിതിയംഗങ്ങള്‍ .
മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന് കേരള പ്രണാമം പത്രത്തിന്റെ ലേഖകന്‍ കൊളവേലി മുരളീധരന്‍ അര്‍ഹനായി. കേരളത്തിലെ പൊക്കാളി പാടശേഖരങ്ങളില്ലാതാകുന്നതിനെ പറ്റിയുള്ള ‘പൊന്‍കതിര്‍ തേടുന്ന പൊക്കാളിപ്പാടങ്ങള്‍ ‘എന്ന പരമ്പരയാണ് ഇദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്.വി. ഇ. ബാലകൃഷ്ണന്‍,ഗീത നസീര്‍ .എസ് നാസര്‍ എന്നിവരായിരുന്നു വിധി നിര്‍ണ്ണയ സമിതിയംഗങ്ങള്‍.
മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡിന് തത്‌സമയം ദിനപത്രത്തിലെ കെ.സി റിയാസ് അര്‍ഹനായി. ‘അസ്വാഭാവിക മാറ്റങ്ങളും പ്രളയാനന്തര കരുതലും’ എന്ന എഡിറ്റോറിയലാണ് ഇദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കെ.ജി പരമേശ്വരന്‍ നായര്‍, കെ. ഇ എന്‍ കുഞ്ഞഹമ്മദ്, കെ.ആര്‍ ബീന എന്നിവരടങ്ങുന്ന കമ്മറ്റിയാണ് വിധിനിര്‍ണ്ണയം നടത്തിയത്.
മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡിന് മാതൃഭൂമി ദിനപത്രത്തിലെ സബ് എഡിറ്റര്‍ അനു എബ്രഹാം അര്‍ഹനായി. പകര്‍ച്ചവ്യാധികളും വൈറസുകളും ആരോഗ്യ രംഗത്ത് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുമ്പോഴും ഈ രംഗത്ത് ഗവേഷണങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാണിക്കുന്ന ‘പാഠം പഠിക്കാത്ത ആരോഗ്യകേരളം ‘എന്ന അന്വേഷണാത്മക പരമ്പരയാണ് അനുവിനെ അവാര്‍ഡിനര്‍ഹനാക്കിയത്. എന്‍ പി രാജേന്ദ്രന്‍, ഡോക്ടര്‍ സുജ സൂസന്‍ ജോര്‍ജ്, ഡോ.എസ്.ആര്‍ സഞ്ജീവ് എന്നിവരായിരുന്നു വിധി നിര്‍ണ്ണയ സമിതിയംഗങ്ങള്‍ .
മികച്ച ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള മീഡിയ അക്കാദമി അവാര്‍ഡിന് മലയാള മനോരമ ചീഫ് ഫോട്ടോഗ്രഫര്‍ റിജോ ജോസഫ് അര്‍ഹനായി.കേരളം നേരിട്ട പ്രളയത്തിന്റെ ഭീകരതയും ഒരു ജീവന്‍ രക്ഷിക്കാനുള്ള പോരാട്ടവും ഒരുപോലെ അനുഭവവേദ്യമാക്കുന്ന ‘നെഞ്ചിടിപ്പോടെ ‘എന്ന ചിത്രമാണ് ഇദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ശിവന്‍, ചിന്താ ജെറോം, സി.രതീഷ്‌കുമാര്‍ എന്നിവരായിരുന്നു വിധി നിര്‍ണ്ണയ കമ്മറ്റിയംഗങ്ങള്‍ .
മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിനുള്ള കേരള മീഡിയ അക്കാദമി അവാര്‍ഡിന് മീഡിയവണ്‍ ടി വിയിലെ സീനിയര്‍ പ്രൊഡ്യൂസര്‍ സോഫിയ ബിന്ദ് കെ.പി അര്‍ഹയായി. ഹരിയാനയിലെ വധുക്കളായി ചെന്നെത്തുന്ന മലയാളി പെണ്‍കുട്ടികളുടെ കഥപറയുന്ന ‘ആണ്‍ നാട്ടിലെ പെണ്ണതിഥികള്‍ ‘എന്ന പരിപാടിയാണ് സോഫിയയെ അവാര്‍ഡിനര്‍ഹയാക്കിയത്. ടി.കെ രാജീവ് കുമാര്‍ , ഡോ. നീതു സോന, ജേക്കബ്ബ് പുന്നൂസ് എന്നിവരടങ്ങിയ കമ്മറ്റിയാണ് വിധി നിര്‍ണ്ണയം നടത്തിയത്.